KeralaNEWS

പുതുപ്പള്ളിയില്‍ ഇടതു സ്ഥാനാര്‍ഥിയാകില്ല; വാര്‍ത്തകള്‍ നിഷേധിച്ച് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍

കോട്ടയം: പുതുപ്പള്ളിയില്‍ ഇടതു സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ നിബു ജോണ്‍. ഈ ആവശ്യവുമായി ഒരു പാര്‍ട്ടിയും തന്നെ സമീപിച്ചിട്ടില്ലെന്നും തദ്ദേശ തിരഞ്ഞെടുപ്പിലടക്കം മത്സരിച്ചത് ഉമ്മന്‍ ചാണ്ടിയുടെ നിര്‍ബന്ധത്താലാണെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന ആളാണ് നിബു ജോണ്‍.

”അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത കാണുന്നത്. വാര്‍ത്ത വന്ന് ഒരു മണിക്കൂറിനുള്ളില്‍ സിപിഎം നേതൃത്വം തന്നെ അത് നിഷേധിച്ചിട്ടുണ്ട്. നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഹകരിച്ചാണ് മുന്നോട്ടു പോകുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഞാന്‍ വരുന്നതു തന്നെ ഉമ്മന്‍ ചാണ്ടി നിര്‍ബന്ധിച്ചതു കൊണ്ടാണ്” നിബു ജോണ്‍ പറഞ്ഞു. ആരു സ്ഥാനാര്‍ഥിയായാലും ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്നും ചാണ്ടി ഉമ്മനായി മുഴവന്‍സമയ പ്രചാരണത്തിനു രംഗത്തുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നിബു ജോണ്‍
Signature-ad

അതേസമയം, ചാണ്ടി ഉമ്മനെതിരേ മത്സരിക്കാന്‍ സിപിഎം നിബു ജോണിനെ സമീപിച്ചെന്ന തരത്തില്‍ വാര്‍ത്തകള്‍ ഇന്നലെ പുറത്തുവന്നിരുന്നു. മണര്‍കാട്ട് നിന്നുള്ള വ്യവസായിയുടെയും മുന്‍ ബിഷപ്പിന്റെയും മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇതു സംബന്ധിച്ചുള്ള ധാരണയെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ട്. സ്ഥിരീകരണത്തിനായി ഇദ്ദേഹത്തെ ആദ്യം ബന്ധപ്പെട്ടുവെങ്കിലും നിഷേധിക്കാന്‍ തയ്യാറാകാതിരുന്നത് അഭ്യൂഹങ്ങള്‍ ശക്തമാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. അതിനിടെ, ഇദ്ദേഹത്തെ സ്ഥാനാര്‍ത്ഥിതത്വത്തില്‍ നിന്നും പിന്‍തിരിപ്പിക്കുന്നതിനുള്ള നീക്കവും കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്നും സജീവമായി നടക്കുന്നുണ്ട്.

നേരത്തെ ഇദ്ദേഹത്തിന്റെ ജില്ലാ പഞ്ചായത്ത് സീറ്റില്‍ ചാണ്ടി ഉമ്മനെ മത്സരിപ്പിക്കാന്‍ നീക്കം നടന്നിരുന്നു. ഇതോടെയാണ് ഇദ്ദേഹം ഉമ്മന്‍ചാണ്ടി കുടുംബവുമായി അകന്നു തുടങ്ങിയത്. ഇതിനുശേഷം ഇദ്ദേഹം കോണ്‍ഗ്രസില്‍ റ്റപ്പെട്ട നിലയിലായിരുന്നു. പുതുപ്പള്ളി പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയങ്ങളിലെല്ലാം ഇദ്ദേഹം ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനായിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ ഇദ്ദേഹം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകും എന്ന സൂചന പുറത്തുവന്നിരിക്കുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ട്.

Back to top button
error: