KeralaNEWS

ശബരിമലയില്‍ ട്രാക്ടര്‍ മറിഞ്ഞ് അപകടം; പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിലേക്ക് മാറ്റി

പത്തനംതിട്ട: ശബരിമലയില്‍ ട്രാക്ടര്‍ മറിഞ്ഞ് അപകടം. പാണ്ടി താവളത്തിന് സമീപമുള്ള മാഗുംണ്ട അയ്യപ്പ നിലയത്തിന് മുന്‍പിലാണ് അരി കയറ്റി വന്ന ട്രാക്ടര്‍ മറിഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവര്‍ അടക്കം എട്ടുപേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.

അതേസമയം, ശബരിമല മണ്ഡല പൂജയ്ക്കുമുന്നോടിയായി തങ്ക അങ്കി ഘോഷയാത്ര ചൊവ്വാഴ്ച വൈകിട്ടോടെ സന്നിധാനത്തെത്തും. തങ്ക അങ്കി ചാര്‍ത്തിയ അയ്യപ്പനെ കാണാന്‍ വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് തങ്ക അങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ആരംഭിച്ചത്.

Signature-ad

ഘോഷയാത്ര ഉച്ചയോടെ പമ്പയിലെത്തും. ശരംകുത്തിയില്‍ ദേവസ്വം ബോര്‍ഡ് ഔദ്യോഗിക സ്വീകരണം നല്‍കും. 6.15-ന് സന്നിധാനത്തെത്തിയശേഷം, 6.30-ന് തങ്ക അങ്കി ചാര്‍ത്തിയുള്ള മഹാദീപാരാധന നടക്കും. ബുധനാഴ്ച രാവിലെ 10.30-നും 11.30-നുമിടയ്ക്കാണ് മണ്ഡലപൂജ. 27-ന് അടയ്ക്കുന്ന നട, മകരവിളക്ക് ഉത്സവത്തിനായി 30-ന് അഞ്ചുമണിക്ക് തുറക്കും.

തങ്ക അങ്കി ഘോഷയാത്ര എത്തുന്നതിനാല്‍ ഉച്ചയ്ക്ക് ഒരുമണി മുതല്‍ മലചവിട്ടുന്നതിന് നിയന്ത്രണമുണ്ടാവും. സന്നിധാനത്ത് തിരക്ക് നിയന്ത്രണവിധേയമാണെങ്കിലും ഇവിടേക്കുള്ള വഴികളില്‍ തീര്‍ഥാടകരുടെ നിര നീണ്ടുതന്നെ തുടരുകയാണ്.

പമ്പ മുതല്‍ സന്നിധാനം വരെ ഭക്തരെ ഘട്ടംഘട്ടമായാണ് കടത്തിവിടുന്നത്. 15 മണിക്കൂര്‍ വരെ ദര്‍ശനത്തിനായി കാത്തിരിക്കേണ്ടിവരുന്നുണ്ട്. ദര്‍ശനം നടത്തിയ തീര്‍ഥാടകര്‍ മലയിറങ്ങാന്‍ വൈകുന്നത് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.

കഴിഞ്ഞ ദിവസം പ്രത്യേക സിറ്റിങ് നടത്തിയ ഹൈക്കോടതി ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് നടപടി ആവശ്യപ്പെട്ടിരുന്നു. ആവശ്യമെങ്കില്‍ ഡിജിപി നേരിട്ട് ഇടപെടണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

 

 

Back to top button
error: