വിനോദയാത്രക്കിടെ മന്തി കഴിച്ചതോടെ വയറുവേദനയും ചർദ്ദിയും, വന്ദേ ഭാരതിൽ യുവാവ് കുഴഞ്ഞുവീണു, തൃശൂരിൽ ട്രെയിനെത്തുമ്പോൾ വേണ്ട സജ്ജീകരണങ്ങളൊരുക്കാൻ നിർദേശിച്ചിട്ടും ചെയ്തില്ല, കനിയാതെ റെയിൽവേ പോലീസും!! അഭിരാമിനെ ആശുപത്രിയിലെത്തിച്ചത് ഭക്ഷണവിതരണക്കാർ… ആശുപത്രിയെത്തും മുൻപ് 23 കാരന് ദാരുണാന്ത്യം, കുടുംബത്തിന് നഷ്ടമായത് ഏക മകനെ

തൃശ്ശൂർ: യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വന്ദേ ഭാരത് ട്രെയിനിൽ കുഴഞ്ഞുവീണ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ വേണ്ട സൗകര്യങ്ങളൊരുക്കാതെ തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ. പിന്നാലെ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത് സ്വകാര്യ ഭക്ഷണവിതരണ ശൃംഖലയിലെ യുവാക്കൾ. ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരം ആനയിടവഴി പാരപ്പെറ്റെ ലെയിൻ ശ്രീരാഘവത്തിൽ അഭിരാം(23) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് ഷൊർണൂരിൽനിന്നാണ് അഭിരാമും കുടുംബവും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. യാത്രക്കിടെ തൃശ്ശൂരെത്തുന്നതിന് പത്തു മിനിറ്റു മുമ്പാണ് അഭിരാമിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതും കുഴഞ്ഞുവീഴുന്നതും. ഉടൻ ടിടിയെ വിവരമറിയിക്കുകയും സംഘം തൃശ്ശൂരിൽ ഇറങ്ങുകയും ചെയ്തു. എന്നാൽ, കേണപേക്ഷിച്ചിട്ടും റെയിൽവേ പോലീസുകാർ ആശുപത്രിയിലെത്തിക്കാൻ ഒരു സഹായവും ചെയ്തില്ലെന്ന് അഭിരാമിന്റെ അമ്മാവൻ അഭിലാഷ് പറഞ്ഞു. തിരുവനന്തപുരം ടെക്നോപാർക്കിലെ ഉദ്യോഗസ്ഥനാണ് മരിച്ച അഭിരാം.
അതേസമയം മുൻപേ അറിയിച്ചിട്ടും മെഡിക്കൽ സംവിധാനങ്ങളൊരുക്കാനും റെയിൽവേക്ക് ആയില്ല. സംഭവം കണ്ട് ഭക്ഷണവിതരണക്കാരായ ചെറുപ്പക്കാരാണ് കാറുവിളിച്ച് ആശുപത്രിയിലെത്തിക്കാൻ സഹായിച്ചത്- അദ്ദേഹം പറഞ്ഞു. എന്നാൽ, സംഭവം അറിഞ്ഞയുടനെ 108 ആംബുലൻസിനെ ബന്ധപ്പെട്ടിരുന്നെന്നും ആംബുലൻസ് വൈകുമെന്നതിനാൽ റെയിൽവേയാണ് ടാക്സി സജ്ജമാക്കിയതെന്നും റെയിൽവേ അധികൃതരും പറയുന്നു.
ചാർട്ടേർഡ് അക്കൗണ്ടായ രമേഷ്‌കുമാറിന്റെയും തിരുമല എഎംഎച്ച്എസ്എസ് അധ്യാപിക ആദർശിനിയുടെയും ഏക മകനാണ് മരിച്ച അഭിരാം. ഇവരും അമ്മാവൻ അഭിലാഷും അവരുടെ കുടുംബവുമൊത്ത് വെള്ളിയാഴ്ച പാലക്കാട് നെല്ലിയാമ്പതിയിലേക്ക് വിനോദയാത്രയ്ക്ക് പോയതായിരുന്നു. അന്നു രാത്രി പാലക്കാട്ടെ ഹോട്ടലിൽനിന്ന് മന്തി കഴിച്ചിരുന്നു. ശനിയാഴ്ച രാവിലെ അഭിരാമിന് വയറുവേദനയും ചർദ്ദിയും മറ്റു ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. അസുഖം കുറഞ്ഞെങ്കിലും അന്ന് അവിടെ വിശ്രമിച്ചു. തുടർന്നു ഞായറാഴ്ച വൈകീട്ട് തിരുവനന്തപുരത്തേക്ക് തിരിച്ചു. ഇതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നത്.
ഞായറാഴ്ച വൈകീട്ട് 6.21-നാണ് വന്ദേഭാരത് തൃശ്ശൂരിലെത്തിയത്. 6.35-ഓടെ സ്വകാര്യ ആശുപത്രിയിൽ അഭിരാമിനെ പ്രവേശിപ്പിച്ചെങ്കിലും അവിടെയെത്തുന്നതിനു മുൻപ് മരിച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക് മടങ്ങി. സംസ്കാരം ചൊവ്വാഴ്ച.
അതേസമയം ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കയച്ചിട്ടുണ്ടെന്നും അതിന്റെ ഫലം ലഭിച്ചശേഷമേ മരണകാര്യത്തിൽ വ്യക്തതയുണ്ടാകൂവെന്നും തൃശ്ശൂർ മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. ടി.എസ്. ഹിതേഷ് ശങ്കർ അറിയിച്ചു.






