CrimeNEWS

ഗാനമേളയ്ക്കിടെ യേശുദാസിനും ചിത്രയ്ക്കും കല്ലേറ്; കാല്‍നൂറ്റാണ്ടിനുശേഷം പ്രതി പിടിയില്‍

കോഴിക്കോട്: ബീച്ചില്‍ 24 വര്‍ഷം മുമ്പ് നടന്ന സംഗീതപരിപാടിക്കിടെ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ബേപ്പൂര്‍ മാത്തോട്ടം പണിക്കര്‍മഠം സ്വദേശി എന്‍.വി. അസീസ് (56) നെയാണ് നടക്കാവ് പോലീസ് അറസ്റ്റു ചെയ്തത്. വഴിയോരവ്യാപാരിയാണ് ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

1999 ഫെബ്രുവരി ഏഴിന് ടൂറിസംവകുപ്പും ജില്ലാഭരണകൂടവും സംഘടിപ്പിച്ച മലബാര്‍ മഹോത്സവത്തിന്റെ ഭാഗമായാണ് സംഗീതപരിപാടി നടന്നിരുന്നത്. രാത്രി 9.15ന് ഗാനമേള നടന്നുകൊണ്ടിരിക്കേ ഗവ. നഴ്സസ് ഹോസ്റ്റലിനു മുന്‍വശത്തു നിന്നായിരുന്നു കല്ലേറുണ്ടായത്. കേസില്‍ പ്രതിയായ അസീസിനെ പിടികൂടാനായിരുന്നില്ല. കോഴിക്കോട് മാത്തോട്ടത്തുനിന്ന് മാറി മലപ്പുറം ജില്ലയിലെ മുതുവല്ലൂരില്‍ പുളിക്കല്‍കുന്നത്ത് വീട്ടില്‍ താമസിച്ചുവരികയായിരുന്നു അസീസ്. മാത്തോട്ടത്തു നടത്തിയ അന്വേഷണത്തില്‍ പരിസരവാസികള്‍ നല്‍കിയ വിവരം അനുസരിച്ചാണ് പോലീസ് മലപ്പുറം ജില്ലയില്‍ അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.

Signature-ad

മലബാര്‍ മഹോത്സവത്തിനിടെ അന്നുണ്ടായ സംഘര്‍ഷം വലിയ വാര്‍ത്തയായിരുന്നു. സംഭവദിവസം ഒരു പോലീസുകാരന്റെ കൈവശമുണ്ടായിരുന്ന വയര്‍ലെസ് നഷ്ടപ്പെട്ടിരുന്നു. അന്നത്തെ നടക്കാവ് സി.ഐ ആയിരുന്ന കെ. ശ്രീനിവാസന്‍ ആയിരുന്നു അന്വേഷണഉദ്യോഗസ്ഥന്‍. പ്രതിയെ കണ്ടെത്താത്തിനെ തുടര്‍ന്ന് കോഴിക്കോട് ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നടക്കാവ് ഇന്‍സ്പെക്ടര്‍ പി.കെ. ജിജേഷിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.

Back to top button
error: