ബ്രൗൺ ബ്രെഡ് അപകടകാരി, തവിട്ടുനിറമാക്കാൻ ഉപയോഗിക്കുന്ന ‘കാരമൽ’ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും
നിത്യജീവിതത്തിൽ നിന്ന് ഒഴിച്ചുകൂടാനാവാത്ത ഒരു ആഹാര പദാർത്ഥമാണ് ബ്രെഡ്. മൈദ ഉപയോഗിച്ച് നിർമ്മിക്കുന്ന ബ്രെഡുകൾ ആശുപത്രിയിലെ രോഗികൾ മുതൽ സ്‌കൂൾ കുട്ടികൾ വരെ ആസ്വദിച്ചു കഴിക്കുന്നു. എന്നാൽ വൈറ്റ് ബ്രെഡ് അപകടകാരിയാണ് എന്ന പഠനങ്ങൾ പുറത്തു വന്നപ്പോൾ വിപണിയിൽ ബ്രൗൺ ബ്രെഡുകളുടെ വരവ് കൂടുകയും അത് ആരോഗ്യകരമാണെന്ന് വിലയിരുത്തപ്പെടുകയും ചെയ്തു.
. ഇപ്പോഴിതാ ബ്രൗൺ ബ്രെഡ്ഡുകളിലെ അപകടം തുറന്നു കാട്ടുകയാണ് ഫുഡ് ഫാർമർ എന്ന ട്വിറ്റർ ഉപയോക്താവായ രേവന്ത് ഹിമത്‌സിങ്ക.
മുൻപ് ബോൺവിറ്റയിലെ മായങ്ങൾ തുറന്നു കാണിച്ച് രംഗത്തെത്തിയ വ്യക്തിയാണ് രേവന്ത് ഹിമത്‌സിങ്ക. അന്ന് സിങ്കയുടെ കണ്ടെത്തലിനെ തുടർന്ന് ബോൺവിറ്റ കേസിൽ ഉൽപ്പന്നത്തിലെ എല്ലാ തെറ്റിദ്ധരിപ്പിക്കുന്ന പാക്കേജിംഗും ലേബലുകളും പരസ്യങ്ങളും പിൻവലിക്കാൻ ബോൺവിറ്റ നിർമ്മാണ കമ്പനിയോട് ദേശീയ ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ബ്രൗൺ ബ്രെഡിനെതിരെയും രേവന്ത് ഹിമത്‌സിങ്ക രംഗത്തെത്തിയതോടെ അതിലെ മായങ്ങളെ കുറിച്ചാണ് പലരും ഇപ്പോൾ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്.
‘ഇന്ത്യയിലെ റൊട്ടികൾ രസകരമാണ്. ഇവിടെ രണ്ട് തരം റൊട്ടി ഉണ്ട്. പരസ്യമായി അനാരോഗ്യകരമെന്ന് മുദ്ര കുത്തപ്പെട്ടവെളുത്ത റൊട്ടിയാണ് ഒന്ന്. രണ്ടാമത്തെ തരം ആരോഗ്യകരമാണെന്ന് നടിക്കുന്ന ബ്രൗൺ നിറത്തിലുള്ള ഗോതമ്പ് റൊട്ടി (മൾട്ടിഗ്രെയിൻ).’
രേവന്ത് ഹിമത്‌സിങ്ക ചൂണ്ടിക്കാട്ടുന്നു.
‘കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, ഇന്ത്യയിൽ ബ്രെഡ് അത്ര സ്വീകാര്യ ഭക്ഷണമായിരുന്നില്ല. എന്നാൽ ഇപ്പോൾ ബ്രെഡ് പ്രഭാത ഭക്ഷണമായും കുട്ടികൾക്ക് സ്കൂളിലേക്ക് കൊടുത്തുവിടുന്നതിനായും ലഘുഭക്ഷണമുണ്ടാക്കാനും ഉപയോഗിക്കുന്നു. ഒരു ദിവസം 2 കഷ്ണം ബ്രെഡ് കഴിക്കുണ്ടെങ്കിൽ ഒരു വർഷത്തിൽ നാം 700 ലധികം കഷ്ണം ബ്രെഡ് കഴിക്കേണ്ടി വരുന്നു. അങ്ങനെ വരുമ്പോൾ ശരിയായ ഉത്പന്നം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്,’ രേവന്ത് ഹിമത്‌സിങ്ക പറയുന്നു.
ഇന്ത്യയിൽ ലഭ്യമാകുന്ന ബ്രൗൺ ബ്രെഡിൽ മുഴുവൻ ഗോതമ്പ് ഉപയോഗിക്കുന്നതിനു പകരം തവിട്ടുനിറമാക്കാൻ കാരമൽ നിറം ഉപയോഗിക്കുന്നു. അതിലൂടെയാണ് നിറം നൽകുന്നതെന്നും കൊക്ക കോളയിലും ബോൺവിറ്റയിലും ഉപയോഗിക്കുന്നതിന് സമാനമായ കളറിംഗ് ആണ് ഇതെന്നും വെളിപ്പെടുത്തുന്നു.
‘ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫുഡ് കളറുകളിൽ ഒന്നാണ് കാരമൽ. ന്യൂട്രിഷൻ ഫാക്ടസ് അനുസരിച്ച്, ഇത് ചേർക്കുക വഴി മെത്തിലിമിഡാസോൾ എന്ന സംയുക്തം ഉത്പാദിപ്പിക്കുന്നു. അർബുദത്തിന് കാരണമാകുന്ന പദാർത്ഥത്തിൽ ഉൾപ്പെടുന്നതാണ് ഇത്. എഫ് എസ് എസ് ഐ നിയമം പറയുന്നതനുസരിച്ച്, ഉൽപ്പന്നത്തിൽ ഉപയോഗിക്കുന്ന ചേരുവകളുടെ പേര് അവയുടെ ഘടന, അളവ് എന്നിവ രേഖടുത്തിയിരിക്കണം.’ ഹിമത്‌സിങ്ക വ്യക്തമാകുന്നു.
ഇന്ത്യയിലെ ഒട്ടുമിക്ക ബ്രൗൺ ബ്രെഡുകളിലെയും ആദ്യത്തെ ചേരുവ മൈദ (ശുദ്ധീകരിച്ച ഗോതമ്പ് മാവ്) തന്നെ. പക്ഷേ ഇക്കാരണത്താൽ മാത്രം ഇത് ആരോഗ്യകരമാണെന്ന് കണക്കാക്കാനാവില്ലെന്നും രേവന്ത് ഹിമത്‌സിങ്ക കൂട്ടിച്ചേർക്കുന്നു.