CrimeNEWS

ഡോ.റുവൈസിന്റെ ഫോണിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍; ഒളിവില്‍ പോകാനും ശ്രമം

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ഥിനി ഡോക്ടര്‍ ഷഹ്ന ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തും സഹഡോക്ടറുമായ കൊല്ലം സ്വദേശി ഡോ.ഇ.എ.റുവൈസിന്റെ മൊബൈല്‍ ഫോണിലെ മെസേജുകള്‍ ഡിലീറ്റ് ചെയ്ത നിലയില്‍. ഡോ. ഷഹ്നയ്ക്ക് അയച്ച മെസേജുകളാണ് ഡിലീറ്റ് ചെയ്തിരിക്കുന്നത്. പൊലീസ് ഫോണ്‍ പിടിച്ചെടുത്ത് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഫോണ്‍ വിശദമായ സൈബര്‍ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

കേസില്‍ കുരുങ്ങുമെന്ന് ഉറപ്പായതോടെ മുന്‍കൂര്‍ ജാമ്യം തേടാനുള്ള നീക്കം നടത്തുന്നതിനിടെയാണ് ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ഒളിവില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്നു ഇയാളെന്നും വിവരമുണ്ട്. കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തെ ഹോസ്റ്റലിലും വീട്ടിലും റുവൈസിനെ തിരഞ്ഞ് പൊലീസ് എത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. നിലവില്‍ കസ്റ്റഡിയിലുള്ള ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Signature-ad

ഷഹ്നയുമായി അടുപ്പത്തിലായിരുന്ന ഡോക്ടര്‍ വന്‍തുക സ്ത്രീധനം ചോദിച്ചെന്നും നല്‍കിയില്ലെങ്കില്‍ വിവാഹം നടക്കില്ലെന്ന് അറിയിച്ചെന്നുമുള്ള ഷഹ്നയുടെ ബന്ധുക്കളുടെ മൊഴിയെത്തുടര്‍ന്നാണു കേസ്. സ്ത്രീധനനിരോധന നിയമം, ആത്മഹത്യാപ്രേരണ എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഷഹ്നയുടെ മുറിയില്‍നിന്നു കണ്ടെടുത്ത കുറിപ്പില്‍ സ്ത്രീധന പ്രശ്‌നത്തെക്കുറിച്ച് പരാമര്‍ശമോ ആര്‍ക്കെങ്കിലും എതിരെ ആരോപണമോ ഇല്ലാത്തതിനാല്‍ അസ്വാഭാവിക മരണത്തിനു മാത്രമാണ് നേരത്തെ കേസെടുത്തിരിക്കുന്നത്. ‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ്…’ ഇതായിരുന്നു കുറിപ്പിലെ ഉള്ളടക്കം.

വെഞ്ഞാറമൂട് മൈത്രി നഗര്‍ നാസ് മന്‍സിലില്‍ പരേതനായ അബ്ദുല്‍ അസീസിന്റെയും ജലീല ബീവിയുടെയും മകള്‍ ഡോ.എ.ജെ.ഷഹ്നയെ (26) തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളജിനു സമീപത്തെ ഫ്‌ലാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

റുവൈസുമായുള്ള ഷെഹ്നയുടെ വിവാഹത്തിന് ഇരുവരുടെയും വീട്ടുകാര്‍ സമ്മതിച്ചിരുന്നെന്നാണു ഷഹ്നയുടെ ബന്ധുക്കള്‍ പറയുന്നത്. ഇതിനിടെ വരന്റെ വീട്ടുകാര്‍ വന്‍തുക സ്ത്രീധനം ആവശ്യപ്പെട്ടെന്നും താങ്ങാവുന്നതില്‍ അപ്പുറത്തുള്ള തുകയായിരുന്നതിനാല്‍ വിവാഹം മുടങ്ങിയെന്നും ഇതു ഷഹ്നയെ മാനസികമായി തളര്‍ത്തിയെന്നുമാണു ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞത്.

കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായ റുവൈസിനെ സ്ഥാനത്തുനിന്നു നീക്കിയതായി സംഘടന അറിയിച്ചു. ഷഹ്നയുടെ മരണത്തിനു പിന്നില്‍ സ്ത്രീധനമാണെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ വനിതാ ശിശുക്ഷേമ വകുപ്പ് ഡയറക്ടറോട് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു. സംസ്ഥാന വനിത കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി വീടു സന്ദര്‍ശിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സ്വമേധയാ കേസെടുത്തതായി ചെയര്‍മാന്‍ എ.എ.റഷീദ് അറിയിച്ചു.

Back to top button
error: