നല്ല അടി നാട്ടില്‍ കിട്ടില്ലേ ചേട്ടാ; വിലപേശി ഒടുവില്‍ അടിവാങ്ങി പട്ടായയില്‍ ഒരു ഇന്ത്യക്കാരന്‍; നടുറോഡിലിട്ട് ഇന്ത്യക്കാരനെ തല്ലി ലൈംഗിക തൊഴിലാളികള്‍: പറഞ്ഞുറപ്പിച്ച പണം കൊടുത്തില്ലെന്ന് പരാതി

തായ്‌ലാന്റ് : നല്ല അടി വേണമെങ്കില്‍ നാട്ടില്‍ കിട്ടുമല്ലോ എന്തിനാണ് തായ്‌ലാന്റിലെ പട്ടായയില്‍ പോയി അടി വാങ്ങുന്നത് എന്നാണ് പേരു വെളിപ്പെടുത്താത്ത ആ ഇന്ത്യക്കാരനോട് ആളുകള്‍ ചോദിക്കുന്നത്.
വിലപേശിയുറപ്പിച്ച് പട്ടായയിലെ ലൈംഗിക തൊഴിലാൡക്കൊപ്പം ആഘോഷിച്ച ശേഷം പറഞ്ഞുറപ്പിച്ച പണം നല്‍കാന്‍ വിസമ്മതിച്ചെന്നാരോപിച്ച് പട്ടായയിലെ ലൈംഗിക തൊഴിലാളികള്‍ ഒരു ഇന്ത്യക്കാരനെ അടിച്ചവശനാക്കി പഞ്ഞിക്കിട്ട കഥ വൈറലായിക്കഴിഞ്ഞു.
ഇതിനൊക്കെയെങ്കിലും കടം പറയാതെയും ചോദിച്ച പൈസ കൊടുത്തും വന്നൂടെടാ എന്നാണ് ഇന്ത്യക്കാരനോടുള്ള ആളുകളുടെ ചോദ്യം.
തായ്ലന്‍ഡിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പട്ടായയില്‍ ലൈംഗിക സേവനങ്ങള്‍ക്കുള്ള പണം നല്‍കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഇന്ത്യന്‍ പൗരന് അടിയേറ്റ് അത്യാവശ്യം നല്ല പരിക്ക് പറ്റി. പട്ടായയിലെ വാക്കിങ് സ്ട്രീറ്റില്‍ വെച്ച് ട്രാന്‍സ് വുമണ്‍ ലൈംഗികത്തൊഴിലാളികള്‍ ഇന്ത്യക്കാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ആക്രമണത്തിന് ഇരയായ 52കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുതുവര്‍ഷം പട്ടായയില്‍ ആഘോഷിക്കാനെത്തിയതാണ് അമ്പത്തിരണ്ടുകാരന്‍ ഇന്ത്യക്കാരന്‍. പുതുവര്‍ഷത്തിന് മൂന്നുനാള്‍ മുമ്പാണ് കക്ഷി കിലുക്കം സിനിമയില്‍ നന്ദിനിത്തമ്പുരാട്ടി കയ്യില്‍ പൈസയില്ലാതെ ഊട്ടിപ്പട്ടണം ചുറ്റിക്കറങ്ങാനെത്തിയ പോലെ കയ്യില്‍ അധികം പൈസയൊന്നുമില്ലാതെ പട്ടായ് ചുറ്റാനിറങ്ങിയത്.
അങ്ങിനെ ആള്‍ എത്തേണ്ടിടത്ത് എത്തുകയും ഡീല്‍ സംസാരിച്ചുറപ്പിക്കുകയും ചെയ്തു. പിന്നെ എല്ലാം കഴിഞ്ഞപ്പോള്‍ ആള്‍ പറഞ്ഞ തുക മുഴുവന്‍ കൊടുക്കാന്‍ വിസമ്മതിച്ചുവെന്നാണ് അടി കൊടുത്തവര്‍ പരാതിപ്പെടുന്നത്.
പട്ടായയിലെ പ്രശസ്തമായ വാക്കിംഗ് സ്ട്രീറ്റിന്റെ പ്രവേശന കവാടത്തിന് സമീപം വെച്ചാണ് ഇയാളെ അടിച്ചവശനാക്കിയത്.
പണം നല്‍കാന്‍ വിസമ്മതിച്ചതായി ആരോപിച്ചാണ് ഇയാളെ വാഹനത്തില്‍ നിന്ന് വലിച്ചിറക്കി ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ആളുകളെത്തി മര്‍ദ്ദനം തുടര്‍ന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹത്തിന് പ്രഥമശുശ്രൂഷ നല്‍കിയെന്നും പിന്നീട് കൂടുതല്‍ ചികിത്സയ്ക്കായി പട്ടമകുന്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നുമാണ് വിവരം.
സുഖം പ്രാപിച്ച ശേഷം 52-കാരനോട് പരാതി നല്‍കാന്‍ ആവശ്യപ്പെടുമെന്ന് തായ് പോലീസ് പറഞ്ഞു. തുടര്‍ന്ന് തായ് നിയമപ്രകാരം വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
അടിയും വാങ്ങി ആശുപത്രിയില്‍ കിടക്കുന്ന ഇന്ത്യക്കാരന്‍ പരിക്ക് ഭേദമായാലുടന്‍ സ്ഥലം വിടുമെന്നാണ് സൂചന. പരാതി നല്‍കാന്‍ പോയാല്‍ വീണ്ടും കിലുക്കത്തിലെ ജഗതിയെ പോലെ ആശുപത്രിയിലേക്ക് പരിക്കുകളോടെ വന്നു കിടക്കേണ്ടി വരുമെന്ന പേടിയുണ്ട് കക്ഷിക്ക്.






