കണ്ണൂര്‍: പാനൂരില്‍ കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച കേസില്‍ രണ്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.പി.ഹാഷിമിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. അണിയാരം വലിയാണ്ടി പീടികയില്‍വച്ച് ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. വീടിനു സമീപത്തെ കല്യാണ വീട്ടില്‍നിന്ന് മടങ്ങുന്നതിനിടെ രാത്രി 12 മണിയോടെയാണ് സംഭവം.
ആര്‍.എസ്.എസ്. പ്രവര്‍ത്തകരായ കെ.എം അതുല്‍, അനില്‍കുമാര്‍ പി.കെ എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അക്രമം നടന്നത്. കാലുകള്‍ക്ക് ഗുരുതരമായി പരുക്കേറ്റ ഹാഷിമിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. പാനൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമാണ് ഹാഷിം.
ചൊവ്വാഴ്ച പുലര്‍ച്ചെ വലിയാണ്ടിപീടികയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീടിനുനേരേയും അക്രമമുണ്ടായി. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് കാളാംവീട്ടില്‍ രാജീവന്റെ വീടിനുനേരേയാണ് അക്രമമുണ്ടായത്. യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പൂമരച്ചോട്ടില്‍ പ്രതിഷേധപ്രകടനം നടത്തി.
നേരത്തേ, പന്ന്യന്നൂര്‍ കുറുമ്പക്കാവ് ക്ഷേത്ര പരിസരത്തുവച്ച് ആര്‍.എസ്.എസ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. വലിയാണ്ടിപീടികയില്‍ അക്രമമുണ്ടായ പ്രദേശങ്ങളില്‍ ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജും കോണ്‍ഗ്രസ് നേതാക്കളും സന്ദര്‍ശിച്ചു. അക്രമത്തില്‍ മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതിഷേധിച്ചു.