കണ്ണൂര്‍: വന്ദേ ഭാരത് വന്നാലും കെ റെയില്‍ പദ്ധതി നടപ്പിലാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. പറശിനിക്കടവ് കോള്‍മെട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ വേണമെന്ന നിലപാടില്‍ പാര്‍ട്ടിയും സര്‍ക്കാരും ഉറച്ചു നില്ക്കുന്നു. പദ്ധതി ഇന്നല്ലെങ്കില്‍ നാളെ നടപ്പിലാക്കും. കേരളത്തിന് അനിവാര്യമാണ് കെ റെയില്‍. പദ്ധതി കേരളത്തെ ഒരു വലിയ നഗരമാക്കി ഇതുമാറ്റുമെന്നും എംവി ഗോവിന്ദന് പറഞ്ഞു.
വന്ദേ ഭാരത് ട്രെയിന്‍, കെ റെയിലിന് ബദല്‍ അല്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു. വന്ദേ ഭാരതും കെ റെയിലും തമ്മില്‍ യാതൊരു ബന്ധവുമില്ല. കെ റെയിലിനെ അറിയാത്തത് കൊണ്ടാണ് ഇത് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഉന്നത ശ്രേണിയിലുള്ളവര്‍ക്ക് മാത്രമല്ല കെ റെയില്‍, എല്ലാ ജനവിഭാഗത്തിനും വേണ്ടിയുള്ളതാണെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
അപ്പവുമായി കുടുംബശ്രീക്കാര് കെ റെയിലില്‍ തന്നെ പോകുമെന്നും അദ്ദേഹം പ്രതികരിച്ചു. ”വന്ദേഭാരത് കയറി അപ്പവും കൊണ്ട് പോയാല്‍ രണ്ടാമത്തെ ദിവസമാണ് എത്തുക. കേടാകുമെന്ന് ഉറപ്പല്ലേ’യെന്നും എം.വി ഗോവിന്ദന് പറഞ്ഞു.
ക്രിസ്ത്യന്‍ സമുദായത്തെ വശത്താക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും എംവി ഗോവിന്ദന് വിമര്‍ശിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ അക്രമങ്ങളാണ് ബിജെപി ക്രൈസ്തവര്‍ക്കെതിരെ അഴിച്ചു വിട്ടത്. ഇത് തുറന്ന് കാണിക്കുകയാണ് സി പി എം ചെയ്തത്. ആര് എസ് എസിന്റെ വര്‍ഗീയതയെ ചെറുക്കാന്‍ കഴിവുളള മതനിരപേക്ഷമായ ഒരു ഉളളടക്കമുളള ജനതയാണ് കേരളത്തിലേതെന്നും എംവി ഗോവിന്ദന് പറഞ്ഞു.