വിഘ്‌നേശ്വരാ പിതാവിന്റെ വിഗ്രഹത്തിന് വഴിമുടക്കുകള്‍ മാറ്റണേ; ഭക്തലക്ഷങ്ങള്‍ ഗണപതിയോട് പ്രാര്‍ത്ഥിക്കുന്നു; ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗത്തിന് കടന്നുപോകാന്‍ വിഘ്‌നങ്ങള്‍ മാറ്റണേയെന്ന്; വീഴാറായ പാലം കടക്കുക ദുര്‍ഘടം; ശിവലിംഗം വഴിയില്‍ കുടുങ്ങി

ബീഹാര്‍: ഭക്തലക്ഷങ്ങള്‍ ഒരേ സ്വരത്തില്‍ പ്രാര്‍ത്ഥിക്കുകയാണ് – വിഘ്‌നേശ്വരാ വിഘ്‌നങ്ങളെല്ലാം തീര്‍ത്ത് പിതാവായ മഹാദേവന്റെ വിഗ്രഹത്തിന് കടന്നുപോകാന്‍ വഴിയൊരുക്കണേയെന്ന്. തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നിന്ന് ബിഹാറിലെ ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ കുടുങ്ങിയിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം. 33 അടി നീളമുള്ള ശിവലിംഗം ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ എത്തിയെങ്കിലും കുടുങ്ങുകയായിരുന്നു.
അപകടാവസ്ഥയിലുള്ള പഴയ പാലത്തിലൂടെ മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്. പാലത്തിന് ഭാരം താങ്ങാനുള്ള ശേഷിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും എഞ്ചിനിയര്‍മാര്‍ ആശങ്ക പങ്കുവെച്ചതോടെയാണ് യാത്ര വഴിമുട്ടിയത്. എസ്പി അവധേഷ് ദീക്ഷിത് എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ഉദ്യോഗസ്ഥര്‍ പാലം പരിശോധിച്ചു. പാലത്തില്‍ പലയിടത്തും വിള്ളലുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്.
ഈ പാലത്തിനു മുകളിലൂടെ ഇത്രയും വലിയ ശിവലിംഗം കൊണ്ടുപോകുന്നത് ഹൈ റിസ്‌ക് ആണെന്നാണ് പോലീസും എന്‍ജിനീയര്‍മാരും തദ്ദേശവാസികളും പറയുന്നത്. കടന്നുപപോകാന്‍ മറ്റേതെങ്കിലും വഴികളുണ്ടോയെന്ന് തേടുകയാണ് ഭക്തരടക്കമുള്ളവര്‍.

ബാലത്തി ചെക്പോസ്റ്റിനടുത്ത് ശിവലിംഗം വഹിച്ചുകൊണ്ടുള്ള വാഹനം നിര്‍ത്തിയിട്ടതോടെ ഒട്ടേറെ ഭക്തരാണ് ശിവലിംഗം കാണാനും തൊഴാനുമായി എത്തിച്ചേര്‍ന്നത്. മഹാബലിപുരത്തുനിന്ന് കിഴക്കന്‍ ചമ്പാരനിലെ വിരാട് രാമായണ ക്ഷേത്രത്തിലേക്കാണ് വിഗ്രഹം എത്തിക്കാനിരിക്കുന്നത്.
2025 നവംബര്‍ അവസാനത്തോടെയാണ് ഏകദേശം 210 മെട്രിക് ടണ്‍ ഭാരമുള്ള കരിങ്കല്ലില്‍ കൊത്തിയെടുത്ത ശിവലിംഗവുമായി മഹാബലിപുരത്ത് നിന്ന് ബിഹാറിലെ കിഴക്കന്‍ ചമ്പാരനില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വിരാട് രാമായണ ക്ഷേത്രത്തിലേക്ക് യാത്ര ആരംഭിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്ന് പോകുന്നത്. വഴിയിലുടനീളം ഭക്തര്‍ നിരനിരയായി നിന്ന് മന്ത്രോച്ചാരണങ്ങളും പൂജകളും നടത്തിയാണ് വിഗ്രഹത്തെ സ്വാഗതം ചെയ്യുന്നത്.
എന്നാല്‍ തീരെ നിനച്ചിരിക്കാതെ വന്ന വിഘ്‌നം തീരാന്‍ മഹാദേവന്റെ പ്രിയപുത്രനായ സാക്ഷാല്‍ വിഘ്‌നേശ്വരനെ തന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുകയാണ് ഭക്തര്‍.






