മുംബൈ: വിദേശ മൂലധന പ്രവാഹവും ആഭ്യന്തര ഓഹരി വിപണിയിലെ ഉറച്ച പ്രവണതയും നിക്ഷേപകരുടെ ആവേശം ഉയർത്തിയതിനാൽ ഇന്ന് ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഉയർന്ന് 81.60 ആയി. കൂടാതെ, വിദേശ വിപണിയിൽ ഡോളർ ദുർബലമായതും രൂപയ്ക്ക് തുണയായി.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ, ആഭ്യന്തര കറൻസി ഡോളറിനെതിരെ 81.58 എന്ന നിലവാരത്തിൽ ശക്തമായി ആരംഭിച്ചു. തുടർന്ന് 81.60 എന്ന നിലയിലേക്ക് താഴ്ന്നെങ്കിലും മുൻ ക്ലോസിനെ അപേക്ഷിച്ച് 8 പൈസയുടെ വർദ്ധനവ് രേഖപ്പെടുത്തി. ഇന്നലത്തെ സെഷനിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഉയർന്ന് 81.68 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആറ് കറൻസികളുടെ ഒരു കൂട്ടായ്മയ്ക്കെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക ഇന്ന് 0.38 ശതമാനം ഇടിഞ്ഞ് 106.28 ആയി.
ആഭ്യന്തര ഓഹരി വിപണിയിൽ ഇന്ന് ബി എസ് ഇ സെൻസെക്സ് 164.06 പോയിന്റ് അഥവാ 0.26 ശതമാനം ഉയർന്ന് 62,668.86 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. അതുപോലെ, വിശാലമായ എൻ എസ് ഇ നിഫ്റ്റി 59.10 പോയിന്റ് അല്ലെങ്കിൽ 0.32 ശതമാനം ഉയർന്ന് 18,621.85 ൽ എത്തി. സൂചികകൾ റെക്കോർഡ് നേട്ടത്തിലാണ് ഉള്ളത്. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം 935.88 കോടി രൂപയുടെ ഓഹരികൾ വിറ്റതിനാൽ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐകൾ) ഇന്നലെ മൂലധന വിപണികളിൽ അറ്റ വിൽപ്പനക്കാരായിരുന്നു. അതേസമയം, ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 1.39 ശതമാനം ഉയർന്ന് 84.35 ഡോളറിലെത്തി.