Breaking NewsLead NewsSportsTRENDING

അവസാന ഓവര്‍ എറിയേണ്ടിയിരുന്നത് ഹാര്‍ദിക്; ഗംഭീറിന്റെ തന്ത്രം എല്ലാം മാറ്റി; ഗ്രൗണ്ടിലെത്തി നിര്‍ദേശം കൈമാറി സഞ്ജു; കളി കൈയില്‍!

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി20യില്‍ 7 വിക്കറ്റിന്റെ ആധികാരിക ജയമാണ് ഇന്ത്യ നേടിയത്. ബോളര്‍മാര്‍ നല്‍കിയ തുടക്കം ബാറ്റര്‍മാര്‍ ഏറ്റുപിടിച്ചതോടെയാണ് രണ്ടാം മത്സരത്തിലേറ്റ തോല്‍വിയില്‍നിന്ന് ടീം ഉജ്വല തിരിച്ചുവരവ് നടത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ 117 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ, 15.5 ഓവറില്‍ ലക്ഷ്യം കണ്ടു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 117ന് പുറത്ത്. ഇന്ത്യ 15.5 ഓവറില്‍ 3ന് 120. ജയത്തോടെ 5 മത്സര പരമ്പരയില്‍ ഇന്ത്യ 21ന് മുന്നിലെത്തി.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ധരംശാല പിച്ചിലെ വേഗവും സ്വിങ്ങും മുതലെടുത്ത ഇന്ത്യന്‍ പേസര്‍മാര്‍ തുടക്കം മുതല്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ പ്രതിരോധത്തിലാക്കി. ആദ്യ ഓവറില്‍ തന്നെ റീസ ഹെന്‍ഡ്രിക്‌സിനെ (0) പുറത്താക്കിയ അര്‍ഷ്ദീപ് സിങ്ങാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ക്വിന്റന്‍ ഡികോക്കിനെയും (1) ഡിയേവാള്‍ഡ് ബ്രെവിസിനെയും (2) വീഴ്ത്തിയ ഹര്‍ഷിത് റാണ സന്ദര്‍ശകരെ വിറപ്പിച്ചു.

Signature-ad

പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 3ന് 25 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയും വരുണ്‍ ചക്രവര്‍ത്തിയും എത്തിയതോടെ സന്ദര്‍ശകര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ കടുപ്പമായി. അപ്പോഴും ഒരറ്റത്ത് ഉറച്ചുനിന്ന എയ്ഡന്‍ മാര്‍ക്രമാണ് (61) ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് മുന്നോട്ടു നീക്കിയത്. 19ാം ഓവറില്‍ അര്‍ഷ്ദീപ് സിങ്ങാണ് മാര്‍ക്രത്തെ പുറത്താക്കിയത്. ഓവര്‍ അവസാനിക്കുമ്പോള്‍ 8ന് 113 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. അവസാന ഓവര്‍ ഹാര്‍ദിക് പാണ്ഡ്യ എറിയുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. ക്യാപ്റ്റന്‍ സൂര്യകുമാറും ഹാര്‍ദിക്കിനെ പന്തേല്‍പ്പിക്കാനുള്ള ഒരുക്കത്തിലായിരുന്നു.

ഇതിനിടെ കോച്ച് ഗൗതം ഗംഭീറിന്റെ നിര്‍ണായക ഇടപെടലിനെ തുടര്‍ന്നാണ് കുല്‍ദീപ് യാദവിനെ അവസാന ഓവര്‍ പന്തേല്‍പ്പിച്ചത്. ദക്ഷിണാഫ്രിക്കയുടെ ശേഷിക്കുന്ന രണ്ടു വിക്കറ്റും വീഴ്ത്തിയ കുല്‍ദീപ്, ദക്ഷിണാഫ്രിക്കയെ 117 റണ്‍സിന് ഓള്‍ഔട്ടാക്കുകയും ചെയ്തു. ജന്മദിനത്തിലാണ് കുല്‍ദീപിന് പരമ്പരയില്‍ ആദ്യമായി പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചത്. അവസാന ഓവര്‍, കുല്‍ദീപിനെ ഏല്‍പ്പിക്കാന്‍ ഗൗതം ഗംഭീര്‍ നിര്‍ദേശം നല്‍കുന്ന വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ഫീല്‍ഡിങ് കോച്ച്, ടി.ദിലീപിന് അടുത്തെത്തി ഗംഭീര്‍ എന്തോ നിര്‍ദേശിക്കുന്നതും, ഉടന്‍ തന്നെ ദിലീപ് ഇക്കാര്യം ഡഗ്ഔട്ടിലിരുന്ന സബ്സ്റ്റിറ്റിയൂട്ടായ സഞ്ജു സാംസണോടു ചെന്നു പറയുന്നതും വിഡിയോയില്‍ കാണാം. ദിലീപിന്റെ നിര്‍ദേശം കേട്ട സഞ്ജു, ഗ്രൗണ്ടിലേക്കോടി സൂര്യകുമാര്‍ യാദവിനോട് ഹാര്‍ദിക്കിനെയല്ല കുല്‍ദീപ് യാദവിനെ അവസാന ഓവര്‍ ഏല്‍പ്പിക്കാന്‍ പറഞ്ഞു. അങ്ങനെ അവസാന ഓവറില്‍, രണ്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത്, രണ്ടു വിക്കറ്റ് വീഴ്ത്തിയ ‘ബര്‍ത്തഡേ ബോയ്’ കോച്ചിന്റെ വിശ്വാസം കാക്കുകയും ചെയ്തു.

Back to top button
error: