ജറുസലേം: ക്രിസ്മസ് രാത്രിയിലും ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നു. ഞായാറാഴ്ച രാത്രിയില്‍ ഗാസയിലെ അല്‍ മഗാസി അഭയാര്‍ഥി ക്യാമ്പിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെടുകയും നിരവധി കെട്ടിടങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തതായി ഹമാസ് സര്‍ക്കാരിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഗാസയ്ക്കുനേരെ ഇതുവരെയുണ്ടായ രക്തരൂക്ഷിതമായ ആക്രമണങ്ങളില്‍ ഒന്നാണ് ഞായറാഴ്ചയുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. അഭയാര്‍ഥി ക്യാമ്പില്‍ വളരെയധികം കുടുംബങ്ങള്‍ ഉണ്ടായിരുന്നതായും മരണനിരക്ക് ഇനിയും ഉയരാനിടയുണ്ടെന്നും ആരോഗ്യമന്ത്രാലയ വക്താവ് അഷറഫ് അല്‍ ഖിദ്ര പറഞ്ഞു. അഭയാര്‍ഥി ക്യാമ്പില്‍ നടന്നത് ഭീകരമായ കൂട്ടക്കൊലയാണെന്നും അത് യുദ്ധക്കുറ്റകൃത്യമാണെന്നും ഹമാസ് വക്താവ് ചൂണ്ടിക്കാട്ടി.
ജനവാസ കേന്ദ്രങ്ങളിലാണ് ഹമാസ് അക്രമികള്‍ നിലയുറപ്പിച്ചിരിക്കുന്നതെന്നും ജനങ്ങള്‍ക്ക് അപകടമുണ്ടാക്കാത്ത വിധത്തിലുള്ള നടപടികളാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഗാസയിലെ ഒരു തുരങ്കത്തില്‍നിന്ന് അഞ്ച് ഇസ്രയേലി ബന്ദികളുടെ മൃതദേഹങ്ങള്‍ ലഭിച്ചതായും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി.
ഇസ്രയേലിന്റെ തുടരുന്ന ബോംബാക്രമണങ്ങള്‍ മൂലം യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ മാനുഷിക സാഹായങ്ങള്‍ സംബന്ധിച്ച പ്രമേയം നടപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് യുഎന്‍ വ്യക്തമാക്കുന്നു.