MovieNEWS

കിരീടത്തിന്റെ സ്‌ക്രിപ്‌റ്റെഴുതിയത് മൂന്ന് ദിവസം കൊണ്ട്! കുളിക്കാതെ ഉണ്ണാതെ ഉറങ്ങാതെ…

ലയാളികളുടെ ഉള്ളു തൊട്ട തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസ് വിടപറഞ്ഞിട്ട് പതിനാല് വര്‍ഷം. മഹാപ്രതിഭയുടെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണിപ്പോള്‍ സിനിമ പ്രേക്ഷകരും. ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി 1989 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കിരീടം. ഇന്നും മലയാള സിനിമ പ്രേക്ഷകരുടെ ഫേവറീറ്റ് ലിസ്റ്റില്‍ ആദ്യ സ്ഥാനത്തു തന്നെയുണ്ട് കിരീടവും. സേതുമാധവനായി മോഹന്‍ലാല്‍ ജീവിക്കുകയായിരുന്നു ചിത്രത്തില്‍.

തിലകന്‍, പാര്‍വതി, മുരളി, മോഹന്‍രാജ് തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ചിത്രത്തിലെ ഓരോ ഡയലോഗും പ്രേക്ഷകര്‍ക്കിന്നും കാണാപാഠമാണ്. ഇത്രയധികം ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ സേതുമാധവനെപ്പോലെയൊരു കഥാപാത്രത്തെ പിന്നീടൊരിക്കലും മലയാളികള്‍ കണ്ടിട്ടില്ല. അത്രയ്ക്ക് ഗംഭീരവും ആഴമേറിയതും മൂര്‍ച്ചയുള്ളതുമായിരുന്നു ലോഹിതദാസിന്റെ സേതു. ഇപ്പോഴിത കിരീടത്തേക്കുറിച്ച് ലോഹിതദാസ് മുന്‍പൊരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാകുകയാണ്.

Signature-ad

”ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും കുറച്ച് സമയം കൊണ്ടെഴുതിയ സ്‌ക്രിപ്റ്റ് ആയിരുന്നു കിരീടം. ഏതാണ്ട് മൂന്ന് ദിവസം കൊണ്ടാണ് കിരീടത്തിന്റെ സ്‌ക്രിപ്റ്റ് ഞാനെഴുതി തീര്‍ത്തത്. ഒരേയിരുപ്പില്‍ ഫുള്‍ സ്‌ക്രിപ്റ്റ് എഴുതി. കുളിക്കാതെ ഭക്ഷണം കഴിക്കാതെ ഇങ്ങനെ രാവും പകലും ഇരുന്ന് എഴുതി. ഒന്നാമതെ എനിക്ക് കഥയുടെ വൈകാരികത എനിക്ക് എഴുതേണ്ട കാര്യമില്ല, പേന വച്ചു കൊടുത്താല്‍ മതി, അതെഴുതി കൊണ്ടേയിരിക്കും. അങ്ങനെ എഴുതി തീര്‍ത്തതാണ്. സെക്കന്റ് ഹാഫ് ഏതാണ്ട് ഒന്നര ദിവസമെടുത്തു എഴുതാന്‍. കഥാപാത്രങ്ങള്‍ എങ്ങനെ പോകുന്നു എങ്ങനെ സഞ്ചരിക്കുന്നു എങ്ങനെയായി തീരും, പലപ്പോഴും സിബി ചോദിക്കും എന്തായിരിക്കും ഇതിന്റെ ക്ലൈമാക്‌സ് എന്ന്.

അറിയില്ല, ക്ലൈമാക്‌സ് എങ്ങനെയാണ് വരുന്നേയെന്ന് വച്ചാല്‍ അതുപോലെയെ വരൂ. ക്ലൈമാക്‌സ് നമ്മള്‍ പ്ലാന്‍ ചെയ്ത് ഫിക്‌സ് ചെയ്യാറില്ല. അത് ഈ കഥാപാത്രങ്ങളുടെ പിന്നാലെ സഞ്ചരിച്ച് അവരെ പകര്‍ത്തുകയാണ് ചെയ്യുന്നത്” -ലോഹിതദാസ് പറയുന്നു. കിരീടത്തിന്റെ ക്ലൈമാക്‌സ് മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച ക്ലൈമാക്‌സ് രംഗങ്ങളിലൊന്നാണ്. ചിത്രത്തിന് പിന്നീട് ചെങ്കോല്‍ എന്ന പേരില്‍ രണ്ടാം ഭാഗവുമെത്തിയിരുന്നു.

”ദാ കണ്ടോ ആ തെരുവിലാണ് സേതുമാധവന് എല്ലാം നഷ്ടപ്പെട്ടത്, സ്വപ്നങ്ങളും ജീവിതങ്ങളുമെല്ലാം, എന്നിട്ടൊരു കിരീടം വച്ച് തന്നു”- ചെങ്കോലില്‍ സേതുമാധവന്‍ പറയുന്ന ഈ ഡയഗോല് പ്രേക്ഷക മനസിലും ഒരു വലിയ വിങ്ങലാണുണ്ടാക്കുന്നത്. മോഹന്‍ലാല്‍ എന്ന നടനെ അതുവരെ കാണാത്ത തലത്തിലേക്ക് ഉയര്‍ത്തിയ സിനിമ കൂടിയായിരുന്നു കിരീടവും ചെങ്കോലും. നാട്ടില്‍ പറഞ്ഞു കേട്ടൊരു കഥയില്‍ നിന്നാണ് ലോഹിതദാസ് സേതുമാധവനേയും കീരിക്കാടന്‍ ജോസിനേയും സൃഷ്ടിച്ചത്.

Back to top button
error: