കുവൈറ്റ്‌സിറ്റി: കുവൈറ്റ് പുതിയ അമീറിനെ പ്രഖ്യാപിച്ചു. ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ആണ് പുതിയ കുവൈറ്റ് അമീര്‍. ലോകത്തെ ഏറ്റവും പ്രായമുള്ള കിരീടാവകാശി എന്ന നിലയിലാണ് നേരത്തെ മുതല്‍ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. ഇപ്പോള്‍ 83 വയസ്സുകാരനാണ് അഹമ്മദ് അല്‍ ജാബര്‍. കഴിഞ്ഞ ദിവസം അന്തരിച്ച കുവൈറ്റ് അമീറിന്റെ പിന്‍ഗാമിയായി ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് അധികാരമേല്‍ക്കുമെന്ന് കുവൈറ്റ് ഉപപ്രധാനമന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയുമാണ് പ്രഖ്യാപിച്ചത്. താമസിയാതെ ഷൈയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് കുവൈറ്റ് അമീറായി സ്ഥാനമേറ്റെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.
അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ സബാഹിന്റെ മരണത്തെത്തുടര്‍ന്ന് 2020 ഒക്ടോബര്‍ മുതല്‍ ഷെയ്ഖ് മെഷാല്‍ കുവൈറ്റിന്റെ കിരീടാവകാശിയാണ്. 1940-ല്‍ ജനിച്ച ഷെയ്ഖ് മെഷാല്‍, പരേതനായ ഷെയ്ഖ് നവാഫിന്റെ അര്‍ദ്ധസഹോദരനും 1921 മുതല്‍ 1950 വരെ കുവൈത്ത് ഭരിച്ചിരുന്ന, കുവൈറ്റിന്റെ പത്താമത്തെ ഭരണാധികാരി പരേതനായ ഷെയ്ഖ് അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ ഏഴാമത്തെ മകനുമാണ്.
1960-ല്‍ യുകെയിലെ ഹെന്‍ഡന്‍ പൊലീസ് കോളേജില്‍ നിന്ന് ബിരുദം നേടിയ ശേഷം ഷെയ്ഖ് മെഷാല്‍ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തില്‍ ചേര്‍ന്നു. 1967 മുതല്‍ 1980 വരെ അദ്ദേഹം ആഭ്യന്തര മന്ത്രാലയത്തില്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും രാജ്യത്തിന്റെ സുരക്ഷാ സേവനത്തിന്റെയും തലവനായി സേവനമനുഷ്ഠിച്ചു. 2004-ല്‍, മന്ത്രി പദവിയില്‍ കുവൈറ്റ് നാഷണല്‍ ഗാര്‍ഡിന്റെ (കെഎന്‍ജി) ഡെപ്യൂട്ടി ചീഫായി ഷെയ്ഖ് മെഷല്‍ നിയമിതനായി. കുവൈറ്റിലെ ഏറ്റവും ശക്തമായ ആഭ്യന്തര പ്രതിരോധ പദവികളില്‍ ഒന്നാണ് ഡെപ്യൂട്ടി ചീഫ്. കുവൈറ്റ് നാഷണല്‍ ഗാര്‍ഡിന്റെ ഏറ്റവും ശക്തനായ വ്യക്തിയായിരുന്നു ഷെയ്ഖ് മെഷല്‍. തന്റെ ഭരണകാലത്ത്, ഏജന്‍സിയുടെ പരിഷ്‌കരണത്തിനും അഴിമതിക്കെതിരായ നടപടിക്കും ഷെയ്ഖ് മെഷല്‍ നേതൃത്വം നല്‍കി.
2020ല്‍ കിരീടാവകാശിയായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടതിന് ശേഷമാണ് കെഎന്‍ജിയിലെ തന്റെ സ്ഥാനത്തുനിന്ന് അദ്ദേഹം പടിയിറങ്ങുന്നത്. അദ്ദേഹത്തിന്റെ അര്‍ദ്ധസഹോദരന്‍, പരേതനായ ഷെയ്ഖ് സബാഹ് 2006-ല്‍ അമീറായതിന് തൊട്ടുപിന്നാലെ, അല്‍ സബ രാജകുടുംബത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്ന മൂന്ന് പേരില്‍ ഒരാളായി ഷെയ്ഖ് മെഷല്‍ മാറി. രാഷ്ട്രീയ തര്‍ക്കങ്ങള്‍ ഒഴിവാക്കാനും കുടുംബത്തിലെ തന്റെ ബന്ധം നിലനിര്‍ത്താനും ഷെയ്ഖ് മെഷാല്‍ കൂടുതല്‍ ഉയര്‍ന്ന പദവികള്‍ നിരസിച്ചിരുന്നു. കുവൈറ്റ് അമച്വര്‍ റേഡിയോ സൊസൈറ്റിയുടെ സ്ഥാപകനും ഓണററി പ്രസിഡന്റുമാണ്. കുവൈറ്റ് എയര്‍ക്രാഫ്റ്റ് എന്‍ജിനീയര്‍ പൈലറ്റ്‌സ് അസോസിയേഷന്റെയും ദിവാന്‍ ഓഫ് പൊയറ്റ്‌സിന്റെയും ഓണററി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
അന്തരിച്ച അമീര്‍ ഷെയ്ഖ് നവാഫ് അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് 86 വയസ്സുകാരനായിരുന്നു. നിലവില്‍ ലോകത്ത് ഏറ്റവും പ്രായമുള്ള 10 ഭരണാധികാരികളുടെ പട്ടികയിലേയ്ക്കാണ് പുതിയ അമീറായി ഷെയ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സ്ഥാനമേറ്റെടുക്കുന്നത്. 90 കാരനായ കാമറൂണ്‍ പ്രസിഡന്റ് പോള്‍ ബിയയാണ് ലോകത്തെ ഏറ്റവും പ്രായമുള്ള ഭരണാധികാരി. 88 വയസ്സുള്ള പാലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസാണ് രണ്ടാമന്‍. 87 വയസ്സുകാരനായ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുള്‍അസിസ് അല്‍ സൗദാണ് മൂന്നാമന്‍. 86 കാരനായ വത്തിക്കാന്‍ ഭരണാധികാരി പോപ്പ് ഫ്രാന്‍സിസാണ് തൊട്ട് പിന്നില്‍. ഏറ്റവും പ്രായം കൂടിയ പത്ത് ഭരണാധികാരികളുടെ പട്ടികയില്‍ ഇല്ലെങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ 81 വയസ്സുകാരനാണ്.
ഇതിനിടെ അന്തരിച്ച അമീര്‍ ഷെയ്ഖ് നവാഫ് അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്യ്ക്ക് ആദരസൂചകമായി കുവൈറ്റില്‍ 40 ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസം സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കുവൈറ്റ് അമീറിനോടുള്ള ആദരസൂചകമായി യുഎഇ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ഇന്ത്യ ഒരു ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.