ലഹരി വിളയുന്ന വഴിയോരങ്ങള്‍…
വനമേഖലകളില്‍ മാത്രം ഒതുങ്ങിയിരുന്ന കഞ്ചാവ് കൃഷി ഇപ്പോഴിതാ റോഡരികിലേക്ക്. വേറെങ്ങുമല്ല നമ്മുടെ എറണാകുളത്ത്. എക്‌സൈസിനെ ഒരു പോലെ ഞെട്ടിച്ചിരിക്കുകയാണ് ഈ കൃഷി രീതി. എറണാകുളം തൃപ്പൂണിത്തുറ പ്രദേശങ്ങളില്‍ കഴിഞ്ഞ മാസം ഒന്നാം തിയതി മുതല്‍ അഞ്ചിലേറെ സ്ഥലങ്ങളിലാണ് റോഡരികില്‍ നിന്ന് കഞ്ചാവ് ചെടികള്‍ കണ്ടെടുത്തത്. റോഡരികില്‍ മറ്റ് ചെടികളും നില്‍ക്കുന്നതിനാല്‍ പെട്ടെന്ന് ആര്‍ക്കും തന്നെ ഇവയെ കണ്ടെത്താന്‍ സാധിക്കില്ല.
കഴിഞ്ഞ ദിവസം ഉദയംപേരൂര്‍ കണ്ടനാട് ഭാഗത്ത് വിശുദ്ധ മാര്‍ത്ത മറിയും പളളിയുടെ സമീപം തിരക്കേറിയ റോഡരികില്‍ നില്‍ക്കുന്ന ചെടികള്‍ കണ്ട് സംശയം തോന്നിയ നാട്ടുകാരില്‍ ഒരാള്‍ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു പറഞ്ഞതോടെയാണ് രണ്ട് കഞ്ചാവ് ചെടികള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. സമീപത്ത് ജമന്തി ഉള്‍പ്പെടെയുളള ചെടികള്‍ നില്‍ക്കുന്നതിനാല്‍ സാധാരണക്കാരന് വേഗം കഞ്ചാവ് ചെടി ശ്രദ്ധയില്‍ പെടില്ല. പിന്നീടങ്ങോട്ടുളള പോലീസിന്റെ അന്വേഷണം റോഡരികിലെ ചെടികളിലേക്കായി. തൃപ്പൂണിത്തറ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് നാല് ചെടികളാണ് കണ്ടെത്തിയത്. തിരുവാങ്കുളത്ത് നിന്ന് ഏഴ് ചെടികള്‍, കിടങ്ങ് ഷാപ്പ് പരിസരത്തുള്ള റോഡ്, ഉദയംപേരൂര്‍ ഗ്യാസ് ബോട്ടിലിങ് പ്ലാന്റിനു സമീപത്തുള്ള റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെല്ലാം കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ തന്നെ കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ സംഘമാണു വഴിയോരത്തെ കഞ്ചാവ് കൃഷിക്കു പിന്നിലെന്നാണ് മനസ്സിലാക്കുന്നത്.
നട്ടാല്‍ ആറു മുതല്‍ എട്ടു മാസംകൊണ്ട് പൂര്‍ണവളര്‍ച്ചയെത്തി പൂവിടുന്ന ചെടിയാണ് കഞ്ചാവ്. ജലാംശവും വളക്കൂറുമുള്ള വഴിയോര പ്രദേശമാണ് സംഘം ചെടി നടാന്‍ തിരഞ്ഞെടുത്തിരുന്നത്. ചെടി വളര്‍ന്നു കഴിഞ്ഞാല്‍ വെട്ടിയെടുത്ത് ഉണക്കി ഉപയോഗിക്കാന്‍ ആയിരുന്നിരിക്കണം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ശ്രമം. കേരളത്തില്‍ ചെറുകിട കൃഷിയായിരുന്നതെങ്കില്‍ ഇപ്പോള്‍ നൂറുമുതല്‍ അഞ്ഞൂറുവരെ ഏക്കറുകളിലാണ് കൃഷി.
ആദ്യഘട്ടത്തില്‍ ചെടികള്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ പ്രതികളായി ആരെയും തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കിലും അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.