”ലാലു ഒരു കുട്ടിയെ പോലെ, കുസൃതി കണ്ട് പേടിച്ചിട്ടുണ്ട്; ഇന്ദ്രനും രാജുവിനും ഇല്ലാത്ത ഒരു ഗുണം അവനുണ്ട്”
മോഹന്‍ലാല്‍ എപ്പോഴും ഒരു ചെറിയ കുട്ടിയെ പോലെയാണെന്ന് തുറന്നുപറഞ്ഞ് മല്ലിക സുകുമാരന്‍. അദ്ദേഹത്തിന് കിട്ടിയ സ്ഥാനം മലയാള സിനിമയിലെ മറ്റൊരു അഭിനേതാവിനും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. അഭിമുഖത്തിലാണ് മോഹന്‍ലാലിനെക്കുറിച്ച് ചില കാര്യങ്ങള്‍ പറഞ്ഞത്.
”മോഹന്‍ലാല്‍ എനിക്കെപ്പോഴും ഒരു കുട്ടിയെ പോലെയാണ്. ഞങ്ങളുടെ വീട്ടില്‍ കളിച്ചുവളര്‍ന്ന കുട്ടിയാണ് ലാലു (മോഹന്‍ലാല്‍). അവന്റെ കുസൃതി കാണുമ്പോള്‍ എല്ലാവര്‍ക്കും പേടിയാകുമായിരുന്നു. അതുകൊണ്ട് അവന്‍ വീട്ടിലെത്തിയാല്‍ അവനെ നോക്കാനുളള ഉത്തരവാദിത്തം എനിക്കായി. അതുകൊണ്ടുതന്നെ ലാലു എനിക്കൊരു അനുജനെ പോലെയാണ്. വലിയ വേദികളില്‍ നില്‍ക്കുമ്പോഴും ഞാന്‍ മോഹന്‍ലാലിനെ ലാലു എന്നാണ് വിളിക്കുന്നത്. അവന്റെ സിനിമയിലെ വളര്‍ച്ച കണ്ട വ്യക്തിയാണ് ഞാന്‍.
കുട്ടിക്കാലത്ത് അവന്‍ പഠിച്ച് വലിയ ജില്ലാ കളക്ടര്‍ ആകുമെന്ന് ഞാന്‍ വിചാരിച്ചിട്ടില്ല. ലാലു മിടുക്കനായിരുന്നു. അവന്റെ അച്ഛന്‍ ലോ സെക്രട്ടറിയായിരുന്നു. ലാലുവും നിയമത്തിന്റെ വഴിയില്‍ പഠനം തിരഞ്ഞെടുക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. അപ്പോഴാണ് തിരനോട്ടം എന്ന ചിത്രത്തില്‍ അവന്‍ അഭിനയിക്കുന്നുവെന്നറിഞ്ഞത്. അവനെല്ലാം വഴങ്ങും. അവന്റെ മഞ്ഞില്‍ വിരിഞ്ഞപ്പൂവ് എന്ന ചിത്രം കണ്ടപ്പോള്‍ ഞാനൊരുപാട് സന്തോഷിച്ചു. ആ സിനിമയുടെ ആദ്യ ഷോ തന്നെ കാണാന്‍ എനിക്ക് അവസരം ലഭിച്ചു.
നല്ലൊരു ക്ഷമയുളള വ്യക്തിയാണ് ലാലു. ഇന്ദ്രനും രാജുവിനും അതില്ല. എത്ര തിരക്കിലും പ്രേക്ഷകരോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ക്ഷമയോടെ ചിരിച്ച് നില്‍ക്കാന്‍ ലാലുവിന് കഴിയും. അത് നല്ലൊരു സ്വഭാവമാണ്. അവനെക്കുറിച്ച് പല മോശം കാര്യങ്ങള്‍ ചിലര്‍ പറഞ്ഞുപരത്തുന്നുണ്ട്. അത് അവരുടെ സ്വഭാവം. ലാലുവിന്റെ സ്വഭാവത്തെക്കുറിച്ച് എനിക്ക് നന്നായി അറിയാം. അവന് കിട്ടിയ സ്ഥാനം വേറൊരു അഭിനേതാക്കള്‍ക്കും കിട്ടിയിട്ടില്ല. കുറ്റം പറയുന്നവര്‍ അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ അസൂയ ഉളളവരാണ്. എല്ലാം അവരുടെ സമീപനമാണ്”- മല്ലിക സുകുമാരന്‍ വ്യക്തമാക്കി.