ആലപ്പുഴ: വയോധികന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത യുവതി പിടിയില്‍. ചുനക്കര കരിമുളയ്ക്കല്‍ രമ്യ ഭവനത്തില്‍ രമ്യ(38) യാണ് അറസ്റ്റിലായത്. താമരക്കുളം ചാരുംമൂട്ടില്‍ അബ്ദുല്‍ റഹ്മാന്റെ (80) എടിഎം കാര്‍ഡ് മോഷ്ടിച്ചാണ് യുവതി പണം തട്ടിയത്.
അബ്ദുല്‍ റഹ്മാന് താമസിക്കുന്ന വീടിന്റെ സമീപത്തുള്ള കുടുംബവീട്ടില്‍ വാടകക്ക് താമസിച്ചു വരികയാണ് രമ്യയും ഭര്‍ത്താവും. കെഎസ്ഇബിയില്‍ നിന്ന് ഓവര്‍സിയറായി വിരമിച്ച അബ്ദുല്‍ റഹ്മാന് ഇളയ മകള്‍ക്കും കുടുംബത്തിനുമൊപ്പമാണ് താമസിക്കുന്നത്. മകളുടെ സംരക്ഷണത്തില്‍ കഴിഞ്ഞതിനാല്‍ ബാങ്കില്‍ വന്ന പെന്ഷന് തുക പിന്‍വലിക്കാറില്ലായിരുന്നു.
വണ്ടാനം മെഡിക്കല്‍ കോളജിലെ ഫിസിയോതെറാപ്പിസ്റ്റ്, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നൊക്കെ പറഞ്ഞ് പരിചയപ്പെടുത്തിയാണ് രമ്യയും ഭര്‍ത്താവ് തോമസും വാടകയ്ക്ക് താമസം തുടങ്ങിയത്. അബ്ദുല്‍ റഹ്മാന്റെ അധ്യാപകരായ മകളും മരുമകനും രാവിലെ എട്ടുമണിക്ക് ജോലിക്ക് പോകും. പിന്നീട് അബ്ദുള്‍ റഹ്മാന് മാത്രമാണ് വീട്ടുലുണ്ടാകുക.
ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞ് അബ്ദുള്‍ റഹ്മാന് കിടന്നുറങ്ങുന്ന സമയത്ത് രമ്യ വീടിനുള്ളില്‍ കടന്ന് മേശയ്ക്കുള്ളില്‍ സൂക്ഷിച്ച എടിഎം കാര്‍ഡ് കൈക്കലാക്കി. പാസ്വേഡ് മറന്നു പോകാതിരിക്കാന്‍ ഒരു പേപ്പറില്‍ കുറിച്ച് എടിഎം കാര്‍ഡിനൊപ്പം വെച്ചിരുന്നു. കാര്‍ഡ് മോഷണം പോയ വിവരം വയോധികന് അറിഞ്ഞതുമില്ല.
2023 ജനുവരി 13 മുതല്‍ രമ്യ ഈ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചു കൊണ്ടിരുന്നു. ഓരോ ദിവസവും എടിഎം കൗണ്ടറിലെത്തി 9000 രൂപ വീതം രണ്ടുതവണയും 2000 രൂപ ഒരു തവണയും എന്നിങ്ങനെ ഇരുപതിനായിരം രൂപ വീതമാണ് പിന്‍വലിച്ചിരുന്നത്. നാലു മാസത്തിനുള്ളില്‍ രമ്യ അക്കൗണ്ടില്‍ നിന്നും 10 ലക്ഷം രൂപയാണ് പിന്‍വലിച്ചത്.
മകള്‍ക്ക് ഒരു സ്കൂട്ടര്‍ വാങ്ങുന്നതിനായി ഒരു ലക്ഷം രൂപയുടെ ആവശ്യം വന്നപ്പോഴാണ് അബ്ദുല്‍ റഹ്മാന് പണം പിന്‍വലിക്കാനായി എടിഎം കാര്‍ഡ് തിരക്കിയത്. അപ്പോഴാണ് കാര്‍ഡ് കാണുന്നില്ല എന്ന് മനസ്സിലായത്. നഷ്ടപ്പെട്ടതായിരിക്കാം എന്ന് കരുതി അബ്ദുല്‍ റഹ്മാന് മകളെയും കൂട്ടി എസ്ബിഐ ചാരുംമൂട് ശാഖയിലെത്തിയപ്പോഴാണ് അക്കൗണ്ടില്‍ പണമില്ലെന്നറിയുന്നത്. തുടര്‍ന്ന് നൂറനാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.