ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. മെയ് മൂന്നിന് നടന്ന സംഭവത്തില്‍ ബിഷ്ണൂപൂര്‍ പോലീസ് കേസ് എടുത്തു. ചുരാചന്ദ് പൂരിലാണ് 37 വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇന്നലെയാണ് മെയ്തെയ് വിഭാഗത്തില്‍പ്പെട്ട യുവതി പോലീസില്‍ മൊഴി നല്‍കിയത്.
മണിപ്പൂര്‍ കലാപത്തില്‍ നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിനിരയായതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയതിനാല്‍ വിവരങ്ങള്‍ പുറത്തറിഞ്ഞിരുന്നില്ല. മേയ് മൂന്നിന് താനും മറ്റുള്ളവരും ചുരാചന്ദ്പൂരിലെ വീടുകളില്‍ നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കുക്കിവിഭാഗത്തില്‍പ്പെട്ടവര്‍ തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
അതേസമയം, മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ സംഖ്യമായ ഇന്ത്യാ മുന്നണി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി പറയും. ലോക്സഭയില്‍ വൈകിട്ട് നാല് മണിയോടെയാണ് പ്രധാനമന്ത്രിയുടെ മറുപടി. അവിശ്വാസപ്രമേയത്തിന്മേല് സഭയില്‍ ഇന്ന് വോട്ടെടുപ്പ് നടക്കാനും സാധ്യതയുണ്ട്. അവിശ്വാസപ്രമേയ ചര്‍ച്ച അവസാനിക്കുന്നതോടെയാണ് പ്രധാനമന്ത്രി മറുപടി പറയുക.
മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യം പ്രതിപക്ഷം നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. നിലവിലെ സാഹചര്യത്തില്‍ അവിശ്വാസപ്രമേയം പാസാില്ലെങ്കിലും ശക്തി തെളിയിക്കുകയാണ് ഇന്ത്യാ മുന്നണി ലക്ഷ്യമിടുന്നത്.