മാനന്തവാടി: വയനാട്ടില്‍ സിപിഐ ദേശീയ നേതാവ് ആനി രാജയെ സ്ഥാനാർത്ഥിയാക്കിയതിലെ അമർഷം വെളിവാക്കി കോണ്‍ഗ്രസ്.
കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നതിന് പിന്നാലെയാണ് പാർട്ടിയുടെ ജില്ലാ നേതൃത്വത്തിൻ്റെ പ്രതികരണം. വയനാട്ടിലെ സിറ്റിംഗ് സീറ്റിലാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതെന്നും അദ്ദേഹത്തിൻ്റെ സിറ്റിംഗ് സീറ്റില്‍ മത്സരിക്കാനുള്ള തീരുമാനത്തെയാണ് ദേശിയ തലത്തിലെ ഘടകകക്ഷിയായ ഇടത് മുന്നണി വെല്ലുവിളിക്കുന്നതെന്നും വയനാട് ഡിസിസി ജനറല്‍ സെക്രട്ടറി പി.ഡി.സജി പറഞ്ഞു.
സാധാരണക്കാർക്കും പിന്നോക്കക്കാർക്കും , ഗോത്ര വർഗക്കാർക്കും അഭിമാന നിമിഷമാണ് രാഹുല്‍ വീണ്ടും വയനാട്ടില്‍ നിന്നും മത്സരിക്കാനുള്ള തീരുമാനം.രാജ്യത്ത് ജനാധിപത്യത്തിന് വേണ്ടിയും , വർഗീയ ഫാസിസത്തിനെതിരെയും തുലനം ചെയ്യാത്ത പോരാട്ടം നടത്തുന്ന രാഹുല്‍ ഇന്ത്യയുടെ കാവലാളാണ്.എന്നിട്ടും ചിലർ മൂക്ക് മുറിച്ച് ശകുനം മുടക്കാനെന്ന പോലെ വയനാട്ടിൽ എത്തിയിട്ടുണ്ടെന്നും സജി കുറ്റപ്പെടുത്തി.