Breaking NewsFoodHealthIndiaKeralaLead NewsLIFELocalNEWSNewsthen Special

കരളാണ് പെറ്റ് സ്‌കാന്‍ ; കരളില്‍ തറച്ച മീന്‍ മുള്ള് കണ്ടെത്തിയത് പെറ്റ് സ്‌കാനില്‍ ; രോഗിയെ രക്ഷപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു ; കരളില്‍ മീന്‍മുള്ള് തറഞ്ഞുകിടന്നത് രണ്ടാഴ്ചയിലേറെ

 

കൊച്ചി : രണ്ടാഴ്ചയായിട്ടും പനി മാറിയിട്ടില്ലെന്ന് രോഗി പറഞ്ഞപ്പോഴാണ് ഒന്ന് പെറ്റ് സ്‌കാന്‍ ചെയ്തു നോക്കാമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഡോക്ടര്‍ക്ക് അങ്ങിനെ നിര്‍ദ്ദേശിക്കാന്‍ തോന്നിയതുകൊണ്ട് മാത്രം ആ രോഗി രക്ഷപ്പെട്ടു. വിട്ടുമാറാത്ത പനിയുടെ കാരണം കരളില്‍ തറഞ്ഞിരുന്ന ഒരു മീന്‍മുള്ളാണെന്ന് പെറ്റ്‌സ്‌കാനില്‍ കണ്ടെത്തി തുടര്‍ചികിത്സ നടത്തി രോഗിയെ രക്ഷപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്ക് സാധിച്ചു.
പെരുമ്പാവൂര്‍ സ്വദേശിയായ മുപ്പത്തിയാറുകാരനെയാണ് ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തിയത്. യുവാവിന്റെ കരളില്‍ രണ്ടാഴ്ചയിലധികമായി മീന്‍ മുള്ള് തറഞ്ഞുകിടക്കുകയായിരുന്നു. വിട്ടുമാറാത്ത ചുമയും പനിയുമായാണ് യുവാവ് ഡോക്ടറെ കാണാനെത്തിയത്.
സാധാരണയുളള പനിയെന്ന് കരുതിയാണ് കോളജ് അധ്യാപകനായ യുവാവ് രാജഗിരി ജനറല്‍ മെഡിസിന്‍ വിഭാഗം ഡോ. ശാലിനി ബേബി ജോണിനെ കാണാനെത്തിയത്. പ്രത്യേക കാരണങ്ങളില്ലാതെ രണ്ടാഴ്ചയായി പനി തുടരുന്നത് മനസ്സിലാക്കിയ ഡോക്ടര്‍ പെറ്റ് സ്‌കാന്‍ നിര്‍ദ്ദേശിച്ചു.
വയറില്‍ നടത്തിയ പരിശോധനയിലാണ് ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ.വിജയ് ഹാരിഷ് സോമസുന്ദരം, ഡോ. വിനായക് എന്നിവര്‍ കരളില്‍ അസാധാരണമായ ഒരു വസ്തു കണ്ടെത്തിയത്. തുടര്‍ന്ന് ഗ്യാസ്ട്രോ സര്‍ജറി വിഭാഗത്തിലെ ഡോ. ജോസഫ് ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര ശസ്ത്രക്രിയയിലൂടെ അത് പുറത്തെടുക്കുകയായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ അബദ്ധത്തില്‍ മീന്‍ മുള്ള് അകത്ത് പോയി കരളില്‍ തറയ്ക്കുകയായിരുന്നു. ഈ വിവരം രോഗിയും അറിഞ്ഞിരുന്നില്ല.
കരളില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത മീന്‍മുള്ള് രോഗിക്ക് ഡോക്ടര്‍മാര്‍ കാണിച്ചുകൊടുത്തു. കരളിലെ പഴുപ്പ് പെറ്റ് സ്‌കാന്‍ നടത്തിയതുകൊണ്ടാണ് കണ്ടെത്താനായതെന്നും ഇത് കണ്ടെത്തിയില്ലായിരുന്നെങ്കില്‍ രോഗിയുടെ ജീവനുപോലും ഭീഷണിയാകുമായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ശസ്ത്രക്രിയയ്ക്കുശേഷം രണ്ട് ദിവസത്തെ ആശുപത്രി വാസത്തിനൊടുവില്‍ യുവാവ് വീട്ടിലേക്ക് മടങ്ങി.

Signature-ad

 

Back to top button
error: