CrimeNEWS

അച്ഛനും അമ്മാവനും കിട്ടിയ ശിക്ഷയില്‍ തൃപ്തിയില്ല; തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ ഹരിത അപ്പീല്‍ പോകും

പാലക്കാട്: തേങ്കുറിശ്ശി ദുരഭിമാനക്കൊല കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് കൊണ്ടുള്ള കോടതി വിധിയില്‍ തൃപ്തയല്ലെന്ന് അനീഷിന്റെ ഭാര്യ ഹരിത. ‘ഇവര്‍ ഇത്രയും വലിയ തെറ്റ് ചെയ്തിട്ടും ഇവര്‍ക്ക് ലഭിച്ച ശിക്ഷയില്‍ ഞാന്‍ തൃപ്തയല്ല. വധശിക്ഷ തന്നെ വേണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. വിധിക്കെതിരെ അപ്പീലിന് പോകും.’- ഹരിത മാധ്യമങ്ങളോട് പറഞ്ഞു.

കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവനും ഒന്നാം പ്രതിയുമായ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷിനെയും ഹരിതയുടെ അച്ഛനും രണ്ടാം പ്രതിയുമായ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാറിനെയുമാണ് ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ വിനായക റാവു വിധിച്ചത്. ഇരുവര്‍ക്കും അരലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരാണെന്നു കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. വിധിക്ക് പിന്നാലെയാണ് ഹരിതയുടെ പ്രതികരണം.

Signature-ad

‘പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തമാണ് പ്രതീക്ഷിച്ചിരുന്നത്. അതൊന്നുമല്ല അവര്‍ക്ക് കൊടുത്തത്. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത് വധശിക്ഷയായിരുന്നു. ഈ ക്രൂരതയ്ക്ക് ഈ ശിക്ഷ പോരാ. വിചാരണ ഘട്ടത്തില്‍ എന്നെയും കൊല്ലുമെന്ന തരത്തില്‍ ഭീഷണികളൊക്കെ ഉണ്ടായിരുന്നു. പരിസരത്തുള്ള ആളുകളാണ് ഭീഷണിപ്പെടുത്തിയത്. സര്‍ക്കാരില്‍ പ്രതീക്ഷയുണ്ട്. സര്‍ക്കാരുമായി സംസാരിച്ച് അപ്പീലുമായി മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷ’- ഹരിത പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: