Food

വെണ്ടയ്ക്ക ഇട്ടുവെച്ച വെള്ളം പതിവായി കുടിക്കൂ, അത്ഭുതം അനുഭവിച്ചറിയൂ

ആഹാരമാണ് ഔഷധം എന്നത് പരമമായ സത്യമാണ്. പച്ചക്കറികളും കലർപ്പില്ലാത്ത കറിക്കൂട്ടുകളുമൊക്കെ മാരകമായ പല രോഗങ്ങളെയും പ്രതിരോധിക്കുന്നു. വെണ്ടയ്ക്കയുടെ നിരവധി ഗുണങ്ങളെക്കുറിച്ചുള്ള ഗവേഷണ ഫലങ്ങൾ അടുത്ത സമയത്താണ് പുറത്തു വന്നത്. വണ്ണം കുറയ്ക്കാനും പ്രമേഹം തടയാനും കരളിനെ സംരക്ഷിക്കാനുമൊക്കെയുള്ള അത്ഭുത സിദ്ധിയുണ്ട് വെണ്ടയ്ക്ക്.

വെണ്ടയ്ക്ക ഇട്ടുവെച്ച വെള്ളം പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. നാലോ അഞ്ചോ ചെറിയ വെണ്ടയ്ക്ക കീറി രണ്ടു ഗ്ളാസ് വെള്ളത്തില്‍ രാത്രി മുഴുവന്‍ കുതിര്‍ത്ത് വെക്കുകയാണ് വേണ്ടത്. ശേഷം രാവിലെ ഈ വെണ്ടയ്ക്ക നന്നായി ഞരടി ഇതിലെ കൊഴുപ്പ് വെള്ളത്തിലേക്ക് പകര്‍ത്തിയെടുത്ത് ഈ വെള്ളമാണ് കുടിക്കേണ്ടത്. ഇത് പതിവായി കുടിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവരുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന മികച്ച ഒരു പാനീയമാണിത്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി, സി, ഫോളിക് ആസിഡ്, ഫൈബര്‍ എന്നിവയെ വിശപ്പിനെ അടക്കാനും, ദഹനം മെച്ചപ്പെടുത്താനുമെല്ലാം സഹായിക്കുന്നു. ഇതിലൂടെയാണ് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ഈ പാനീയം ത്വരിതപ്പെടുത്തുന്നത്.

പ്രമേഹ രോഗികള്‍ക്കും പാനീയം ഏറെ സഹായകരമാണ്. ഭക്ഷണങ്ങളില്‍ നിന്ന് കാര്‍ബോ ഹൈഡ്രേറ്റ് എടുക്കുന്നതിനെ പരിമിതപ്പെടുത്താന്‍ വെണ്ടയ്ക്ക സഹായിക്കുന്നു. ഇതിലൂടെ ഗ്ളൂക്കോസ് നില നിയന്ത്രിച്ചു നിര്‍ത്താനുമാകുന്നു. ഇങ്ങനെയാണ് പ്രമേഹരോഗികള്‍ക്ക് പാനീയം ഗുണം ചെയ്യുന്നത്. ഇത് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ചര്‍മ്മത്തിന്റെ ആരോഗ്യം പരിപാലിക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമെല്ലാം സഹായിക്കുന്നു. ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദഹനത്തിന് വളരെ നല്ലതാണ്. ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ഉള്ളതിനാല്‍ ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് കരളിനെ സംരക്ഷിക്കുന്നു. ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഈ പാനീയം വളരെ നല്ലതാണ്. ഇതിലുള്ള വിറ്റാമിന്‍ സി, ഇ, സിങ്ക് എന്നിവ കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. എന്നാല്‍, വൃക്ക സംബന്ധമായ പ്രശ്‌നമുള്ളവര്‍ വെണ്ടയ്ക്ക അധികം കഴിക്കുന്നത് നന്നല്ല. ഇതിലെ ഓക്‌സലേറ്റുകളുടെ സാന്നിധ്യം വൃക്കയിലും പിത്താശയത്തിലും കല്ല് രൂപപ്പെടാന്‍ കാരണമാകും.

Back to top button
error: