കൊല്ലം: പരവൂരില്‍ ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തിയ ഗൃഹനാഥനെ പോലീസ് അറസ്റ്റ് ചെയ്തു. പൂതക്കുളം തെങ്ങില്‍വീട്ടില്‍ ശ്രീജു(50)വിനെയാണ് പരവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കൈഞരമ്പ് മുറിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ശ്രീജു. ഡിസ്ചാര്‍ജ് ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകവും കൊലപാതകശ്രമവുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഭാര്യ പ്രീതയെയും മകള്‍ ശ്രീനന്ദയെയുമാണ് തിങ്കളാഴ്ച രാത്രി കഴുത്തറത്തു കൊലപ്പെടുത്തിയത്. മകന്‍ ശ്രീരാഗ് കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കടബാധ്യതമൂലം കൂട്ട ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നെന്നാണ് ശ്രീജു പോലീസിനോട് പറഞ്ഞത്. തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് കൊലപാതകങ്ങള്‍ നടന്നത്.
പാലില്‍ മയക്കുപൊടി ചേര്‍ത്ത് നല്‍കി കുടുംബാംഗങ്ങളെ മയക്കിയശേഷം കഴുത്തറക്കുകയായിരുന്നെന്നു സമ്മതിച്ചു. രാവിലെ ആരെയും പുറത്തു കാണാത്തതിനാല്‍ അടുത്തുള്ള സഹോദരന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചനിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്. ശ്രീരാഗ് അപകടനില തരണം ചെയ്തിട്ടുണ്ട്. പ്രീതയുടെയും ശ്രീനന്ദയുടെയും മൃതദേഹങ്ങള്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.