IndiaNEWS

മൂടൽമഞ്ഞ് മറയാക്കി ഡ്രോൺ വഴി വീണ്ടും പാകിസ്താനിൽ നിന്ന് ആയുധക്കടത്ത്; തെരഞ്ഞുപിടിച്ച് ഇന്ത്യൻ സേന

ജലന്ധർ: കനത്ത മൂടൽമഞ്ഞിന്റെ മറവിൽ പാകിസ്ഥാനില്‍ നിന്നും ഡ്രോണ്‍ വഴി ഇന്ത്യയിലേക്ക് ആയുധം കടത്തിയത് സൈന്യം പിടികൂടി. പഞ്ചാബിലെ ഗുരുദാസ്പൂര്‍ ജില്ലയിലെ അതിര്‍ത്തി വഴിയാണ് ആയുധം കടത്തിയത്. നാലു ചൈനീസ് നിര്‍മ്മിത തോക്കുകള്‍, വെടിയുണ്ടകള്‍, വെടിമരുന്നുകള്‍ തുടങ്ങിയവയാണ് ബിഎസ്എഫ് പിടിച്ചെടുത്തത്. കനത്ത മഞ്ഞിന്റെ മറപറ്റിയാണ് കഴിഞ്ഞദിവസം രാത്രി ആയുധം കടത്തിയതെന്ന് സൈന്യം വ്യക്തമാക്കി.

പ്രത്യേക ശബ്ദം കേട്ടാണ് സൈന്യം പ്രദേശത്ത് നിരീക്ഷണം നടത്തിയത്. പാകിസ്ഥാന്‍ ഭാഗത്തു നിന്നും ഡ്രോണ്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ എന്തോ ഇടുന്നതിന്റെ ശബ്ദവും കേട്ടു. തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് ഡ്രോണ്‍ വഴി കടത്തിയ ആയുധങ്ങൾ പിടികൂടിയത്. ആയുധക്കടത്ത് പിടികൂടിയ പശ്ചാത്തലത്തില്‍ മേഖലയില്‍ സൈന്യം നിരീക്ഷണം ശക്തമാക്കി.

അതേസമയം, ഈ മാസം ആദ്യം ഗുർദാസ്പൂരിലെ കലംപൂർ അതിർത്തിയിൽനിന്നും ഡ്രോൺ കണ്ടെത്തിയിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തുടർച്ചയായി 20 തവണ വെടിയുതിർത്തതിന് പിന്നാലെയാണ് അതിർത്തിയിൽ നിന്ന് പിൻവാങ്ങിയത്. ഡ്രോൺ ഉപയോഗിച്ചുള്ള ആയുധക്കടത്ത് വളരെ ഗൗരവമായാണ് സൈന്യം വീക്ഷിക്കുന്നത്.

Back to top button
error: