വിയര്‍പ്പ് തുന്നിയിട്ട കുപ്പായമല്ല പാട്ടിനിടയില്‍ വലിച്ചൂരിയ കുപ്പായമാണ് പ്രശ്‌നം; ഗൗരി ലക്ഷ്മിയുടെ സംഗീത പരിപാടിക്ക് തല്ലും തലോടലും; ഒടുവില്‍ ഹരിവരാസനം പാടി തിരിച്ചുവരവ്

കൊച്ചി : സംഗീതം സാഗരമാണെന്ന് കേട്ടിട്ടുണ്ട്. എന്നുവെച്ചാല്‍ കടല്‍. ആ കടലിലേക്ക് കുളിക്കാന്‍ ഇറങ്ങുമ്പോള്‍ വസ്ത്രം അഴിച്ചു വെച്ചിട്ട് വേണ്ടേ ഇറങ്ങാന്‍ .
സോഷ്യല്‍ മീഡിയ ഇപ്പോള്‍ ആഘോഷിക്കുന്നത് ഗായിക ഗൗരി ലക്ഷ്മിയുടെ കുപ്പായം വലിച്ചൂരി എറിഞ്ഞ പാട്ടാണ്. വേടന്‍ എഴുതിയ പോലെ വിയര്‍പ്പ് തുന്നിയിട്ട കുപ്പായം അല്ല, പാട്ടിനിടയില്‍ വലിചൂരിയ കുപ്പായമാണ് തല്ലും തലോടലും നേടിക്കൊണ്ടിരിക്കുന്നത്.
എന്നും വിവാദങ്ങളുടെ തോഴിയായി നില്‍ക്കാറുള്ള ഗൗരി കഴിഞ്ഞവര്‍ഷം അവസാനം സ്റ്റേജില്‍ അവതരിപ്പിച്ച പാട്ടിന്റെ ഒടുവില്‍ അണിഞ്ഞിരുന്ന വസ്ത്രങ്ങളില്‍ മേല്‍ വസ്ത്രം ഊരിയെറിയുന്നുണ്ട്. കൂടെ കോറസ് കളിച്ചവരും ഇതുതന്നെ ചെയ്യുന്നു.
ഇതിനെ അനുകൂലിച്ചും ശക്തമായി എതിര്‍ത്തും നിരവധി പേരാണ് കഴിഞ്ഞവര്‍ഷം മുതല്‍ ഈ വര്‍ഷത്തിലും രംഗത്തുള്ളത്. തലോടലിനേക്കാള്‍ കൂടുതല്‍ തല്ലാണ് ഗൗരിയുടെ പെര്‍ഫോമന്‍സിന് കിട്ടിയിരിക്കുന്നത്.

കഞ്ചാവ് അടിച്ചാണ് ഗൗരി പാടിയത് എന്ന് നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്.
ഗൗരി മേല്‍ വസ്ത്രം ഊരിയെങ്കിലും നഗ്‌നതാ പ്രദര്‍ശനം ഇല്ലല്ലോ എന്ന് ചിലര്‍ ന്യായീകരിക്കുന്നു .
പി ജയചന്ദ്രന്‍, എസ് ജാനകി, പി.സുശീല തുടങ്ങിയ ഗായകരെയും അവരുടെ സ്റ്റേജ് പെര്‍ഫോമന്‍സുകളെയും ഓര്‍ത്തെടുക്കുന്നുണ്ട് ചിലര്‍.
ഈ വിദേശനിര്‍മ്മിത വസ്ത്രം ഞാന്‍ ഇവിടെ ഉപേക്ഷിക്കുകയാണ് എന്ന് മൂക്കില്ലാ രാജ്യത്ത് എന്ന സിനിമയില്‍ തിലകന്‍ പറയുന്ന സൂപ്പര്‍ ഹിറ്റ് ഡയലോഗ് നിരവധിപേര്‍ ഗൗരിയുടെ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
ഇതാണ് ശരിക്കുള്ള അഴിഞ്ഞാട്ടം എന്ന് പറഞ്ഞവരും കുറവല്ല. ഇവള്‍ കൂടിയത് കൊണ്ട് കുഴപ്പമില്ല രേണു സുധി ആയിരുന്നെങ്കില്‍ ഇവിടെ എന്തെല്ലാം പൊല്ലാപ്പ് ഉണ്ടാകുമായിരുന്നു എന്നും ചിലര്‍ ചോദിച്ചിട്ടുണ്ട്.

കഞ്ചാവ് പാട്ടുകള്‍ എന്ന ഒരു പുതിയ ഗാനശാഖ രൂപപ്പെട്ടു വരുന്നു എന്ന് കമന്റ് ഇട്ടവരും ഉണ്ട്. മേല്‍വസ്ത്രം ഊരികളഞ്ഞെങ്കിലും ആ കുട്ടിക്ക് അതുകൊണ്ട് വൃത്തികേട് തോന്നിക്കുന്നില്ല എന്ന് ന്യായീകരിച്ചവരും ഉണ്ട്.
പണ്ട് സ്‌കൂള്‍ വിട്ടുവന്നാല്‍ ഉടന്‍ താന്‍ ചെയ്യുന്നതാണ് ഗൗരി ചെയ്തത് എന്ന രസികന്‍ കമന്റും ഒരാള്‍ ഇട്ടിട്ടുണ്ട്.
ഇത്തരത്തില്‍ തുണിയുരിഞ്ഞ് പാടുന്നവര്‍ക്ക് ഈ വര്‍ഷത്തെ ചെമ്പൈ പുരസ്‌കാരം കൊടുക്കണം എന്നും ചിലര്‍ തട്ടി വിട്ടിട്ടുണ്ട്.
ശരീരമല്ല ശാരീരമാണ് പാട്ടില്‍ ശ്രദ്ധിക്കപ്പെടേണ്ടത് എന്ന് യേശുദാസ് പറഞ്ഞ ഉപദേശവും ചിലര്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.
ഇങ്ങനെ പാട്ടുപാടിയില്ലെങ്കില്‍ വസ്ത്രം അഴിച്ച് എറിഞ്ഞില്ലെങ്കില്‍ ആരും കാണാനുണ്ടാവില്ലേ പരിപാടി എന്ന് സംശയിക്കുന്നവരും ഏറെ.
ഈ കുട്ടിയുടെ അടുത്ത പരിപാടി എവിടെയാണെന്ന് ദയവായി അറിയിക്കുമോ എന്ന് ചോദിച്ചവരും കൂട്ടത്തില്‍ ഉണ്ട്.
ഗൗരി നല്ല കലാകാരിയും നല്ല പാട്ടുകാരിയും ആണെന്ന് അഭിനന്ദിച്ചവരും ഒരുപാടുണ്ട്.
എന്നാല്‍ ഇത്തരത്തിലുള്ള അവതരണങ്ങള്‍ നല്ലതല്ല എന്ന് വിമര്‍ശിച്ചവരും ഉണ്ട്.
സ്ഫടികത്തിലെ ആടുതോമയുടെ മുണ്ട് പറിച്ചടിയോട് ഗൗരിയുടെ തുണി പറിച്ച പാട്ടിനെ ഉപമിച്ച രസികന്മാരും ഉണ്ട്.
സംഘാടകരെ കുറ്റം പറഞ്ഞവരും ഒട്ടും കുറവല്ല. ഇഷ്ടമുള്ളവര്‍ കാണട്ടെ അല്ലാത്തവര്‍ കാണണ്ട എന്ന് അഭിപ്രായപ്പെട്ടവരും ആ കുട്ടിക്കോ വീട്ടുകാര്‍ക്കോ പ്രശ്‌നമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണ് പ്രശ്‌നം എന്ന് ചോദിച്ചവരും ഗൗരിക്ക് പിന്തുണ നല്‍കുന്നവരും കൂട്ടത്തിലുണ്ട്.
എന്നാല്‍ ഗൗരി ഏതാനും ദിവസം മുന്‍പ് പാടിയ ഹരിവരാസനത്തിന്റെ കവര്‍ സോങ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്.
പേടിച്ചു പേടിച്ചാണ് ഗൗരിയുടെ ഹരിവരാസനം കേള്‍ക്കാന്‍ തുടങ്ങിയതെന്നും എന്നാല്‍ പാട്ട് ഉഗ്രനായിരുന്നുവെന്നും ഇത്രയേറെ കഴിവുള്ള ഒരു ഗായിക സ്റ്റേജില്‍ തുണി വലിച്ചെറിയുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെട്ടവര്‍ നിരവധിയുണ്ട്.

ഇത്രയും നല്ല കഴിവ് കയ്യില്‍ ഉണ്ടായിട്ടാണോ കോപ്രായം കാണിക്കുന്നത് എന്ന് ഹരിവരാസനം പാട്ടിന്റെ വീഡിയോയ്ക്ക് താഴെ നിരവധി ചോദിച്ചിട്ടുണ്ട്.
എന്നും അടിക്കുന്ന സാധനം കിട്ടാത്തത് കൊണ്ടായിരിക്കാം ഇങ്ങനെ പെര്‍ഫോം ചെയ്തത് അല്ലേ എന്ന് പരിഹസിച്ചവരും കുറവല്ല.
നന്നായി പാടി എന്നും സ്വര്‍ണം പോയ വിഷമത്തിലിരിക്കുന്ന അയ്യപ്പന്‍ ഈ പാട്ട് കേട്ട് ഉറങ്ങിയിട്ടുണ്ടാകും എന്ന് പ്രശംസിച്ചവരും ഉണ്ട്.
നല്ലത് കണ്ടാല്‍ നല്ലതെന്ന് പറയുന്നവരാണ് മലയാളികളെന്നും തുണി ഉരിഞ്ഞറിഞ്ഞ പാട്ടിനെ കൊന്നു കൊലവിളിച്ചെങ്കിലും നന്നായി പാടിയ ഹരിവരാസനത്തെ ഗംഭീരമായ് തന്നെ അഭിനന്ദിക്കാന്‍ അവര്‍ക്ക് മടിയില്ലെന്നും ഗൗരിയുടെ വീഡിയോകള്‍ക്ക് താഴെയുള്ള കമന്റ് ബോക്‌സില്‍ നിറയുന്ന കമന്റുകള്‍ തെളിയിക്കുന്നു.






