വിശാഖപട്ടണം: കൊലപാതകക്കേസില്‍ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ് ജഗന്മോഹന് റെഡ്ഡിയുടെ അമ്മാവന് അറസ്റ്റില്‍. ജഗന് മോഹന്‍ റെഡ്ഡിയുടെ അമ്മാവന് വൈ.എസ് ഭാസ്കര്‍ റെഡ്ഡിയെയാണ് സിബിഐ അറസ്റ്റു ചെയ്തത്. മുന്‍ എംപി വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
2019 മാര്‍ച്ച് 15 നാണ് വിവേകാനന്ദ റെഡ്ഡിയെ പുലിവെന്തുലയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 2019 ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു വിവേകാനന്ദ റെഡ്ഡിയുടെ മരണം. ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈ.എസ് രാജശേഖര്‍ റെഡ്ഡിയുടെ സഹോദരനാണ് ഇദ്ദേഹം. കഡപ്പ എംപി വൈഎസ് അവിനാഷ്് റെഡ്ഡിയുടെ പിതാവാണ് ഭാസ്കര്‍ റെഡ്ഡി.
കൊല്ലപ്പെട്ട വിവേകാനന്ദ റെഡ്ഡി മുന്‍ ലോക്സഭാംഗവും, ആന്ധ്ര മുന്‍ എംഎല്‍എയുമാണ്. വിവേകാനന്ദ റെഡ്ഡിയുടെ കൊലപാതകം ആദ്യം പ്രത്യേക പോലീസ് സംഘമാണ് അന്വേഷിച്ചത്. പിന്നീട് 2020ല്‍ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു.
അറസ്റ്റിനെ തുടര്‍ന്ന് പുലിവെന്തുലയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിക്കുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു.