Lead NewsNEWS

പണി പൂർത്തിയാക്കാത്ത കെട്ടിടത്തിലേക്ക് മാറാൻ സമ്മർദ്ദം: ഹൗസ്‌ സര്‍ജന്മാര്‍ സമരത്തില്‍

പാലക്കാട് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ ഹൗസ് സർജൻമാരുടെ സമരം ആരംഭിച്ചു. ഹോസ്റ്റലിൽ നിന്നും പണി പൂർത്തിയാകാത്ത കെട്ടിടത്തിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് സർജൻമാർ സമരത്തിൽ ഏർപ്പെട്ടത്. ഹൗസ് സര്‍ജന്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം നടക്കുന്നത്. പുതുതായി പ്രവേശിച്ച വിദ്യാർഥികളെ താമസിപ്പിക്കുന്നതിന് വേണ്ടിയിട്ടാണ് ഹോസ്റ്റൽ ഒഴിയണമെന്ന് ഹൗസ് സർജൻമാരോട് ആവശ്യപ്പെട്ടതെന്ന് അധികൃതർ പറയുന്നു. ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് ഉള്ളതാണെന്നും ഹോസ്റ്റലിൽ താമസിക്കുന്ന ഹൗസ് സർജന്മാർക്ക് കോട്ടേഴ്സ് ഇല്ലാത്തതിനാൽ മറ്റൊരു കെട്ടിടത്തിലേക്ക് താല്‍ക്കാലികമായി മാറാൻ നിർദ്ദേശിച്ചതാണെന്നുമാണ് പാലക്കാട് ഗവ.മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പറയുന്നത്.

75 പെൺകുട്ടികൾ അടങ്ങുന്ന സംഘത്തോടാണ് പുതിയ അക്കാദമിക് ബ്ലോക്ക് കെട്ടിടത്തിലേക്ക് മാറണമെന്ന് കോളേജ് അധികൃതർ ആവശ്യപ്പെട്ടത്. എന്നാൽ ആവശ്യമായ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ലാത്ത കെട്ടിടത്തിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹൗസ് സർജൻമാർ സമരത്തിലേക്ക് തിരിഞ്ഞത്. 75 പെൺകുട്ടികൾ മാറണമെന്നാവശ്യപ്പെട്ട പുതിയ കെട്ടിടത്തിൽ ആകെ 8 പൊതു ശൗചാലയങ്ങൾ മാത്രമാണുള്ളത്. ഹൗസ് സർജൻ ക്വാർട്ടേഴ്സിന് വേണ്ട യാതൊരുവിധ സംവിധാനങ്ങളും, സൗകര്യങ്ങളും ഈ കെട്ടിടത്തിനില്ല. ഗ്രില്ലില്ലാത്ത ജനാലകളിലൂടെ ആർക്കുവേണമെങ്കിലും വേഗത്തിൽ അകത്തു കയറാവുന്ന സ്ഥിതിവിശേഷമാണ്. ഒരാൾക്ക് നിന്ന് കുളിക്കാനുള്ള സൗകര്യം പോലുമില്ലാത്ത ശൗചാലയമാണ് ഈ കെട്ടിടത്തിലേത്. കെട്ടിടത്തിലേക്ക് പോകുന്ന വഴിയിൽ നിറഞ്ഞുനിൽക്കുന്ന കുറ്റിക്കാടുകളും, ബിൽഡിങിനോട് ചേർന്ന് തെരുവുവിളക്കുകൾ ഇല്ലാത്തതും ആരെയും ഭയപ്പെടുത്തും. ഇത്തരമൊരു സ്ഥലത്തേക്കാണ് പെണ്‍കുട്ടികളോട് മാറണമെന്ന് അധികൃതർ ആവശ്യപ്പെട്ടത്.

ഫെബ്രുവരി അഞ്ചാം തീയതിയാണ് ഹൗസ് സർജൻമാര്‍ ഹോസ്റ്റലിൽ നിന്നും മാറണം എന്നുള്ള അറിയിപ്പ് നൽകിയത്. നിർദേശം ലഭിച്ചപ്പോൾ തന്നെ അധികൃതരുമായി ഹൗസ് സര്‍ജന്മാര്‍ ചർച്ച നടത്തിയിരുന്നുവെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിരുന്നില്ല. ഇതേ തുടർന്നാണ് തങ്ങൾ സമരത്തിനിറങ്ങിയത് സമര ഭാരവാഹികള്‍ വ്യക്തമാക്കി.ഇപ്പോള്‍ സബ്കലക്ടറും സ്ഥലം എംഎല്‍എയും ഇടപെട്ട് ഹൗസ് സര്‍ജന്‍മാരെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.

Back to top button
error: