Breaking NewsKeralaLead NewsMovieNEWSNewsthen Special

മലയാള ഭാഷയ്ക്ക് കലാമണ്ഡലം സത്യഭാമ വക പുതിയൊരു പ്രയോഗം പിണ്ഡോദരി മോള്‍ ; അധിക്ഷേപ വീഡിയോയുമായി വീണ്ടും; നടി സ്‌നേഹ ശ്രീകുമാറിനെതിരെ സത്യഭാമ

 

കൊച്ചി: മലയാള ഭാഷയ്ക്ക് കലാമണ്ഡലം സത്യഭാമ വക പുതിയൊരു പ്രയോഗം – പിണ്ഡോദരി മോള്‍. മുന്‍പ് ആര്‍.എല്‍.വി.രാമകൃഷ്ണനെ കുറിച്ചൊരു ഉപമ പ്രയോഗം നടത്തിയ ആളാണ് കലാമണ്ഡലം സത്യഭാമ.
ഇപ്പോഴത്തെ പിണ്ഡോദരി മോള്‍ പ്രയോഗം നടി സ്‌നേഹ ശ്രീകുമാറിനാണ്. അതായത് സൂപ്പര്‍ഹിറ്റ് സീരിയല്‍ മറിമായത്തിലെ മണ്ഡോദരിക്ക്.

Signature-ad

നെടുങ്കനൊരു വീഡിയോ സന്ദേശത്തിലാണ് കലാമണ്ഡലം സത്യഭാമ സ്‌നേഹയുടെ പേരു പറയാതെ സ്‌നേഹയുടെ ചിത്രം ഇന്‍സേര്‍ട്ട് ചെയ്ത് പിണ്ഡോദരി മോളെക്കുറിച്ച് കലിപ്പ് തീരുവോളം പലതും പറയുന്നത്.
ബോഡി ഷെയ്മിംഗിന്റെ അങ്ങേയറ്റം വരെ സത്യഭാമ എത്തിയിട്ടുണ്ട്. ആരും പരാതി കൊടുക്കാതെ തന്നെ കേസെടുക്കാവുന്ന തരത്തിലെല്ലാം അവര്‍ സ്‌നേഹക്കെതിരെ പറഞ്ഞിട്ടുണ്ട്.

നര്‍ത്തകന്‍ ആര്‍.എല്‍.വി. രാമകൃഷ്ണനെതിരെ നടത്തിയ ജാതിവര്‍ണ അധിക്ഷേപത്തിന് പിന്നാലെയാണ് നടി സ്‌നേഹ ശ്രീകുമാറിനെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളുമായി കലാമണ്ഡലം സത്യഭാമ രംഗത്തെത്തിയിരിക്കുന്നത്.
മുന്‍പ് രാമകൃഷ്ണനെതിരെയുള്ള സത്യഭാമയുടെ വിദ്വേഷ പരാമര്‍ശങ്ങളെ സ്‌നേഹ വിമര്‍ശിച്ചിരുന്നു. ഇതിനുള്ള മറുപടിയെന്നോണം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വിഡിയോയിലാണ് സ്‌നേഹയുടെ ശാരീരിക പ്രത്യേകതകളെയും കുടുംബത്തെയും അധിക്ഷേപിച്ചുകൊണ്ട് സത്യഭാമ സംസാരിച്ചത്.

മണ്ഡോദരിയെ അവതരിപ്പിക്കുന്ന സ്‌നേഹയെ പിണ്ഡോദരി മോളെ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന സത്യഭാമ സ്‌നേഹയുടെ കുടുംബത്തേയും പ്രൊഫഷനേയുമൊക്കെ പരിഹസിക്കുന്നുണ്ട്.

സ്‌നേഹയുടെ ഭര്‍ത്താവ് ശ്രീകുമാര്‍ കേസില്‍പെട്ടതിനെ പരിഹസിക്കുന്നതോടൊപ്പം പൊതുവേദിയില്‍ വച്ച് കാണുമ്പോള്‍ ഇതിന് മറുപടി നല്‍കുമെന്നും വിഡിയോയില്‍ ഭീഷണി മുഴക്കുന്നുണ്ട്.

സത്യഭാമയുടെ വീഡിയോയില്‍ പറയുന്നതിലെ പ്രസക്തഭാഗങ്ങള്‍…

ഞാന്‍ കുറച്ചു വിവാദങ്ങളിലൊക്കെ പെട്ടതായി എല്ലാവര്‍ക്കും അറിയാമല്ലോ. അത് വിവാദമായി നിങ്ങള്‍ക്ക് തോന്നിയെങ്കിലും എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. അതിന്റെ സത്യാവസ്ഥകള്‍ ഞാന്‍ ലൈവില്‍ വന്നു പറയും. പക്ഷേ ആ സമയത്ത് എന്നെ വേദനിപ്പിച്ച ചിലരുണ്ട്. എന്റെ ബന്ധുക്കള്‍ക്ക് എന്നെ പബ്ലിക് ആയി സപ്പോര്‍ട്ട് ചെയ്യാന്‍ പറ്റില്ല, കാരണം മാധ്യമങ്ങള്‍ അവരെ വളയും. എങ്കിലും എന്റെ ബന്ധുക്കള്‍ എല്ലാവരും എന്നെ വിളിച്ച് പിന്തുണ അറിയിച്ചു. എന്റെ കരിയര്‍ പോലും നിന്നും പോകുന്ന അവസ്ഥ ഉണ്ടായിരുന്നു. പക്ഷേ ഈശ്വരാധീനം ഉള്ള കല ആണ് ഞാന്‍ ചെയ്യുന്നത്. അതുകൊണ്ടു ദൈവങ്ങള്‍ എന്റെ കൂടെ നിന്നു.

ഞാന്‍ തളര്‍ന്നില്ല ഒറ്റയ്ക്ക് പോരാടി. കലാലോകത്ത് എനിക്ക് വേണ്ടപ്പെട്ടവര്‍ക്ക് പോലും നേരിട്ട് സഹായിക്കാന്‍ സാധിച്ചില്ല. കല പഠിച്ച ചിലര്‍ എന്നെ ദ്രോഹിക്കുകയും ചെയ്തു. ദേഹോപദ്രവം അല്ല ഞാന്‍ ഉദേശിച്ചത്, അല്ലാതെ മാധ്യമങ്ങളിലൂടെ ഓരോന്ന് വിളിച്ചു പറഞ്ഞു. ആ സമയത്ത് ഞാന്‍ മാനസികമായി കുറച്ചു ബുദ്ധിമുട്ടിയിരുന്നു.

കലാമണ്ഡലത്തില്‍ ഓട്ടം തുള്ളല്‍ പഠിച്ച ഒരുത്തിയുണ്ട്. ഇവള്‍ ഓട്ടം തുള്ളലാണോ പഠിച്ചത് എന്നുപോലും എനിക്ക് അറിയില്ല. ഞാന്‍ പിന്നീടാണ് അത് അറിഞ്ഞത്, ചാനലില്‍ വരുന്ന ‘മറിമായം’ എന്നൊരു പരിപാടിയില്‍ അഭിനയിക്കുന്ന സ്ത്രീയാണത്. വളരെ നല്ല രീതിയില്‍ പോകുന്ന ഒരു പരിപാടിയാണ് അത്. മണികണ്ഠന്‍, നിയാസ്, ഉണ്ണി തുടങ്ങിയ അസാധ്യ കലാകാരന്മാര്‍ ഒക്കെ അതിലുണ്ട്. അതിനകത്താണ് ഞാന്‍ പറയുന്ന ഈ കക്ഷി ഉള്ളത്. അവളെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. വീര്‍ത്ത കവിളും ആകപ്പാടെ ഉരുണ്ടിരിക്കുന്ന ഒരുത്തി.

ഇവള്‍ വന്നിട്ട് എന്നെ പറഞ്ഞത് എന്താണെന്ന് അറിയാമോ. ഈ സ്ത്രീ മറ്റേയാളുടെ കൂടെ വന്ന് നൃത്തം കളിക്കാമോ എന്ന്, എന്റെ എതിര്‍ കക്ഷിയായ ആളുടെ കൂടെ, എന്താടി എനിക്ക് കളിക്കാന്‍ പറ്റാത്തത് ? ഞാന്‍ സ്ത്രീ അല്ല എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ. നിനക്ക് ഡാന്‍സ് ഇന്റര്‍വ്യൂവിനു ചെന്നിട്ട് കിട്ടാഞ്ഞിട്ടല്ലേ നീ ഓട്ടം തുള്ളല്‍ എടുത്തത്. നീ എന്നിട്ട് ഇപ്പൊ ഓട്ടം തുള്ളല്‍ ആണോ തുള്ളുന്നത്, ആദ്യം നീ പഠിച്ച തൊഴില്‍ നീ കൈകാര്യം ചെയ്യുന്നുണ്ടോ, അത് ആദ്യം നീ ചെയ്യ്, എന്നിട്ട് നീ എന്റെ അടുത്തേക്ക് വാ. നീ നിന്റെ അമ്മയുടെ വയറ്റില്‍ ഉണ്ടാകുന്നതിനു മുന്‍പ് ഞാന്‍ മുഖത്ത് ചായം തേച്ച് ഫീല്‍ഡില്‍ ഇറങ്ങിയതാണ്.

നീ സ്ത്രീ എന്ന് വിളിക്കാന്‍ ഞാന്‍ പുരുഷന്‍ ആണെന്ന് പറഞ്ഞ് പാന്റും ഷര്‍ട്ടും ഇട്ടു നടന്നിട്ടില്ല. നീ പോയി കേസ് കൊടുക്ക് അപ്പോള്‍ ഞാന്‍ നിന്റെ പിറകെ വരാം. നീ പഠിച്ചത് നീ ഒന്ന് കളിച്ചേ. എന്റെ ഒരു ഫ്രണ്ട് പറഞ്ഞപ്പോഴാണ് അറിഞ്ഞത് നീ തുള്ളല്‍ ആണ് പഠിച്ചതെന്ന്. തുള്ളല്‍ നല്ല ഒരു കലയാണ് അത് സമ്മതിച്ചു. നീ ആദ്യം അത് തുള്ള്. നീ കഞ്ഞികുടിച്ചു ജീവിക്കാന്‍ അല്ലേ ‘മറിമായ’ത്തില്‍ പോയത്. നീ വലിയ ആര്‍ട്ടിസ്റ്റ് ആണെന്നാണോ വിചാരം. എന്നോട് നീ പറഞ്ഞില്ലേ കളിക്കാന്‍, നിനക്ക് ഇപ്പോള്‍ എന്റെ കളി കാണണോ. ഞാന്‍ അന്തസായി എന്റെ തൊഴില്‍ ആണ് ചെയ്തു ജീവിക്കുന്നത്.

നീ പറഞ്ഞ ആള്‍ പഠിച്ചതുപോലെ തന്നെയാണ് ഞാനും പഠിച്ചത്. നിന്റെ നാട്ടില്‍ ഒരു പരിപാടിക്ക് എന്നെ വിളിക്ക് ഞാന്‍ വന്നു കളിക്കാം. നീ എന്നെ പറഞ്ഞതിന്റെ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ നിനക്ക് കിട്ടിയോ, നിന്റെ ഭര്‍ത്താവ് പീഡന കേസില്‍ പ്രതിയായി.അതൊക്കെ നീ മറന്നോ ? ഞങ്ങളൊന്നുമതു മറന്നിട്ടില്ല. അതിനാണ് ദൈവം എന്നൊരു ശക്തി ഉള്ളത്. ഒരാളെ അറിയാതെ ഒന്നും പറയരുത്. ഒരു വ്യക്തിയെക്കുറിച്ച് സത്യമറിയാതെ ഞാന്‍ ഒന്നും പറയില്ല. നീ എന്റെ കേസിന്റെ സമയത്ത് എനിക്കിട്ടങ്ങു പൂശി. എനിക്കൊരു അവസരം കിട്ടും, ഞാന്‍ ഫെയ്‌സ്ബുക്കും യുട്യൂബും ഒക്കെ തുടങ്ങിയത് കാശ് ഉണ്ടാക്കാനല്ല.

അങ്ങനെ കുറേപ്പേരുണ്ട്, ഒരു പണിയും അറിയാത്തവര്‍. എന്റെ കയ്യില്‍ അന്തസായി ഒരു പണി ഉണ്ട്. എനിക്ക് നൃത്തം ചെയ്യാന്‍ സാധിക്കും എന്നുള്ളതുകൊണ്ടാണ് ഞാന്‍ ചാനല്‍ തുടങ്ങിയത്. നീ എന്റെ പേജ് തുറന്നു നോക്ക് ഞാന്‍ ഡാന്‍സിനെപ്പറ്റിയും എന്റെ കുട്ടികളുടെ പരിപാടികളെപ്പറ്റിയും അതിനകത്ത് ഇട്ടിട്ടുള്ളത് നോക്ക്. നീ വലിയ ആര്‍ടിസ്റ്റ് ആണെന്നാണ് നിന്റെ വിചാരം.മുഖത്ത് ചായം തേച്ചു എന്ന് കരുതി ആര്‍ട്ടിസ്റ്റ് ആകില്ല, നിന്റെ ഏറ്റവും വലിയ തൊഴില്‍ ‘മറിമായ’ത്തില്‍ തുള്ളുന്നതാണ്. നിന്നെ എന്താ ആരും ഉര്‍വശി ശാരദ എന്ന് വിളിക്കാത്തത്? നമുക്ക് വലിയ വലിയ നടിമാര്‍ ഒക്കെ ഉണ്ട്. നിന്റെ പേര് എന്താ നിന്റെ പരിപാടിയില്‍. നിന്റെ ഫിഗറിന് പറ്റിയ പേരാണ് നിനക്ക് ഇട്ടിരിക്കുന്നത് . എന്നെ പറഞ്ഞതിന്റെ ആറു മാസം നിന്റെ ഭര്‍ത്താവിന് കിട്ടി. ഇപ്പോള്‍ നിന്റെ ഭര്‍ത്താവിനെ അതില്‍ കാണാന്‍ ഇല്ലല്ലോ. അനാവശ്യം പറയുമ്പോള്‍ ദൈവം എന്നൊരു ശക്തി ഉണ്ടെന്നു ഓര്‍ക്കണം. അതിന്റെ അടി ആണ് നിനക്ക് കിട്ടിയത്. ഇതൊന്നു പറയണം എന്ന് വിചാരിച്ചിട്ട് കുറെ ദിവസമായി ഇന്നാണ് അവസരം കിട്ടിയത്. ഇനി നീ എനിക്കെതിരെ വൃത്തിയായി ഫെയ്‌സ്ബുക്കില്‍ ഇട്. അപ്പോള്‍ അതിന്റെ പുറകെ ഞാന്‍
വരാം
.

സ്‌നേഹയുടേയും രാമകൃഷ്ണന്റേയോ പേര് ഒരിടത്തും സത്യഭാമ പരാമര്‍ശിച്ചിട്ടില്ലെങ്കിലും വീഡിയോയയില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത് സ്‌നേഹയുടെ ചിത്രങ്ങളാണ്.
മുന്‍പ് സത്യഭാമയും ആര്‍എല്‍വി രാമകൃഷ്ണനും തമ്മിലുള്ള വിവാദത്തില്‍ രാമകൃഷ്ണനെ പിന്തുണച്ച് സ്‌നേഹ പറഞ്ഞ വാക്കുകള്‍ ഏറെ ചര്‍ച്ചയായിരുന്നു.

അന്ന് സ്‌നേഹ പറഞ്ഞതിലെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ –
ആ സ്ത്രീ പറയുന്നു അവര്‍ രാമകൃഷ്ണനെ അല്ല ഉദ്ദേശിച്ചതെന്ന്. അവരിനി ആരെ ഉദ്ദേശിച്ചാലും അവര്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത വാക്കുകളാണ് അവര്‍ ഉപയോഗിച്ചിട്ടുള്ളത്. ഒരിക്കലും ഒരു കലാകാരിക്ക് ചേര്‍ന്ന സംസ്‌കാരമല്ല അവര് അന്ന് ഒരു യൂട്യൂബ് ചാനലിന്റെ മുന്നില്‍ ഇരുന്ന് പറഞ്ഞത്. പ്രത്യേകിച്ച് ഒരു ടീച്ചര്‍. ഒരു ടീച്ചര്‍ എന്നൊന്നും എനിക്ക് അവരെ പറയാന്‍ തോന്നുന്നില്ല. അവര്‍ക്ക് കലാമണ്ഡലം എന്നുള്ള പേര് അവരുടെ പേരിനോടൊപ്പം ചേര്‍ക്കാന്‍ യോഗ്യതയില്ല എന്ന് തന്നെ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍.

സാധാരണ മനുഷ്യര്‍ക്ക് വരെ ദഹിക്കാത്ത ചില വാക്കുകളാണ് അവര് പറഞ്ഞിരിക്കുന്നത്. അവരുടെ അടുത്ത് പഠിച്ച കുട്ടികളുടെ അവസ്ഥ എന്തായിരിക്കും എന്നാണ് ഞാന്‍ ഇപ്പോള്‍ ആലോചിക്കുന്നത്. എത്രത്തോളം മാനസിക പീഡനം അവര് സഹിച്ചിട്ടുണ്ടാവും എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ദയവുചെയ്ത് എനിക്ക് സര്‍ക്കാരിനോടും സര്‍വ്വകലാശാല യൂണിയന്‍കാരോടും ഒക്കെ പറയാനുള്ളത് ഇത്തരം ജഡ്ജസിനെ ദയവുചെയ്ത് നിങ്ങള്‍ വിളിക്കരുത്.

അതുപോലെ എന്റെ പ്രിയപ്പെട്ട കുട്ടികളോടും രക്ഷിതാക്കളോടും പറയാനുള്ളത്, ഇത്രയും നെഗറ്റീവ് എനര്‍ജി പകര്‍ന്നു തരുന്ന ഒരു അധ്യാപികയുടെ അടുത്ത് നിങ്ങള്‍ കുട്ടികളെ വിടുന്ന അത്രയും അബദ്ധം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ജീവിതത്തില്‍ സംഭവിക്കാനില്ല. ദയവുചെയ്ത് അത്തരം നെഗറ്റീവ് സംഗതികളെ കട്ട് ചെയ്ത് കളയുക.

രാമകൃഷ്‌ണേട്ടനെ സംബന്ധിച്ച് പറയുകയാണെങ്കില്‍, സിനിമയ്‌ക്കൊക്കെ മുമ്പേ എനിക്ക് നേരിട്ട് അറിയാവുന്ന ഒരാളാണ്. ഒരു നര്‍ത്തകന്‍ എന്ന രീതിയില്‍ ഏറ്റവും ആരാധനയോടുകൂടി ഞാന്‍ നോക്കി കണ്ടിട്ടുള്ള ഒരാളാണ് ഞാന്‍. രാമകൃഷ്‌ണേട്ടന് ഇങ്ങനത്തെ വിവാദങ്ങളുടെ ഒന്നും ആവശ്യമില്ല വൈറല്‍ ആവാന്‍ വേണ്ടിയിട്ട്. സാംസ്‌കാരിക കേരളത്തിന് തന്നെ ഏറ്റവും അപമാനമായ ഒരു സ്ത്രീയാണ് അവര്‍. അവരുടെ പേര് പോലും പറയാന്‍ എനിക്ക് ഇഷ്ടമില്ല, അത്രയും എനിക്ക് എതിര്‍പ്പാണ് അവരോട്.

സ്‌നേഹ ശ്രീകുമാര്‍ അന്നു പറഞ്ഞതിനുള്ള മറുപടിയാണ് ഇപ്പോള്‍ കലാമണ്ഡലം സത്യഭാമ വീഡിയോ സന്ദേശത്തിലൂടെ നല്‍കിയിരിക്കുന്നതെന്ന് വ്യക്തമാണ്. സത്യഭാമയുടെ പരാമര്‍ശങ്ങള്‍ക്കും ബോഡി ഷെയ്മിംഗിനുമെതിരെ സ്‌നേഹ ശ്രീകുമാര്‍ നിയമനടപടികളിലേക്ക് പോകുമോ എന്നാണ് അറിയാനുള്ളത്.

ഭഭബ സിനിമ 100 ദിവസം ഓടിയാല്‍ ഗണപതിക്ക് 1001 തേങ്ങ നേര്‍ന്നിട്ടുണ്ട് എന്ന് ഡയലോഗടിച്ച് ഏതാനും ദിവസം മുന്‍പ് കലാമണ്ഡലം സത്യഭാമ സിനിമയുടെ റിലീസ് സമയത്ത് പോസ്റ്റിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: