ഇടുക്കി: വധശ്രമ കേസിലെ പ്രതികളുടെ ബന്ധുക്കളില്‍ നിന്നും 10,000 രൂപ കൈക്കൂലി വാങ്ങിയ എസ്ഐക്ക് സസ്പെന്ഷന്.
ഉപ്പുതറ എസ്ഐ: കെ.ഐ നസീറിനെയാണ് എറണാകുളം റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ സസ്പെന്‍ഡ് ചെയ്തത്.
ഉപ്പുതറ സിഐ സ്ഥലം മാറിപ്പോയ ഒഴിവിലാണ് കട്ടപ്പന എസ്ഐ ആയിരുന്ന നസീറിന് സ്റ്റേഷന് ഹൗസ് ഓഫീസറുടെ താര്‍ക്കാലിക ചുമത ലഭിച്ചത്. ഇതിനിടെയാണ് ഇയാള്‍ പ്രതികളുടെ ബന്ധുക്കളില്‍ നിന്ന് കൈക്കൂലി വാങ്ങിയത്.
എസ്ഐ കൈക്കൂലി വാങ്ങിയ പുറത്തുവന്നതോടെ രഹസ്യാന്വേഷണ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്കി. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കട്ടപ്പന ഡിവൈഎസ്പി യോട് റിപ്പോര്‍ട്ട് തേടി. ഡിവൈഎസ്പിയുടെ അന്വേഷണത്തില്‍ എസ്ഐ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തി. ഇതു വ്യക്തമാക്കി നല്കിയ റിപ്പോര്‍ട്ടിലാണ് ബുധനാഴ്ച എസ്ഐയെ സസ്പന്‍ഡു ചെയ്തു കൊണ്ട് ഉത്തരവിറങ്ങിയത്.
കഴിഞ്ഞ 13ന് വൈകിട്ട് മേരികുളം ടൗണിനു സമീപം വാഹനത്തില്‍ മദ്യപിച്ചു കൊണ്ടിരുന്നത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷമുണ്ടാകുകയും രണ്ടു പേര്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് സമീപവാസിയായ വീട്ടുടമസ്ഥന് എതിരെ പോലീസ് കേസെടുത്തു.
അന്വേഷണത്തില്‍ അനുകൂലമായ റിപ്പോര്‍ട്ട് നല്‍കണമെന്ന ആവശ്യവുമായി പ്രതിയുടെ ബന്ധുക്കള്‍ 16 ന് സ്റ്റേഷനില്‍ എത്തി എസ്.ഐ.യെ സമീപിച്ചു. താമസസ്ഥലത്തു എത്താന്‍ നിര്‍ദ്ദേശിക്കുകയും അവിടെ വച്ച് 10000 രൂപ എസ്ഐ വാങ്ങി. പിറ്റേന്ന് പ്രതി കീഴടങ്ങി റിമാന്‍ഡിലാകുകയും ചെയ്തു. എന്നാല്‍ കൈക്കൂലി നല്കിയ വിവരം പ്രതിയുടെ ബന്ധുക്കളില്‍ നിന്ന് പുറത്തുപോകുകയായിരുന്നു.