വെട്ടി നിരത്തിയാലും വിട്ടുകൊടുക്കില്ല: സംസ്ഥാനത്തെ അർഹരായ മുഴുവന്‍ ആളുകളെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടപടിയുമായി സര്‍ക്കാര്‍: രേഖകള്‍ക്ക് ഫീസ് ഈടാക്കില്ല

തിരുവനന്തപുരം: ആരൊക്കെ വെട്ടി നിരത്തിയാലും വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച സംസ്ഥാന സർക്കാർ വോട്ടർ പട്ടികയുമായി മുന്നോട്ട്.അര്‍ഹരായ മുഴുവന്‍ ആളുകളെയും വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ അടിയന്തര നടപടികള്‍ക്ക് സര്‍ക്കാര്‍ തീരുമാനമെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചപ്പോൾ അത് . സംസ്ഥാന സർക്കാരിന്റെ ഏറ്റവും ധീരമായ പ്രഖ്യാപനമായി.
അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും വോട്ടവകാശം ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ നയം. എസ്‌ഐആര്‍ പ്രക്രിയ അര്‍ഹതയുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാകണം എന്ന് സംസ്ഥാന സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടത് അതുകൊണ്ടാണ്. എന്നാല്‍ അതിന് അനുകൂലമായ തീരുമാനങ്ങളല്ല ഉണ്ടായത്. അര്‍ഹരായ എല്ലാവര്‍ക്കും സമ്മതിദാന അവകാശം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ വില്ലേജ് തലത്തില്‍ ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിച്ചത് ഈ പശ്ചാത്തലത്തിലാണ്. വോട്ടര്‍ പട്ടികയില്‍ നിന്ന് വിട്ടുപോയ മുഴുവന്‍ ആളുകളും ഈ സൗകര്യം ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

മതിയായ രേഖകള്‍ കൈവശമില്ലാത്തവര്‍ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രേഖകള്‍ കിട്ടാന്‍ ഒരു ഫീസും ഈടാക്കുന്നതല്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കില്‍ അത് ഈ കാലയളവില്‍ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
വോട്ടര്‍പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനായി മതിയായ സഹായക കേന്ദ്രങ്ങള്‍ (help desk) പ്രാദേശികാടിസ്ഥാനത്തില്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആവശ്യമുള്ള സ്ഥലങ്ങളിലെല്ലാം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ ഹിയറിങ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിനും അതിനുവേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനും ജില്ലാ കളക്ടര്‍മാര്‍ക്ക് ചുമതല നല്‍കി. ഹിയറിങ്ങ് കേന്ദ്രങ്ങളില്‍ ആവശ്യമെങ്കില്‍ വോളന്റിയര്‍മാരുടെ സേവനവും മതിയായ ഹിയറിങ് ഉദ്യോഗസ്ഥരുടെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്. പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി ഫോമുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം എല്ലാ സഹായ കേന്ദ്രങ്ങളിലും സജ്ജീകരിക്കും. അക്ഷയ സെന്ററുകള്‍ ഈടാക്കുന്ന ഫീസ് ലഘൂകരിക്കാന്‍ ഐ.ടി വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ നിയോഗിക്കാത്തതോ ഒഴിവുള്ളതോ ആയ പോളിങ് സ്റ്റേഷനുകളില്‍ രണ്ടു ദിവസത്തിനകം തന്നെ നിയമനം നടത്തണമെന്നും നിര്‍ദ്ദേശിച്ചു. ഇആര്‍ഒ. എഇആര്‍ഒ, അഡീഷണല്‍ എഇആര്‍ഒ തസ്തികകളില്‍ വിരമിക്കല്‍ മുഖേന ഉണ്ടാകുന്ന ഒഴിവുകള്‍ ഉടനടി നികത്തുകയും പകരം ആളെ നിയമിക്കുന്ന മുറയ്ക്ക് മാത്രം ഘജഞ (വിരമിക്കുന്നതിനു മുന്‍പുള്ള അവധി) അനുവദിക്കുകയും ചെയ്യേണ്ടതാണ്. ഇക്കാലയളവില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നടത്താന്‍ പാടില്ല. മുന്‍കൂര്‍ അനുമതിയില്ലാതെ അവധി അനുവദിക്കരുത്.
കരട് പട്ടികയില്‍ നിന്നും വിട്ടുപോയ അര്‍ഹരായ എല്ലാവരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുന്നതിനായുളള ബോധവത്കരണം നടത്തും. കെ-സ്മാര്‍ട്ട് വഴി ലഭ്യമാകേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് കാലതാമസം നേരിടുകയാണെങ്കില്‍ അത് നേരിട്ട് പഞ്ചായത്ത് മുഖേന ലഭ്യമാക്കുന്ന കാര്യം പരിശോധിക്കുവാന്‍ തദ്ദേശസ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു. ക്യാമ്പുകളില്‍ ഒരു കെ-സ്മാര്‍ട്ട് ഹെല്‍പ്പ് ഡെസ്‌ക് സജ്ജമാക്കുവാന്‍ നിര്‍ദ്ദേശം നല്‍കി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കുകയും ആവശ്യമായ നടപടികള്‍ക്ക് ബന്ധപ്പെട്ട എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.






