NEWSSocial Media

വൈല്‍ഡ് കാര്‍ഡിലും ഫലം കണ്ടില്ല; അനുവും ബിഗ് ബോസില്‍നിന്നും പുറത്ത്

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവില്‍ നിന്നും നടി അനു ജോസഫ് പുറത്ത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ഏറ്റവും ഒടുവില്‍ ബിഗ് ബോസില്‍ എത്തിയ മത്സരാര്‍ഥി കൂടിയായിരുന്നു അനു. ഇതോടെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി ബിഗ്‌ബോസ് ഹൗസിനുള്ളില്‍ പ്രവേശിച്ച മൂന്നുപേരും വീടിനോടു വിട പറഞ്ഞു. നാദിറ, അനു ജോസഫ്, അഖില്‍ മാരാര്‍, റെനീഷ, ജുനൈസ്, അനിയന്‍ മിഥുന്‍, ഷിജു, സെറീന എന്നിവരാണ് ഇത്തവണ നോമിനേഷനില്‍ വന്നിരുന്നത്.

ആദ്യം മിഥുനും രണ്ടാമത് അഖില്‍ മാരാരും സേഫ് ആയി. നാദിറയും അനുവും ആണ് ഏറ്റവും ഒടുവില്‍ വന്നത്. ശേഷം ഇരുവരെയും കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ച മോഹന്‍ലാല്‍ അനു പുറത്തായതായി അറിയിക്കുകയായിരുന്നു. നാദിറയ്ക്കും അനുവിനും ബ്ലൈന്‍ഡ് ബാന്‍ഡ് കെട്ടിയ ശേഷം രണ്ട് വാതിലിലൂടെ പുറത്തേക്ക് കൂട്ടിക്കൊണ്ട് പോകുകയാണ് ചെയ്തത്. ഒടുവില്‍ നാദിറ വീട്ടിലേക്കും അനു പുറത്തേക്കും പോയി.

Signature-ad

ബിഗ് ബോസ് സീസണ്‍ അഞ്ചിലെ മൂന്നാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയാണ് അനു ജോസഫ്. ആദ്യത്തേത് ഹനാന്‍ ആണ്. പക്ഷേ ഒരാഴ്ച പൂര്‍ത്തിയാകുന്നതിന് മുന്‍പ് തന്നെ ഷോയില്‍ നിന്നും ഹനാന് പുറത്തു പോകേണ്ടി വന്നു. രണ്ടാമത് വന്നത് സംവിധായകന്‍ ഒമര്‍ ലുലു ആണ്.

കാസര്‍കോട് സ്വദേശിനിയാണ് അനു ജോസഫ്. കലാഭവന്റെ വേള്‍ഡ് ഷോ അടക്കം നിരവധി ഷോകളില്‍ ഭാഗമായി. ദൂരദര്‍ശന്റെ ‘ഇതെന്റെ മണ്ണ് ഇതെന്റെ താളം’ എന്ന ആല്‍ബത്തില്‍ അഭിനയിച്ച് കൊണ്ട് ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ അനുവിന്റെ ആദ്യ സീരിയല്‍ ‘ഏക ചന്ദ്രിക’ ആണ്. എന്നാല്‍ ഇത് സംപ്രേക്ഷണം ചെയ്തില്ല. ശേഷം വന്ന ചിത്രലേഖയില്‍ അനു മിനിസ്‌ക്രീനില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. തുടര്‍ന്ന് മിന്നുകെട്ട് എന്ന സൂപ്പര്‍ഹിറ്റ് സീരിയലടക്കം ധാരാളം പരമ്പരകളില്‍ അഭിനയിച്ചു. കാര്യം നിസ്സാരം എന്ന പരമ്പരയിലെ അഭിനയം അനു ജോസഫിനെ കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി. പാഠം ഒന്ന് ഒരു വിലാപം ആണ് അനു അഭിനയിച്ച ആദ്യ സിനിമ. തുടര്‍ന്ന് പത്തേമാരി, വെള്ളിമൂങ്ങ തുടങ്ങി പത്തിലധികം സിനിമകളില്‍ അനു അഭിനയിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: