മഴക്കാല രോഗങ്ങള്‍ക്കൊപ്പം ഭീഷണിയാകാവുന്ന ഒരു രോഗമാണ് ചെങ്കണ്ണ്. കണ്ണിന് ചുവപ്പ്, തടിപ്പ്, കണ്ണില്‍ നിന്ന് തുടരെ വെള്ളം വരുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. വളരെയധികം തീവ്രതയുള്ള രോഗമായതിനാല്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പടരുകയും ചെയ്യും. സ്കൂള്‍ പോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ വ്യാപനസാധ്യത കൂടുതലായതിനാല്‍ കുട്ടികള്‍ ഏറെ കരുതല്‍ പുലർത്തണം. പലരും സ്വയം ചികിത്സ നടത്തിയാണ് ഈ രോഗത്തെ നേരിടുന്നത്. എന്നാല്‍, ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന അസുഖമാണ് ഇതെന്നാണ് നേത്രരോഗവിദഗ്ധര്‍ പറയുന്നത്. മഴക്കാലത്ത് ചെങ്കണ്ണ് പ്രതിരോധത്തിന് ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.
എന്താണ് ചെങ്കണ്ണ് ?
കണ്ണിന്റെ മുന്നിലുള്ള നേര്‍ത്ത പാടയായ കണ്‍ജങ്ടൈവയില്‍ അണുബാധ മൂലം ഉണ്ടാകുന്ന രോഗമാണ് ചെങ്കണ്ണ്. ബാക്ടീരിയ, വൈറസ്, അലര്‍ജി തുടങ്ങിയവയാണ് രോഗകാരണം. കണ്ണ് ദീനം എന്ന പേരിലും ഈ രോഗം അറിയപ്പെടുന്നു. ബാക്ടീരിയ, വൈറസ് എന്നിവ മൂലം ചെങ്കണ്ണ് ബാധിക്കാമെന്നതിനാല്‍ കൃത്യമായ ചികിത്സയ്ക്ക് നേത്രരോഗ വിദഗ്ധനെ സമീപിക്കേണ്ടതാണ്.
രോഗ ലക്ഷണങ്ങള്‍
- കണ്ണിലെ ചുവപ്പ്
- അമിത കണ്ണുനീര്‍
- കണ്‍പോളകളില്‍ വീക്കം, ചൊറിച്ചില്‍, പഴുപ്പ്
- രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ പഴുപ്പ് കാരണം കണ്ണ് തുറക്കാൻ പ്രയാസം
- മഞ്ഞയോ വെള്ളയോ നിറത്തിലുള്ള പീള
- കണ്ണിനുവേദന
- പ്രകാശത്തില്‍ നോക്കാൻ ബുദ്ധിമുട്ട്, ഇവയാണ് ചെങ്കണ്ണിന്റെ ലക്ഷണം.
എത്ര ദിവസം വിശ്രമിക്കണം ?
ചെങ്കണ്ണ് ബാധിച്ചാല്‍ സാധാരണ ഗതിയില്‍ 5 മുതല്‍ 7 ദിവസം വരെ നീണ്ടു നില്‍ക്കാം. രോഗം സങ്കീര്‍ണമായാല്‍ 21 ദിവസം വരേയും നീണ്ടുനില്‍ക്കും. ചെങ്കണ്ണ് ബാധിച്ചാല്‍ എത്രയും വേഗം നേത്രരോഗ വിദഗ്ധന്റെ നിര്‍ദേശ പ്രകാരം ചികിത്സ തേടണം. രോഗമുള്ള കുട്ടികളെ സ്കൂളില്‍ വിടരുത്. കുട്ടികളുള്‍പ്പെടെ എല്ലാവരും രോഗം ഭേദമാകുന്നതുവരെ വീട്ടില്‍ വിശ്രമിക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചെങ്കണ്ണ് വളരെപ്പെട്ടെന്ന് പടര്‍ന്നു പിടിക്കാൻ സാധ്യതയുണ്ട്. അതിനാല്‍ ചെങ്കണ്ണ് ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വ്യക്തി ശുചിത്വം ഏറെ പ്രധാനമാണ്. രോഗമുള്ള വ്യക്തി ഉപയോഗിക്കുന്ന ഓരോ സാധനത്തിലും രോഗാണു പടരാൻ സാധ്യതയുണ്ട്. ഈ പ്രതലങ്ങളില്‍ രോഗമില്ലാത്തയാള്‍ സ്പര്‍ശിച്ചാല്‍ അതുവഴി രോഗാണുക്കള്‍ കണ്ണിലെത്താൻ സാധ്യതയുണ്ട്. രോഗം ബാധിച്ച വ്യക്തികളില്‍ നിന്നും അകലം പാലിക്കണം. രോഗി ഉപയോഗിക്കുന്ന പേന, പേപ്പര്‍, പുസ്തകം, തൂവാല, സോപ്പ്, ടവ്വല്‍ മുതലയാവ മറ്റുള്ളവര്‍ ഉപയോഗിക്കാൻ പാടില്ല.
ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണം. കൈ വൃത്തിയായി കഴുകുന്നതിന് മുമ്പ് കണ്ണിലോ മൂക്കിലോ വായിലോ ഒരു കാരണവാശാലും തൊടരുത്. വീട്ടില്‍ ചെങ്കണ്ണ് ബാധിച്ച വ്യക്തിയുണ്ടെങ്കില്‍ കുട്ടികള്‍ക്ക് രോഗം ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കണ്ണിന് ആയാസമുണ്ടാകുന്ന ജോലികള്‍ ചെയ്യരുത്. ചികിത്സ തേടി വിശ്രമമെടുത്താല്‍ എത്രയും വേഗം ചെങ്കണ്ണ് ഭേദമാകുന്നതാണ്.