കൊച്ചി: പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട നഷ്ടങ്ങൾ നികത്താനായുള്ള ജപ്തി നടപടികൾ ഉടൻ പൂർത്തിയാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. നടപടികൾ പൂർത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോർട്ട് 23 നകം നൽകണം.
നേരത്തെ ജനുവരി പതിനഞ്ചിന് മുമ്പ് ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു ആഭ്യന്തര വകുപ്പ് കോടതിയെ അറിയിച്ചത്. കോടതി നിര്‍ദേശത്തില്‍ നേരിട്ട് ഹാജരായ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വി വേണു നടപടി വൈകിയതില്‍ ഹൈക്കോടതിയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. അതേസമയം പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലില്‍ അഞ്ച് കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കിയിട്ടുള്ളത്.
അതിനിടെ, പോപ്പുലര്‍ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് കൊല്ലത്ത് ഇന്നും എന്‍ഐഎ സംഘം റെയ്ഡ് നടത്തി. പിഎഫ്ഐ പ്രവര്‍ത്തകനായ ചാത്തനാംകുളം സ്വദേശി നിസാറുദ്ദീന്റെ വീട്ടിലാണ് പരിശോധന നടന്നത്. റെയ്ഡില്‍ ഡയറിയും തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു.