ശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി അഞ്ച് വർഷം ദുരിതം അനുഭവിച്ച കോഴിക്കോട് സ്വദേശിനി ഹർഷിന നിയമപോരാട്ടത്തിന്. സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം വൈകിപ്പിക്കുന്നതായി ആരോപണം. റിപ്പോർട്ടിൽ വ്യക്തത വരുത്താൻ എന്ന പേരിൽ ആരോഗ്യമന്ത്രി പുതിയ അന്വേഷണം പ്രഖ്യാപിച്ചിട്ട് ഒരു മാസമായിട്ടും നടപടിയൊന്നുമുണ്ടായില്ല.
അഞ്ച് വർഷം വയറ്റിൽ ചുമന്ന കത്രിക പുറത്തെടുത്തെങ്കിലും ഹർഷിനയുടെ ദുരിതം ഇനിയും അവസാനിച്ചിട്ടില്ല. അന്വേഷണം പൂർത്തിയാക്കാതെ നടപടി വൈകിപ്പിക്കുകയാണ് ആരോഗ്യവകുപ്പ്. ആദ്യ അന്വേഷണ റിപ്പോർട്ട് പുറത്ത് വിടാത്തതിനെ തുടർന്ന് ഹർഷിന പരസ്യമായി പ്രതിഷേധിച്ചതോടെയാണ് വ്യക്തത വരുത്താനെന്ന് പറഞ്ഞ് ആരോഗ്യ മന്ത്രി പുതിയ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാൽ കത്രിക പുറത്തെടുത്തിട്ട് നാല് മാസമായിട്ടും യാതൊരു നടപടിയുമില്ല.
ആരോഗ്യ വകുപ്പിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് ഹർഷിന പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിലെ വീഴ്ച മറച്ചു വെക്കാനാണോ ആരോഗ്യ വകുപ്പിന്റെ ശ്രമമെന്ന് സംശയമുണ്ട്. നിയമ പോരാട്ടമല്ലാതെ മറ്റ് വഴികൾ മുന്നിൽ ഇല്ല.
2017ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് നടത്തിയ പ്രസവ ശസ്ത്രക്രിയക്കിടെയാണ് പന്തീരങ്കാവ് സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. കഴിഞ്ഞ സെപ്റ്റംബർ 17ന് ഇതേ മെഡിക്കൽ കോളേജിൽ വെച്ച് കത്രിക പുറത്തെടുത്തു.
ഈ വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. കത്രിക കണ്ടെത്താന്‍ കഴിയാത്തത് ആരോഗ്യ സംവിധാനത്തിന്റെ പിഴവാണെന്നും വീഴ്ച വരുത്തിയ ഡോക്ടര്‍മാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും നിർദ്ദേശിച്ചെങ്കിലും നടപടികളൊന്നുമായില്ല. ഒടുവിലാണ് ഹർഷിന നിയമ പോരാട്ടത്തിനിറങ്ങാൻ തീരുമാനിച്ചത്.