സുഗന്ധ വ്യഞ്ജന മസാല പരസ്യത്തിൽ സ്ഥിരം കാണുന്ന ഒരു വൃദ്ധനെ ഓർമയില്ലേ ?എപ്പോഴും ചിരിച്ച് ,മീശ പിരിച്ച് വച്ച് ,ചുവന്ന തലപ്പാവ് കെട്ടിയ ഒരു അമ്മാവനെ .ആ പരസ്യത്തിലെ മോഡൽ ഒരു വലിയ വ്യവസായ സ്ഥാപനത്തിന്റെ ഉടമ ആയിരുന്നു .എം ഡി എച്ച് സ്‌പൈസസ് ഉടമ ധരംപാൽ ഗുലാത്തി.അദ്ദേഹം ഇന്ന് അന്തരിച്ചു .98 വയസായിരുന്നു .
തന്റെ തന്നെ മസാല ബ്രാൻഡുകൾക്ക് മോഡൽ ആയാണ് ഇന്ത്യൻ ടെലിവിഷൻ പ്രേക്ഷകർക്ക് ഗുലാത്തി സുപരിചിതൻ ആകുന്നത് .2017 എക്കണോമിക് ടൈംസ് റിപ്പോർട്ട് പ്രകാരം പെട്ടെന്ന് വിറ്റഴിക്കപ്പെടുന്ന ഉത്പന്ന മേഖലയിൽ ഏറ്റവുമധികം ശമ്പളം പറ്റുന്ന സിഇഒ ആയിരുന്നു ഗുലാത്തി .അന്ന് അദ്ദേഹത്തിന് 94 വയസായിരുന്നു .ഐ ടി സി കമ്പനി സി ഇ ഒയ്ക്ക് പോലും അന്ന് ഇത്ര ശമ്പളം ഉണ്ടായിരുന്നില്ല .21 കോടി ആയിരുന്നു അന്ന് ഗുലാത്തിയുടെ ശമ്പളം .
1923 ൽ പാകിസ്താനിലെ സിയാൽകോട്ടിൽ ആയിരുന്നു ഗുലാത്തിയുടെ ജനനം .ഡൽഹിയിൽ അച്ഛനെ മസാല കച്ചവടത്തിൽ സഹായിക്കാൻ അഞ്ചാം ക്ലാസിൽ വച്ച് പഠനം നിർത്തി .ചുന്നി ലാൽ ഗുലാത്തി തുടങ്ങി വച്ച എം ഡി എച്ച് സ്‌പൈസസ് കമ്പനി എന്ന ചെറിയ സ്ഥാപനത്തെ കോടികളുടെ ആസ്തിയുള്ള കമ്പനിയാക്കി മാറ്റിയത് മകൻ ധരംപാൽ ഗുലാത്തിയാണ് .
കരോൾബാഗിലെ ചെറിയ കടയിൽ ആയിരുന്നു തുടക്കം .പിന്നീട് ചാന്ദിനി ചൗക്കിൽ ഒരു കട കൂടി തുടങ്ങി .ഇന്നിപ്പോൾ നൂറിലധികം രാജ്യങ്ങളിലേക്ക് സുഗന്ധ വ്യഞ്ജന ഉൽപ്പന്നങ്ങൾ കയറ്റി അയക്കുന്ന കോർപറേറ്റ് കമ്പനി ആണ് എം ഡി എച്ച് സ്‌പൈസസ് .
മാസംതോറും കോടിക്കണക്കിനു പാക്കറ്റ് ഉൽപ്പന്നങ്ങൾ ആണ് കമ്പനി വിൽക്കുന്നത് .എം ഡി എച്ചിൽ ഇല്ലാത്ത മസാല ഉൽപ്പന്നങ്ങൾ ഇല്ല .ഉത്തരേന്ത്യയിൽ എം ഡി എച്ച് ഉൽപ്പന്നങ്ങൾ ഇല്ലാത്ത ചെറിയ കുടിൽ പോലും ഇല്ലാത്ത സ്ഥിതി ആയി .സാധാരണക്കാരനെ കൂടി മുന്നിൽ കണ്ടാണ് എം ഡി എച്ച് ഉൽപ്പന്നങ്ങൾക്ക് വില നിശ്ചയിക്കുന്നത് .നിശ്ചയദാർഢ്യത്തോടെ അസാധാരണമായി ജീവിച്ച സാധാരണക്കാരനാണ് ധരംപാൽ ഗുലാത്തി.