CrimeNEWS

വിവാഹഭ്യര്‍ഥന തള്ളി, 16 വയസുകാരിയെ കത്തിക്ക് കുത്തി മുടിക്കുത്തില്‍ പിടിച്ച് വലിച്ചിഴച്ച് 47 വയസുകാരന്‍

റായ്പുര്‍: വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു പതിനാറുകാരിയെ കത്തികൊണ്ട് ആക്രമിച്ചശേഷം മുടിയില്‍ പിടിച്ച് റോഡിലൂടെ വലിച്ചിഴച്ച് നാല്‍പ്പത്തേഴുകാരന്‍. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പുരിലാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതി ഓംകാര്‍ തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തിന്റെ വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. പെണ്‍കുട്ടിയുടെ തലമുടിയില്‍ പിടിച്ച് റോഡിലൂടെ വലിച്ചുകൊണ്ടു പോകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. മറുകയ്യില്‍ ഓംകാര്‍ കത്തി പിടിച്ചിരിക്കുന്നതും കാണാം. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

Signature-ad

നഗരത്തിലെ ഗുധിയാരി ഏരിയയിലുള്ള ഓംകാര്‍ തിവാരിയുടെ പലചരക്ക് കടയിലാണ് പെണ്‍കുട്ടി ജോലി ചെയ്തിരുന്നത്. ശനിയാഴ്ച വൈകിട്ട് മദ്യപിച്ചെത്തിയ ഓംകാര്‍, പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറി ബഹളമുണ്ടാക്കി. ഇയാള്‍ പെണ്‍കുട്ടിയെ കത്തികൊണ്ട് ആക്രമിക്കുകയും കഴുത്തില്‍ കുത്തുകയുമായിരുന്നു. ഓടിപ്പോകാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയെ ഓംകാര്‍ പിന്തുടര്‍ന്ന് പോയി മുടിയില്‍ പിടിച്ച് വലിച്ചിഴച്ചു.

ഓംകാറിന്റെ വിവാഹഭ്യര്‍ഥന പെണ്‍കുട്ടി നിരസിച്ചതിനാലാണ് ആക്രമിച്ചതെന്ന് റായ്പുര്‍ എസ്പി പറഞ്ഞു. ഇരുവരും തമ്മില്‍ പണമിടപാട് സംബന്ധിച്ചും തര്‍ക്കമുണ്ടായിരുന്നെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: