KeralaNEWS

തൃശൂരില്‍ ‘എസ്ജി’ 30,000 വോട്ടിന് ജയിക്കും; രാജീവ്ജിക്ക് 15,000 ഭൂരിപക്ഷം…

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ 15,000 വോട്ടുകള്‍ക്ക് വിജയിക്കുമെന്ന് ബിജെപി വിലയിരുത്തല്‍. പാര്‍ട്ടി നേതൃയോഗത്തില്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറും കോണ്‍ഗ്രസിന്റെ ശശി തരൂരും തമ്മിലാണ് വാശിയേറിയ മത്സരം നടന്നത്. മണ്ഡലത്തില്‍ എല്‍ഡിഎഫ് രണ്ടാം സ്ഥാനത്തെത്താന്‍ സാധ്യതയില്ല. എല്ലാ അനുകൂല സാഹചര്യങ്ങളും യാഥാര്‍ത്ഥ്യമായാല്‍ രാജീവ് ചന്ദ്രശേഖറിന്റെ ഭൂരിപക്ഷം 60,000 വോട്ടായി ഉയരുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.

Signature-ad

ബിജെപി വിജയം ഉറപ്പിച്ച രണ്ടാമത്തെ മണ്ഡലമായ തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി 30,000 വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് വിലയിരുത്തല്‍. രാജീവ് ചന്ദ്രശേഖറിനേക്കാള്‍ സുരേഷ് ഗോപിയുടെ വിജയം ഉറപ്പാണെന്നാണ് ബിജെപിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ ഭൂരിപക്ഷം ഒരു ലക്ഷം വരെ ആയേക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട സമരം, നരേന്ദ്രമോദി പ്രചാരണത്തിനെത്തിയത് ഇതെല്ലാം സുരേഷ് ഗോപിക്ക് അനുകൂലമായ ജനവികാരം ഉണ്ടാക്കാന്‍ സഹായിച്ചു എന്നാണ് വിലയിരുത്തല്‍. ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന മറ്റൊരു മണ്ഡലമാണ് പത്തനംതിട്ട. ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ മണ്ഡലത്തില്‍ ബിജെപിക്ക് അനുകൂലമായി വീണിട്ടുണ്ടെന്നാണ് അവലോകന റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.

പത്തനംതിട്ടയില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ ആകര്‍ഷിക്കുന്നതില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി വിജയിച്ചതായി ബിജെപി വിലയിരുത്തുന്നു. 2019 ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ 70,000 ക്രിസ്ത്യന്‍ വോട്ടുകളാണ് നേടിയത്. എന്നാല്‍ ഇത്തവണ അനില്‍ ആന്റണി ഇതിനുപുറമെ, 60,000 ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടി നേടുമെന്നും ബിജെപി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

പാര്‍ട്ടി മികച്ച സാധ്യത കല്‍പ്പിക്കുന്ന മറ്റു മൂന്നു മണ്ഡലങ്ങളാണ് ആറ്റിങ്ങല്‍, ആലപ്പുഴ, പാലക്കാട് എന്നിവ. എല്ലാ സാഹചര്യങ്ങളും ഒത്തുവന്നാല്‍ ഇവിടങ്ങളില്‍ വിജയിക്കാനാകും. ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന് വനിതാ വോട്ടര്‍മാര്‍ക്കിടയില്‍ ശക്തമായ സ്വാധീനം ചെലുത്താനായിട്ടുണ്ട്. ഇത് നിര്‍ണായകമാണ്. രഞ്ജിത്ത് ശ്രീനിവാസന്‍ കൊലപാതകവും ബിജെപിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്.

പാലക്കാട് 2.98 ലക്ഷം മുതല്‍ 3.48 ലക്ഷം വരെ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചേക്കും. സംസ്ഥാനത്ത് മിക്ക മണ്ഡലങ്ങളിലും സിപിഎം പ്രവര്‍ത്തനം മികച്ചതായിരുന്നില്ല. പെന്‍ഷന്‍ വിതരണം നിലച്ചതും, ഭരണവിരുദ്ധ വികാരവും സിപിഎമ്മിന് തിരിച്ചടിയാകും. സംസ്ഥാനത്ത് ഇതാദ്യമായി സിപിഎമ്മിലെ ഉയര്‍ന്ന വിഭാഗത്തിലും ഉയര്‍ന്ന ജാതിയിലും പെട്ട പ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്യുമെന്നും അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

 

Back to top button
error: