വാഴയെ ബാധിക്കുന്ന കീടങ്ങളെ എങ്ങനെ നിയന്ത്രിക്കാം? രോഗങ്ങളും അവയുടെ പരിഹാര മാർഗങ്ങളും ഇതാ…
വാഴ കർഷകർ നേരിടുന്ന പ്രധാന പ്രശ്നമാണ് കീടരോഗങ്ങൾ. തുടക്കത്തിൽ തന്നെ കണ്ടെത്തിയാൽ അവയെ ഒരു പരിധി വരെ പ്രതിരോധിക്കാൻ സാധിക്കും. കേരളത്തിലെ വാഴ തോട്ടങ്ങളിൽ സാധാരണ കണ്ടുവരാറുള്ള കീടങ്ങളും അവയുടെ നിയന്ത്രണ മാർഗങ്ങളും പരിചയപ്പെടാം.
1. തണ്ടുതുരപ്പൻ:
20 ഗ്രാം ബോവേറിയ ബാസിയാന ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി 5, 6, 7 മാസങ്ങളിൽ വാഴത്തടയിൽ തളിച്ചു കൊടുക്കുന്നത് മൂലം തണ്ടുതുരപ്പന്റെ ആക്രമണം തടയാം. ഉണങ്ങി തൂങ്ങുന്ന ഇലകൾ വാഴയിൽ നിർത്താതെ മുറിച്ചു മാറ്റണം. വാഴത്തടയിൽ ചെളി തേച്ചു കൊടുക്കുന്നതും മറ്റൊരു മാർഗമാണ്.
2. മാണവണ്ട്:
പുഴുക്കൾ വാഴയുടെ മാണം തുരന്ന് തിന്നുകയും അതിനുള്ളിൽ പ്രവേശിക്കുകയും ചെയ്യുന്നു. ഇതോടെ വാഴയില മഞ്ഞളിക്കുന്നു. മാണവണ്ട് ആക്രമണം രൂക്ഷമാകുന്ന വാഴയിൽ മാണം ചീഞ്ഞു പോവുകയും കൂമ്പടഞ്ഞു പോവുകയും ചെയ്യുന്നു. വാഴക്കന്ന് തിരഞ്ഞെടുക്കുമ്പോൾ മാണവണ്ടിന്റെ ആക്രമണം ഇല്ലെന്ന് ഉറപ്പുവരുത്തണം. അതുപോലെ കുലവെട്ടിയാൽ ഉടൻതന്നെ കണ്ണ് പിരിച്ചെടുക്കണം. വാഴക്കന്ന് നടക്കുമ്പോൾ കുഴിയിൽ വേപ്പിൻ പിണ്ണാക്ക് ഇട്ടുകൊടുക്കുന്നതും വാഴക്കന്ന് സ്യൂഡോമോണാസിൽ എട്ടുമണിക്കൂർ മുക്കിവെച്ച ശേഷം നടുന്നതും നല്ലൊരു പരിഹാര മാർഗമാണ്.
3. ഇല പേനുകൾ:
വാഴയിലകളുടെ അടിഭാഗത്താണ് നീരൂറ്റി കുടിക്കുന്ന ഇല പേനുകൾ കാണപ്പെടുന്നത്. ക്രമേണ ഇലകളുടെ അടിവശം ചുവന്ന നിറത്തിലാകും. ഇലപ്പേനുകളുടെ ആക്രമണമുണ്ടായ വാഴയിലകൾ മഞ്ഞളിച്ച് വാടിപ്പോകും. ഇത് പ്രതിരോധിക്കാൻ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കുന്നത് നല്ലതാണ്.
4. ഇലതീനി പുഴുക്കൾ:
ഇലകളിൽ വൃത്താകൃതിയിലുള്ള വലിയ സുഷിരങ്ങൾ ഉണ്ടാകുന്നു. പുഴുക്കളെ കണ്ടാൽ ഉടൻ തന്നെ നശിപ്പിച്ചു കളയുകയാണ് പ്രധാന മാർഗം. ഇവയെ വാഴയുടെ ചുവട്ടിലോ സമീപത്തോ ഒരു കാരണവശാലും ഇടാൻ പാടില്ല.
5. പൂങ്കുല പേനുകൾ:
വാഴക്കുലകളെയാണ് പൂങ്കുല പേനുകൾ പ്രധാനമായും ആക്രമിക്കാറുള്ളത്. ഇവ ബാധിച്ചാൽ കായ്കളിൽ വെള്ള പൂപ്പൽ പോലെ കാണപ്പെടും. കായകളെ പൊതിഞ്ഞ് സംരക്ഷിക്കുകയാണ് ഇതിനുള്ള പരിഹാരമാർഗം.
6. മണ്ഡരി:
ഇലകളുടെ അടിഭാഗത്താണ് മണ്ഡരി കാണപ്പെടുന്നത്. വേനൽക്കാലത്താണ് മണ്ഡരിശല്യം ഏറ്റവും കൂടുതൽ കാണുന്നത്. മണ്ഡരി ബാധിച്ചാൽ ഇലകളുടെ അടിവശം ചുവന്നു വരുന്നതായി കാണാം. കൂടാതെ തവിട്ട് നിറത്തിലുള്ള കുത്തുകളും ഉണ്ടാകും. ഒരു ലിറ്റർ വെള്ളത്തിൽ 3 ഗ്രാം സൾഫർ ചേർത്ത് കലക്കി ഇലകളിൽ തളിക്കുക. കൂടാതെ രോഗബാധയേറ്റ ഇലകൾ തോട്ടത്തിൽ നിന്ന് തന്നെ നീക്കം ചെയ്യാം.
7. ചാഴി:
ഇലകളിലാണ് ചാഴികളുടെ ആക്രമണം പ്രധാനമായും ബാധിക്കുന്നത്. ഇലകളുടെ അടിഭാഗത്ത് നിന്നാണ് ഇവ നീരൂറ്റി കുടിക്കുന്നത്. വേനൽക്കാലത്താണ് ചാഴിയുടെ ആക്രമണം രൂക്ഷമാകുന്നത്. കീടബാധയുള്ള ഇലകൾ തോട്ടത്തിൽ നിന്ന് തന്നെ നീക്കം ചെയ്യുകയാണ് ഇതിനുള്ള പരിഹാരം. ദിവസവും തോട്ടം പരിശോധിക്കുന്നതും തുടക്കത്തിൽ തന്നെ ചാഴിയുടെ ആക്രമണം നീക്കം ചെയ്യുന്നതും ചാഴി ആക്രമണം കുറയ്ക്കും.
8. നിമാവിരകൾ:
നിമാവിരകളുടെ ആക്രമണം വാഴകളുടെ വേരുകളിലാണ് ഉണ്ടാകുന്നത്. വേരുകളിൽ കറുത്ത പുള്ളികളായാണ് ഇവ കാണപ്പെടുന്നത്. ഇതിന്റെ ഫലമായി ഉൽപാദനം കുറയുകയും വാഴയുടെ പ്രതിരോധ ശേഷി ഇല്ലാതാവുകയും ചെയ്യുന്നു. അണു നശീകരണം നടത്തിയ വാഴക്കന്നുകൾ നടുന്നതുമൂലം നിമാവിരകളുടെ ആക്രമണം ഒരുപരിധി വരെ തടയാം. വാഴക്കന്ന് നടുമ്പോൾ വേപ്പിൻ പിണ്ണാക്ക് ചുവട്ടിൽ ഇട്ടുകൊടുക്കരുത്.
9. മീലിമൂട്ട:
മീലിമുട്ടയും വാഴയുടെ വേരുകളെയാണ് ആക്രമിക്കുന്നത്. വേരുകളിൽ വെള്ള നിറത്തിലാണ് ഇവ കാണപ്പെടുന്നത്. വാഴക്കന്ന് നടുമ്പോൾ കുമ്മായം ചുവട്ടിൽ ഇടുന്നത് ഒരു പരിധിവരെ മീലിമുട്ടയുടെ ആക്രമണം തടയും. വെർട്ടിസീലിയം 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്.
10. ശൽക്ക കീടങ്ങൾ:
ഇലകളുടെ മുകൾഭാഗത്ത് മഞ്ഞനിറത്തിലുള്ള കുത്തുകളായിട്ടാണ് ശൽക്ക കീടങ്ങൾ കാണപ്പെടുന്നത്. ശൽക്ക കീടബാധയുള്ള ഇലകൾ നീക്കം ചെയ്ത് നശിപ്പിച്ചു കളയുകയാണ് പ്രധാന മാർഗം.
11. വാഴപ്പേൻ:
വാഴിയിലെ നീരൂറ്റി കുടിക്കുന്ന കീടങ്ങളാണ് വാഴപ്പേനുകൾ. പുകയില കഷായം തളച്ചു കൊടുക്കുന്നത് മൂലം വാഴപ്പേനുകളെ നശിപ്പിക്കാൻ സാധിക്കുന്നു.
മേൽപ്പറഞ്ഞ പ്രതിരോധ രീതികൾ അവലംബിക്കുന്നതോടൊപ്പം നിത്യേന തോട്ടം സന്ദർശിക്കുക കൂടി ചെയ്യണം. എങ്കിൽ മാത്രമേ കീടങ്ങളുടെ ആക്രമണം തുടക്കത്തിൽ തന്നെ കണ്ടെത്താനും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാനും സാധിക്കുകയുള്ളൂ.