IndiaNEWS

പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല, അനുമതി തേടിയിട്ടുമില്ല; ബൃന്ദയുടെ പുസ്തകത്തെ തള്ളി സിപിഎം

ന്യൂഡല്‍ഹി: സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ വിവാദ പുസ്തകം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് സിപിഎം നേതാക്കള്‍. പുസ്തകത്തിനായി ബൃന്ദ കാരാട്ട് പാര്‍ട്ടിയുടെ അനുമതി തേടിയിട്ടില്ലെന്നും സിപിഎം വൃത്തങ്ങള്‍ പറയുന്നു. പാര്‍ട്ടിയില്‍ പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയില്‍ മാറ്റിനിര്‍ത്തിയെന്നും അവഗണിക്കപ്പെട്ടുവെന്നുമാണ് പുസ്തകത്തിലുള്ളത്.

1975 മുതല്‍ 1985 വരെയുള്ള അനുഭവങ്ങളുടെ ഓര്‍മ്മക്കുറിപ്പുകള്‍ സംയോജിപ്പിച്ച പുസ്തകത്തിലാണ് ബൃന്ദയുടെ പരാമര്‍ശങ്ങള്‍. ‘ആന്‍ എജുക്കേഷന്‍ ഫോര്‍ റിത’ എന്നാണ് പുസ്തകത്തിന്റെ പേര്. നിരന്തരം സ്ത്രീകള്‍ അവഗണിക്കപ്പെടുന്നുവെന്ന് പാര്‍ട്ടിയില്‍ പലരും പരാതി ഉന്നയിക്കുന്ന കാലത്താണ് ബൃന്ദ തന്റെ മുന്‍കാല അനുഭവങ്ങള്‍ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്.

Signature-ad

നേരത്തെ കൊല്‍ക്കത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് ബൃന്ദ കാരാട്ട് ഇറങ്ങിപ്പോയത് വിവാദമായിരുന്നു. പാര്‍ട്ടി കമ്മിറ്റികളില്‍ സ്ത്രീകളെ തഴയുന്നതിന് എതിരെയായിരുന്നു പ്രതിഷേധം. ഈ നടപടിയില്‍ പാര്‍ട്ടി ബൃന്ദക്കെതിരെ നടപടിയെടുത്തിരുന്നു. എന്നാല്‍ ബൃന്ദയുടെ ആവശ്യം പിന്നീട് പാര്‍ട്ടിയില്‍ പരിഗണിക്കപ്പെട്ടു. സ്ത്രീകളെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് കൂടുതലായി പരിഗണിച്ചു.

മാധ്യമങ്ങളുടെ ദുഷ്ടലാക്കോടെയുള്ള പ്രചാരണം തനിക്കെതിരെ ഉണ്ടായെന്നാണ് ബൃന്ദ ഉന്നയിക്കുന്ന മറ്റൊരു കാര്യം. ആണവകരാറിനെതിരെ കോണ്‍ഗ്രസിനുള്ള പിന്തുണ പ്രഖ്യാപിച്ചതാരെന്നതിന് പതി പത്‌നി ഓര്‍ വോ (ഭര്‍ത്താവും ഭാര്യയും സുഹൃത്തും) എന്ന് ചില പത്രങ്ങള്‍ തലക്കെട്ട് നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഈ പരാമര്‍ശം. അന്ന് പാര്‍ട്ടി പിബിയില്‍ ഇവര്‍ക്ക് പിന്തുണ നല്‍കിയത് കേരളത്തില്‍ നിന്നുള്ള പിബി അംഗമായ എസ് രാമചന്ദ്രന്‍ പിള്ളയായിരുന്നു. ഈ നിലയില്‍ പാര്‍ട്ടി നേതാക്കളുടെ ഇടയില്‍ നിന്നും നീക്കമുണ്ടായെന്ന് പുസ്തകത്തില്‍ ബൃന്ദ സൂചിപ്പിക്കുന്നുണ്ട്.

ഡല്‍ഹിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തില്‍ തനിക്ക് പിന്തുണ ലഭിച്ചുവെന്നും എന്നാല്‍ ഉന്നത സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയില്‍ അവഗണിച്ചുവെന്നുമാണ് ഓര്‍മ്മക്കുറിപ്പിലെ പരാമര്‍ശങ്ങള്‍. പഴയ കാലത്തെ അനുഭവങ്ങളാണ് ബൃന്ദ പറയുന്നത്. ബംഗാള്‍ ഘടകം ഏറെക്കാലമായി ബൃന്ദയ്ക്കും പ്രകാശ് കാരാട്ടിനും എതിരാണ്.

 

Back to top button
error: