അതൊക്കെയങ്ങ് ബീഹാറില്; ഇവിടെ നടക്കില്ല കേട്ടോ; കുട്ടിപിടിത്തവും പട്ടിക്കണക്കും പിന്നെ പഠിപ്പിക്കലും; ബീഹാറില്‍ അധ്യാപകര്‍ക്ക് പുതിയ പണികിട്ടി: സ്‌കൂള്‍ പരിസരത്തെ തെരുവുനായ്ക്കളുടെ കണക്കെടുക്കണം; വിചിത്ര ഉത്തരവിനെതിരെ വ്ന്‍ പ്രതിഷേധം

പാറ്റ്‌ന: പാറ്റ്‌നയിലാണെങ്കിലും പറ്റണ പണിയേ തരാവൂ എന്ന് അധ്യാപകര്‍. ഒരു സുപ്രഭാതത്തില്‍ കയ്യില്‍കിട്ടിയ ഉത്തരവ് വായിച്ച് അന്തംവിട്ടിരിക്കുകയാണ് ബീഹാറിലെ മാഷ്മ്മാരും ടീച്ചര്‍മ്മാരും. പഠിപ്പിക്കാനുള്ള സയന്‍സിന്റെയും കണക്കിന്ററെയുമൊക്കെ പോര്‍ഷന്‍ എങ്ങിനെ തീര്‍ക്കും, എന്തൊക്കെ പഠിപ്പിക്കണം, പരീക്ഷയാവാറായല്ലോ, കഴിഞ്ഞ പരീക്ഷകളുടെ പേപ്പറുകള്‍ നോക്കിക്കൊടുക്കേണ്ടേ എന്ന് നൂറുകൂട്ടം കാര്യങ്ങള്‍ ചിന്തിച്ച് തലപുണ്ണാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ബീഹാറിലെ രോഹ്താസ് ജില്ലയിലെ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ഒരു പുതിയ ഇണ്ടാസ് കിട്ടിയത്. എന്താണ് ഉത്തരവെന്ന് വായിച്ചപ്പോഴാണ് പഠിപ്പിക്കുന്നതിന് പുറമെ പട്ടിക്കണക്കു കൂടി തപ്പിയെടുക്കണമെന്ന നിര്‍ദ്ദേശമാണ് ഉത്തരവില്‍. വായിച്ചതോടെ ടീച്ചേഴ്‌സ് റൂമില്‍ എല്ലാവരും താടിക്കു കയ്യും കൊടുത്തിരുന്നു. ഇതെന്ത്, ഇതെങ്ങിനെ, എന്നായി ഏവരുടേയും ചിന്തയും ചോദ്യവും .
ബിഹാറിലെ രോഹ്താസ് ജില്ലയില്‍ അധ്യാപകരോട് സ്‌കൂള്‍ പരിസരത്തെ തെരുവുനായ്ക്കളുടെ കണക്കെടുക്കാന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഉത്തരവിട്ടിരിക്കുന്നത്. തെരുവുനായ്ക്കള്‍ക്കായി സംരക്ഷണ കേന്ദ്രം തുടങ്ങുന്നതിന്റെ ഭാഗമായാണത്രെ അധ്യാപകരെക്കൊണ്ട് ഈ വിവരശേഖരണം.
സെന്‍സസ് ജോലികള്‍, വോട്ടര്‍ പട്ടിക പുതുക്കല്‍, ജാതി സര്‍വ്വേ തുടങ്ങിയ ഒട്ടനവധി അനധ്യാപക ജോലികള്‍ക്കിടയില്‍ കഷ്ടപ്പെടുന്ന ബിഹാറിലെ അധ്യാപകര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ് പുതിയ ഉത്തരവ്. രോഹ്താസ് ജില്ലയിലെ സാസാരം മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് സ്‌കൂള്‍ പരിസരത്തെ തെരുവുനായ്ക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ അധ്യാപകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മുന്‍സിപ്പല്‍ പരിധിയിലുള്ള എല്ലാ സ്‌കൂളുകളും തെരുവുനായ്ക്കളുടെ വിവരങ്ങള്‍ കൈമാറാന്‍ ഒരു അധ്യാപകനെ ‘നോഡല്‍ ഓഫീസറായി’ നിയമിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. സ്‌കൂളിനുള്ളിലും പരിസരത്തുമുള്ള തെരുവുനായ്ക്കളുടെ എണ്ണം, അവയുടെ ആരോഗ്യാവസ്ഥ, അവയെ നിയന്ത്രിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ അധ്യാപകന്‍ ശേഖരിച്ച് നല്‍കണം.

സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സാസാരം മുന്‍സിപ്പല്‍ കമ്മീഷണര്‍ വികാസ് കുമാര്‍ പറഞ്ഞു. പ്രാദേശിക തലത്തില്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്നത് നായ നിയന്ത്രണ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ നീക്കത്തില്‍ അധ്യാപക സംഘടനകള്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ക്ലാസ് റൂമുകളില്‍ പഠിപ്പിക്കാന്‍ സമയം ലഭിക്കാത്ത വിധം തങ്ങളെക്കൊണ്ട് മറ്റ് ജോലികള്‍ ചെയ്യിപ്പിക്കുകയാണെന്ന് അവര്‍ പരാതിപ്പെടുന്നു. പഠിപ്പിക്കാന്‍ വന്ന ഞങ്ങളെക്കൊണ്ട് തെരുവുനായ്ക്കളുടെ കണക്കെടുപ്പിക്കുന്നത് അധ്യാപകവൃത്തിക്ക് ചേര്‍ന്നതല്ല എന്നാണ് അധ്യാപകരുടെ നിലപാട്.

വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു സംസ്ഥാനത്ത് അധ്യാപകര്‍ക്ക് ഇത്തരം ജോലികള്‍ നല്‍കുന്നത് വലിയ ചര്‍ച്ചകള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിട്ടുണ്ട്.എന്തായാലും കേട്ടുകേള്‍വിയില്ലാത്ത ഈ ഉത്തരവിറങ്ങിയതോടെ ബിഹാറില്‍ അധ്യാപകരും അല്ലാത്തവരും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.
ബീഹാറില്‍ തുടങ്ങിവെച്ചിരിക്കുന്ന ഈ ഏര്‍പ്പാടെങ്ങാനും നമ്മുടെ കേരളത്തിലേക്ക് വരുമോ എ്ന്ന പേടിയാണ് ഇവിടത്തെ അധ്യാപകര്‍ക്ക്.
അതൊക്കെയങ്ങ് ബീഹാറില്…ഇങ്ങോട്ടെടുക്കേണ്ട…ചിലവാകത്തില്ല എന്നായിരുന്നു കേരളത്തിലെ മാഷ്മ്മാരുടേം ടീച്ചര്‍മാരുടേം ഉടനടിയുള്ള മറുപടി.





