എണീക്കുന്നത്
ഒന്നാം സീറ്റുകാരനായാലും
മൂന്നാം സീറ്റുകാരനായാലും
ആദ്യം വന്നവന്
സീറ്റ് നൽകുന്ന
എവിടേയും എഴുതാത്ത
സ്വയം ലിഖിത
നന്മ !!
ഇരിക്കുന്നവൻ
ബാഗ് മടിയിൽ വച്ച്
നിൽക്കുന്നവന്റെ
ബാഗിന്
സ്ഥലമൊരുക്കുന്ന
സഹനത്തിന്റെ
നന്മ !!
വാതിൽക്കൽ
ഏറ്റവും പുറകിൽ
തൂങ്ങി നിൽക്കുന്നവനെ
ഇടതുകൈ കൊണ്ട്
താങ്ങി നിർത്തുന്ന
പേരറിയാത്ത
മനുഷ്യത്വത്തിന്റെ
നന്മ !!
വൃദ്ധർക്കും
സ്ത്രീകൾക്കും
സീറ്റൊഴിഞ്ഞു കൊടുക്കുന്ന
അടയാളപ്പെടുത്താത്ത
സഹജീവി സ്നേഹത്തിന്റെ
നന്മ !!
കോച്ചിനുള്ളിൽ
വരുന്ന
വിൽപ്പനക്കാരിൽ നിന്നും
വേണ്ടെങ്കിലും
എന്തെങ്കിലുമൊന്ന്
വാങ്ങി സഹായിക്കുന്ന
കരുണ വറ്റാത്ത
നന്മ !!
ഭിക്ഷക്കാർക്ക് നേരെ
മുഖം തിരിക്കാതെ
ഏത് തിരക്കിലും
പോക്കറ്റിനുള്ളിലെ
ചില്ലറതുട്ടുകൾ പരതുന്ന
സ്നേഹം ചുരത്തുന്ന
നന്മ !!
മുംബൈയെ
നന്മകളുടെ
മഹാനഗരമാക്കിയത്
കാഴ്ചയിൽ ക്രൂരരായ
ഉരുക്ക് ഹൃദയമുള്ള
ലോക്കൽ ട്രെയിനുകളാണ് !!
::::::
രാജൻ കിണറിങ്കര