കൊച്ചി: അഭിഭാഷകവൃത്തിയില്‍ ഒരു വിധത്തിലുള്ള ജീര്‍ണതയും അനുവദിക്കരുതെന്നും സുതാര്യശുദ്ധിയോടെയാകണം പ്രവര്‍ത്തനങ്ങളെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമുള്ള തലങ്ങളില്‍ ഇടപെടേണ്ടത് ബാര്‍ കൗണ്‍സിലിന്റെ കടമയാണെന്നും അത് നിര്‍വഹിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ വെയ്ക്കണമെന്ന് ഓര്‍മിപ്പിക്കുന്ന പല കാര്യങ്ങളും സമീപകാലത്ത് ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജൂനിയര്‍ അഭിഭാഷകര്‍ക്ക് സ്‌റ്റൈപ്പെന്‍ഡ് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഹൈക്കോടതി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
നീതി നിഷേധിക്കപ്പെടുന്നിടത്ത് സ്വമേധയാ തന്നെ അഭിഭാഷകര്‍ ഇടപെടുന്ന സംസ്‌കാരം മുന്‍പ് ഉണ്ടായിരുന്നു. സാമ്പത്തികേതരമായ മാനുഷിക പരിഗണനകള്‍ക്ക് പ്രാധാന്യം നല്‍കുന്നതായിരുന്നു അത്തരം ഇടപെടലുകള്‍. ആ സംസ്‌കാരത്തെ ഇപ്പോള്‍ മറ്റു ചില പ്രവണതകള്‍ പകരം വയ്ക്കുന്നുണ്ടോയെന്ന് ചിന്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം, അധികാരം തുടങ്ങിയവയെ ആദരിക്കുന്ന വിധത്തില്‍ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ നിയമനം കൃത്യമായി നടക്കണം. നിയമങ്ങളെ നീതി ലഭ്യമാക്കുന്നതിനുളള ഉപാധിയായി ഉപയോഗിച്ചാല്‍ മാത്രമേ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം വര്‍ധിക്കുകയുള്ളൂ. ജനാധിപത്യത്തിന്റെ നെടുംതൂണുകളായ ലെജിസ്ലേറ്റീവ്, എക്‌സിക്യുട്ടീവ്, ജുഡീഷ്യറി എന്നിവയില്‍ ഏതെങ്കിലും ഒന്ന് ദുര്‍ബലപ്പെട്ടാല്‍ ജനാധിപത്യം ആകെ ദുര്‍ബലമാകും. ജനങ്ങള്‍ക്ക് ജനാധിപത്യ സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുത്.
വൈകി ലഭിക്കുന്ന നീതി, നിഷേധിക്കപ്പെട്ട നീതിക്ക് തുല്യമാണെന്ന നിലയ്ക്ക് വേണം കാര്യങ്ങളെ സമീപിക്കാനും കൈകാര്യം ചെയ്യാനും. ഇത്രയധികം കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് മതിയായ കോടതികളോ ജുഡീഷ്യല്‍ ഉദ്യോഗസ്ഥരോ ഇല്ല എന്നത് സത്യമാണ്. എങ്കിലും ജുഡീഷ്യറിയുടെ ഈ പരിമിതികള്‍ തിരിച്ചറിഞ്ഞ് പുതിയ ദിശാബോധം കൈവരിച്ചാല്‍ മാത്രമേ സമയബന്ധിതമായി നീതി ലഭ്യമാക്കാന്‍ കഴിയൂ. ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെയും കോടതികളുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിനോടൊപ്പം പ്രധാനമാണ് അഭിഭാഷകരുടെ നീതിബോധവും നീതിയുക്തമായ ഇടപെടലുകളുമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
അര്‍ഹരായ ഏവരുടെയും ക്ഷേമം ഉറപ്പാക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ജൂനിയര്‍ അഭിഭാഷകര്‍ക്ക് സ്‌റ്റൈപ്പെന്‍ഡ് നല്‍കുന്നത്. പഠനം കഴിഞ്ഞ് അഭിഭാഷക ജോലി ചെയ്യുമ്പോള്‍ പലതരത്തിലുള്ള പ്രയാസങ്ങളും അനുഭവിക്കേണ്ടിവരുന്നുണ്ട്. ആ ഘട്ടത്തില്‍ അഭിഭാഷകര്‍ക്ക് പിന്തുണ ആവശ്യമാണ്. അതാണ് ഇപ്പോള്‍ യഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. കെ.എന്‍. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, മന്ത്രി പി.രാജീവ്, അഡ്വക്കറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണ കുറുപ്പ്, കേരള ബാര്‍ കൗണ്‍സില്‍ സെക്രട്ടറി ജോസഫ് ജോണ്‍, ട്രഷറര്‍ അഡ്വ. കെ.കെ നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.