CrimeNEWS

വനിതാ ഗേറ്റ് കീപ്പറെ ആക്രമിച്ചതിനു പിടിയിലായതും മലയാളി; 55 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി

ചെന്നൈ: തെങ്കാശി പാവൂര്‍സത്രത്തില്‍ മലയാളി റെയില്‍വേ ഗേറ്റ് കീപ്പറായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായതും മലയാളി. പുനലൂര്‍ വെഞ്ചേമ്പ് വാഴവിള അനീഷ് (28) ആണ് പിടിയിലായത്. സംഭവത്തിന് ശേഷം കേരളത്തിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പുളിയറയില്‍ വച്ചാണ് റെയില്‍വേ പോലീസ് അനീഷിനെ പിടികൂടുന്നത്.

55 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍നിന്ന് ഇറങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നതിനു മുന്‍പാണ് ഗേറ്റ് കീപ്പറെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുന്നിക്കോട് പോലീസാണ് ഈ സംഭവത്തില്‍ കേസെടുത്തത്. കേരളത്തില്‍ നിന്നും പാവൂര്‍സത്രത്തെത്തി വിവിധ തൊഴിലുകള്‍ ചെയ്തുവരികയായിരുന്നു അനീഷ്. ലെവല്‍ ക്രോസില്‍ രാത്രിയില്‍ വനിത മാത്രമെയുള്ളുവെന്ന് മനസിലാക്കിയതിന് ശേഷമാണ് കൃത്യത്തിന് മുതിര്‍ന്നത്.

Signature-ad

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.30ന് അനീഷ് ഗേറ്റ് കീപ്പറുടെ മുറിയിലെത്തി കൊല്ലം സ്വദേശിനിയായ യുവതിയെ പിന്നില്‍നിന്നു കടന്നു പിടിക്കുകയായിരുന്നു. ബഹളമുണ്ടാക്കി ഇതിനെ എതിര്‍ത്തതോടെ യുവതിയെ അക്രമി ടെലിഫോണ്‍ റിസീവര്‍ കൊണ്ട് മുഖത്തും നെറ്റിയിലും ഇടിക്കുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തു.

തന്റെ പക്കലുള്ള സ്വര്‍ണ്ണം എടുത്തിട്ട് തന്നെ ഉപദ്രവിക്കാതെ വെറുതെ വിടണമെന്ന് അക്രമിയുടെ കാലില്‍ പിടിച്ച് പറഞ്ഞെങ്കിലും പിന്‍മാറാന്‍ അയാള്‍ തയ്യാറായില്ലെന്ന് യുവതി പറഞ്ഞു. വീണ്ടും റിസീവര്‍കൊണ്ട് തലക്ക് അടിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി അക്രമിയെ തളളി മാറ്റി മുറിയില്‍ നിന്നും പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു. ഇതോടെ അനീസും മുറിയില്‍ നിന്നും പുറത്തേക്ക് ഇറങ്ങി ഓടി. പരുക്കേറ്റ യുവതി തിരുനെല്‍വേലി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അനീഷിനെ പാവൂര്‍സത്രം ലെവല്‍ക്രോസില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് കോടതിയില്‍ ഹാജരാക്കും.

 

Back to top button
error: