കണ്ണൂര്‍: തലശ്ശേരിയില്‍ മദ്യലഹരിയില്‍ എസ്ഐയെ ആക്രമിച്ച റസീനക്കെതിരെ വിവിധ സ്റ്റേഷനുകളിലായി അഞ്ചിലധികം കേസുകള്‍. പതിവായി പ്രശ്നക്കാരിയായ യുവതി ഇക്കുറി അഴിക്കുള്ളിലായത് വനിതാ എസ്ഐയെ കൈയേറ്റം ചെയ്തതോടെയാണ്. റസീന റിമാന്‍ഡിലാണിപ്പോള്‍. കഴിഞ്ഞ ദിവസം മദ്യപിച്ച് പ്രശ്നമുണ്ടാക്കിയ റസീനയെ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് എസ്ഐയെ ചവിട്ടിയത്. ശുചിമുറിയിലേക്ക് പോകാന്‍ സഹായിച്ചപ്പോഴും ഉദ്യോഗസ്ഥയെ ഇവര്‍ ആക്രമിച്ചു. കഴിഞ്ഞ വര്‍ഷം നവംബര്‍ 30ന് മാഹി പന്തക്കലില്‍ മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ ശേഷമുള്ള റസീനയുടെ പ്രകടനം അന്ന് വലിയ വാര്‍ത്തയായിരുന്നു.
നാട്ടുകാരെ അസഭ്യം പറഞ്ഞതും ചോദ്യം ചെയ്ത യുവാവിന്റെ ഫോണ്‍ എറിഞ്ഞുടച്ചതുമെല്ലാം വീഡിയോ സഹിതം പുറത്ത് വന്നിരുന്നു. ലഹരിയില്‍ റസീനയുടെ തല്ലുമാല എപ്പിസോഡുകള്‍ ഒരുപാടുണ്ട്. തലശ്ശേരി, ന്യൂമാഹി, പിണറായി, കണ്ണൂര്‍ സിറ്റി, മട്ടന്നൂര്‍ സ്റ്റേഷനുകളിലായി വിവിധ കേസുകള്‍ ഇവര്‍ക്കെതിരെയുണ്ട്. മിക്കതും മദ്യപിച്ച് പ്രശ്നമുണ്ടാക്കിയത് തന്നെയാണ്. കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം കാറില്‍ കീഴ്വന്തിമുക്കിലെത്തി ബഹളമുണ്ടാക്കി.
നാട്ടുകാരുമായി കോര്‍ത്തു. ഒരാളെ ചവിട്ടി. പൊലീസ് നോക്കിനില്‍ക്കെയായിരുന്നു സംഭവം. പിന്നീട് തലശ്ശേരി എസ്ഐ ദീപ്തി സ്ഥലത്തെത്തി. റസീനയെ കസ്റ്റഡിയിലെടുത്തു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു. ജീപ്പില്‍ നിന്ന് ഇറക്കുമ്പോള്‍ റസീന എസ്ഐക്ക് നേരെ തിരിഞ്ഞു. മുഖത്തടിച്ചു. ചവിട്ടി. ബലം പ്രയോഗിച്ച് റസീനയെ കീഴ്പ്പെടുത്തി എസ്ഐയും രണ്ട് പൊലീസുകാരും ആശുപത്രി മുറിയിലാക്കി. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ശുചിമുറിയില്‍ പോകണമെന്ന് റസീന ആവശ്യപ്പെട്ടു.
എസ്ഐ ദീപ്തി സഹായിക്കാനെത്തി. ശുചിമുറിയിലേക്ക് കൊണ്ടുപോകും വഴി വീണ്ടും എസ്ഐയെ ചവിട്ടി. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥയെ മര്‍ദിച്ചതിനും കേസെടുത്ത് റസീനയെ അറസ്റ്റ് ചെയ്തു. 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
നേരത്തെയുള്ള കേസുകളില്‍ സ്റ്റേഷന് ജാമ്യത്തില്‍ എളുപ്പം ഇറങ്ങിയിരുന്നു റസീന. പരാതിയുമായി ആളുകള്‍ അധികം എത്തിയതുമില്ല. എന്നാല്‍ വനിതാ എസ്ഐയെ ആക്രമിച്ചതോടെ ഇത്തവണ പെട്ടു, ജയിലിലുമായി. സ്ഥിരം പ്രശ്നക്കാരിയെന്ന കുപ്രസിദ്ധിയാണ് കൂളിബസാര് സ്വദേശിയായ റസീനക്ക് തലശ്ശേരിയില്‍ ഉള്ളത്.
യുവതി ഇതിനുമുന്‍പും പലയിടത്തും ബഹളമുണ്ടാക്കിയിരുന്നു. അപ്പോഴൊക്കെ മദ്യപിച്ച് ബഹളം വെച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുത്ത് പൊലീസ് ജാമ്യം നല്കി വിടാറാണ് പതിവ്. ഉന്നത ഇടപെടലിനെത്തുടര്‍ന്ന് യുവതിയെ വിട്ടയക്കുന്നുവെന്നായിരുന്നു ആളുകളുടെ പരാതി. മിക്കപ്പോഴും രാത്രിയിലാണ് ഇവര്‍ പൊതുസ്ഥലത്തിറങ്ങി ബഹളം വെക്കാറുള്ളത്. തലശ്ശേരിയിലും മാഹിയിലുമായി യുവതിക്കെതിരേ നേരത്തേ പരാതിയുണ്ടായിരുന്നു.