ഹൈദരാബാദ്: താന്‍ സഞ്ചരിക്കുമ്പോള്‍ ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സാധാരണ ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഒരുവിധത്തിലുള്ള അസൗകര്യവും ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി ഡി.ജി.പിക്ക് നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട ട്രാന്‍സ്പോര്‍ട്ട്, സെക്യൂരിറ്റി, പ്രോട്ടോകോള്‍ ഉദ്യോഗസ്ഥര്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കും.
മുഖ്യമന്ത്രി സഞ്ചരിക്കുമ്പോള്‍ ഹൈദരാബാദ് നഗരത്തില്‍ 10-15 മിനിറ്റ് ഗതാഗതം തടസ്സപ്പെടാറുണ്ട്. ഇതൊഴിവാക്കാനാണ് മുഖ്യമന്ത്രിയുടെ പുതിയ നിര്‍ദേശം. സാമാന്യ ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസങ്ങളുണ്ടാകാതെ ഒരു ബദല്‍ സംവിധാനം തേടാനും രേവന്ത് നിര്‍ദേശിച്ചിട്ടുണ്ട്. പ്രതിപക്ഷനേതാവായ കെ.സി.ആറിനും തിരക്കുള്ള നഗരവീഥികളില്‍ ഗ്രീന്‍ ചാനല്‍ ഉണ്ടാകില്ല.
”ജനങ്ങളിലൊരാളായി അവരുമായി ഇടപഴകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വീട്ടിലിരിക്കാനല്ല, ജനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ച് അവരുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും അത് പരിഹരിക്കാനുമാണ് എന്റെ ശ്രമം. അതുകൊണ്ട് ഗതാഗത തടസ്സം പരിഹരിക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ ആലോചിക്കണം”-പൊലീസ് ഉദ്യോഗസ്ഥരോട് രേവന്ത് റെഡ്ഡി നിര്‍ദേശിച്ചു.
കൂടാതെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനങ്ങളുടെ എണ്ണം 20ല്‍ നിന്ന് ഒമ്പതാക്കി കുറച്ചു. എന്നാല്‍, മുഖ്യമന്ത്രിക്ക് ഇസഡ് പ്ലസ് സെക്യൂരിറ്റി നിര്‍ബന്ധമായതിനാല്‍ ബുള്ളറ്റ് പ്രൂഫ് കാര്‍ ഉപയോഗിക്കേണ്ടിവരും.