CrimeNEWS

പോലീസ് വേഷത്തില്‍ വിലങ്ങിട്ട് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; സസ്‌പെന്‍ഷനിലായ പോലീസുകാരനടക്കം 2 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കാട്ടാക്കടയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസുകാരന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. പോലീസുകാരാനായ നെടുമങ്ങാട് സ്വദേശി വിനീത്, സുഹൃത്ത് അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്.

സാമ്പത്തിക തട്ടിപ്പ് കേസില്‍ വിനീത് സസ്‌പെന്‍ഷനിലായിരുന്നു. ടൈല്‍സ് കട നടത്തി നഷ്ടത്തിലായ വിനീത് പണത്തിന് വേണ്ടിയാണ് പൂവച്ചലിലെ വ്യാപാരിയും സോണി ഏജന്‍സീസ് ഉടമയുമായ മുജീബിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. മറ്റൊരു പോലീസുകാരന്റെ കാറാണ് തട്ടികൊണ്ട് പോകാന്‍ വാടകക്കെടുത്തത്. ഈ കാറും കാട്ടാക്കട പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Signature-ad

വാഹന പരിശോധനക്കെന്ന പേരിലാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി പോലീസ് വേഷത്തിലെത്തിയ പ്രതികള്‍ ഇലക്ട്രോണിക് സ്ഥാപന ഉടമയായ മുജീബിന്റെ കാര്‍ കൈ കാണിച്ചു നിര്‍ത്തിയത്. ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ട സംഘം മുജീബിന്റെ കൈയില്‍ വിലങ്ങുവച്ച് കാറിന്റെ സ്റ്റിയറിംഗില്‍ ബന്ധിക്കുകയായിരുന്നു. കാറിന്റെ താക്കോലെടുത്ത് ലോക്ക് ചെയ്ത് കീ കാറില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. ഇതോടെ മുജീബ് കാറിന്റെ ഹോണ്‍ നിറുത്താതെ മുഴക്കി. ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിക്കൂടിയപ്പോഴാണ് മുജീബ് കുടുങ്ങി കിടക്കുന്നത് കണ്ടത്. മുജീബ് സംഭവിച്ച കാര്യങ്ങള്‍ വിശദീകരിച്ചതോടെ നാട്ടുകാര്‍ കാട്ടാക്കട പോലീസിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ പോലീസിന്റെ കൈയിലുണ്ടായിരുന്ന താക്കോല്‍ ഉപയോഗിച്ച് ഏറെ പണിപ്പെട്ട് വിലങ്ങഴിക്കുകയായിരുന്നു.

Back to top button
error: