‘ഇവരൊക്കെ എന്തു മനുഷ്യരാണ്? ഇവനും നവോത്ഥാന നായകനാണത്രേ? വേട്ടക്കാരനൊപ്പം നില്‍ക്കുന്നവരെ നിങ്ങള്‍ക്കു വെളുപ്പിക്കാന്‍ ഒരാള്‍കൂടെ രംഗത്തുവരുന്നു’; ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീയുടെ അനുഭവം വെളിപ്പെടുത്തി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ പോസ്റ്റിട്ട ഷഹനാസ്

കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക എം.എ. ഷഹനാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നു. വേട്ടക്കാരനൊപ്പം നില്‍ക്കുന്നവരെ നിങ്ങള്‍ക്കു വെളുപ്പിക്കാന്‍ ഒരാള്‍കൂടെ രംഗത്തുവരുന്നു എന്ന തലക്കെട്ടോടെയാണു പോസ്റ്റ്. ഭാര്യയും മക്കളുമുണ്ടായിട്ടും പ്രണയാഭ്യര്‍ഥനയുമായി വന്ന വിദേശത്തു താമസിക്കുന്ന കവിയെക്കുറിച്ചാണു പോസ്റ്റ്. ആരാണെന്നു വെളിപ്പെടുത്തുന്നില്ലെന്നും ഷഹനാസ് പറഞ്ഞുവയ്ക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
വേട്ടക്കാരനൊപ്പം നില്‍ക്കുന്നവരെ നിങ്ങള്‍ക്ക് വെളുപ്പിക്കാന്‍ ഒരാള്‍ കൂടെ രംഗത്ത് വരുന്നു. സംഭവം ഇങ്ങനെയാണ്.
നിന്നോട് എനിക്ക് പ്രണയം ഉണ്ടെന്ന് പറയുമ്പോള്‍ നിങ്ങള്‍ക്ക് ഭാര്യ ഇല്ലെ? എന്ന് തിരിച്ചു ചോദിക്കുന്നു. ഓഹോ നീ അത്തരം കുലസ്ത്രീ ആണോയെന്നും ഞാന്‍ ഒരു കുല പുരുഷനല്ല എന്ന് നവോത്ഥാന നായകന്‍ അഭിമാനത്തോടെ പറയുന്നു…അയ്യേ നീയൊക്കെ പ്രണയത്തെ ഇങ്ങനെ ഇടുങ്ങിയ അവസ്ഥയില്‍ ആണോ കാണുന്നത് എന്നും ചോദിക്കുന്നു.
നമുക്ക് പ്രണയിച്ചൂടെ…? എന്ന് വീണ്ടും വീണ്ടും ചോദിക്കുന്നു.
വിദേശത്തുനിന്ന് സാംസ്‌കാരിക ഇടപെടലുകള്‍ നിരന്തരം നടത്തുന്ന എഴുത്തുകാരന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നു. നിരവധി സമ്മാനങ്ങളുമായി ഈ സ്ത്രീയെ കാണാന്‍ പോകുന്നു. അങ്ങനെ പലകുറി ശ്രമിച്ചു ഇയാള്‍ അവളെ തന്റെ സൗഹൃദത്തിലാക്കുന്നു. അനുവാദമില്ലാതെ കാണാന്‍ പോകുന്നു. രാവിലെ എഴുന്നേറ്റ് രാത്രിയില്‍ ഉറങ്ങും വരെ ഒറ്റയ്ക്ക് ജീവിക്കുന്ന ഈ സ്ത്രീയോട് ഞാനുണ്ട് മരണം വരെ കൂടെയെന്ന് പറഞ്ഞു വിളിച്ചു കൊണ്ടേയിരിക്കുന്നു. നിങ്ങളുടെ ഭാഷയില്‍ വശീകരിക്കുന്നു. (ഫോണ്‍ കട്ട് ചെയ്തൂടെ അതല്ലെങ്കില്‍ ബ്ലോക്കിക്കൂടെ എന്നാ കമന്റ് ന് പകരം പുതിയത് പ്രതീക്ഷിക്കുന്നു.)
പെണ്ണ് ആണിനെ വശീകരിക്കുന്നത് മാത്രമേ നിങ്ങള്‍ക്ക് അറിയൂ. മദ്യം വാങ്ങി കൊണ്ട് വന്നു അതൊക്കെ നല്‍കി ആദ്യമായും അവസാനമായും അവള്‍ അവനൊപ്പം മദ്യപിക്കുന്നു. അവളെ ലൈംഗികമായി ഉപയോഗിച്ച് പിന്നെയും പിന്നെയും അവളുടെ മനസ്സിനെയും ശരീരത്തെയും ഉപയോഗിച്ച് ഉപയോഗിച്ചു അവനു മതിയായപ്പോള്‍ അവസാനം അവന്‍ പോകുന്നു ഒരു വാക്ക് പോലും പറയാതെ മാന്യമായി കടന്നു കളയുന്നു.
ഉപയോഗിക്കുന്ന ഫോണിനോട് പോലും ഒരു സ്‌നേഹം നമ്മള്‍ കാത്ത് സൂക്ഷിക്കാറുണ്ട്.. ജീവനില്ലാത്ത എന്തും നമ്മുടെ ഒക്കെ കൂടെ ഉണ്ടായവ നഷ്ടമാകുമ്പോള്‍ ഉണ്ടാകുന്ന വേദനയുണ്ട്. എന്നാല്‍ ഇവരൊക്കെ എന്ത് മനുഷ്യരാണ്… ????
ഞാന്‍ പോകുന്നു നിന്നില്‍നിന്ന്, നിന്റെ ജീവിതത്തില്‍നിന്ന് എന്ന് പറയാന്‍ പോലുമുള്ള ചങ്കൂറ്റം ഇല്ലാത്ത ഇവനും കവിയാണ്. അക്ഷരങ്ങള്‍ കൊണ്ടു അമ്മനമാടുന്ന ഇറോട്ടിക് കവി തന്നെയാണ്. കൂടാതെ നവോത്ഥാന നായകനും ആണ്.
മറ്റൊരു കൗതുകം വിദേശത്ത് ഉള്ള ഒരു സാംസ്‌കാരികമായി തന്നെ നില്‍ക്കുന്ന മറ്റൊരാള്‍ ആണ് ഇരയോട് വേട്ടക്കാരന് വേണ്ടി നിരന്തരം സംസാരിക്കുകയും നീ മിണ്ടാതെ ഇരിക്കുന്ന നല്ലൊരു പെണ്‍കുട്ടി ആണ് എന്ന് പറയുകയും പ്രതികരിക്കുന്ന പെണ്ണുങ്ങളൊക്കെ മോശമാണെന്ന് പറയുകയും ചെയ്തത്. അവനെ നേരിട്ടു തന്നെ കാണാന്‍ തന്നെയാണ് തീരുമാനം.
മറ്റൊന്ന് ഇരയ്ക്കും വേട്ടക്കാരനും ഇടയില്‍ ഈ സാംസ്‌കാരിക വിപ്ലവം നടത്തുന്ന മനുഷ്യന്‍ എല്ലാ ഒത്തു തീര്‍പ്പിനും നിന്നു എന്നത് മാത്രമല്ല വേട്ടക്കാരന്‍ വാങ്ങിക്കൊടുത്ത എല്ലാ സമ്മാനങ്ങളും ഉപയോഗിച്ച് പോയവയുടെ പണവും ഇട്ടുകൊടുത്ത അക്കൗണ്ട് പോലും ഏതാണ് എന്ന് തെളിവ് സഹിതം മനസ്സിലാക്കാന്‍ സാധിച്ചപ്പോള്‍ തകര്‍ന്ന് പോയിട്ട് ഒന്നുമില്ല…ഇതൊക്കെ അല്ലേ ആളുകള്‍ എന്ന് തോന്നി…ഇവിടെ എങ്ങനെ ഈ കുട്ടി പെട്ടു എന്നാണ് ചിന്തിച്ചത്.
സാംസ്‌കാരികമായ ഒരു ഉന്നതിയും ഇല്ലാത്ത ഈ വേട്ടക്കാരന്‍ ആയ എഴുത്തുകാരനും ഈ ഇടനിലക്കാരനും ഒക്കെ എന്താണ് ഈ സമൂഹത്തോട് പറഞ്ഞു വെക്കുന്നത് അതും ഈ നവോത്ഥാനകാലത്ത്…
ഇരകളെ വേട്ടയാടി പിടിക്കുമ്പോള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരെയും സിനിമ മേഖലയിലുള്ള ആളുകളും ഒക്കെ എന്റെ അടുത്ത ചങ്ങാതികളാണ് എന്ന് പറയുകയും അവരെയൊക്കെ നിനക്ക് കൂടെ പരിചയപ്പെടുത്താമെന്ന് വാഗ്ദാനം കൊടുക്കുകയും ഒക്കെ ചെയ്തിട്ട് ഇവരൊക്കെ അക്ഷരങ്ങളിലൂടെ എന്താണ് ഉദ്ധരിക്കുന്നത്…?
ഇവരെയൊക്കെ ഇന്നും ഇതൊക്കെ അറിഞ്ഞിട്ടും സപ്പോര്‍ട്ട് ചെയ്തു കൊണ്ട് മുന്നോട്ടുപോകുന്ന ഫെമിനിസ്റ്റുകള്‍ ആയിട്ടുള്ള, സ്ത്രീകള്‍ക്ക് വേണ്ടി പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള സ്ത്രീകള്‍ എന്താണ് ഈ സമൂഹത്തോട് പറയുന്നത്? നിങ്ങള്‍ ഈ സമൂഹത്തോട് ഒന്നും പറഞ്ഞില്ലെങ്കിലും നിങ്ങള്‍ നിങ്ങളോട് തന്നെ എന്താണ് പറയുന്നത് എന്ന് അറിയാന്‍ ഒരു ആഗ്രഹം ഉണ്ട്…
വെളിപ്പെടുത്തലുകളുമായി ഇര തന്നെ മുന്നോട്ടു വരും അതിനു മുന്‍പും അതിനുശേഷവും നിരുപാധികം ഇരയ്‌ക്കൊപ്പം എന്ന് പറയേണ്ട ഉത്തരവാദിത്തമുണ്ട്. കാരണം മെന്റല്‍ ട്രോമയില്‍ അകപ്പെട്ട ഇര സ്വയം കൊന്നുകളയാതിരിക്കാന്‍ മരുന്നു കഴിച്ചു കൊണ്ട് മുന്നോട്ടുപോകുന്ന ആ പെണ്ണിനൊപ്പം നില്‍ക്കേണ്ടതുണ്ട്.
വേട്ടക്കാരനെ വെളുപ്പിക്കാന്‍ തയാറെടുക്കുന്നവര്‍ പുതിയൊരു കുപ്പായം തയ്ച്ചു വച്ചോളൂ ഉപകരിക്കും.
നന്ദി
എം എ ഷഹനാസ്
(ചിത്രം എന്റേതുതന്നെ വെച്ചത് നിങ്ങളെ സന്തോഷിപ്പിക്കാന്‍ മാത്രമാണ്. ഇരയെ ട്രോളാന്‍ വിട്ടുതരാന്‍ ഉദ്ദേശമില്ല )






