പി.സി. ജോർജിനെ യു.ഡി.എഫിൽ എടുക്കുന്നതിനെതിരെ കോൺഗ്രസിലും മുന്നണിയിലും വ്യാപക എതിർപ്പ് . യൂത്ത് കോൺഗ്രസും യൂത്ത് ലീഗും പ്രതിഷേധം നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. മുന്നണിയുടെ വിശ്വാസ്യത കൂടുതൽ ഇല്ലാതാക്കുന്നതാകും ജോർജുമായുള്ള ബന്ധം എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ജോർജിനെ ഒരിക്കലും വിശ്വസിക്കാനാവില്ലെന്നും ഇവർ പറയുന്നു
പൂഞ്ഞാറിലെ കോൺഗ്രസ്, ലീഗ് പ്രാദേശിക നേതൃത്വങ്ങൾ. വിഷയം ചർച്ച ചെയ്യാൻ മുസ്ലിം ലീഗ് സംസ്ഥാന നേതാക്കൾ ഞായറാഴ്ച കോട്ടയത്ത് എത്തും. പി.സി. ജോർജിനെ യു.ഡി.എഫിൽ എടുത്താൽ ഈരാറ്റുപേട്ടയിലെ കോണ്‍ഗ്രസിെൻറ മുഴുവന്‍ ബ്ലോക്ക്, മണ്ഡലം ഭാരവാഹികളും സ്ഥാനം രാജിവെക്കുമെന്ന് കോൺഗ്രസ് പൂഞ്ഞാർ ബ്ലോക്ക് വൈസ് പ്രസിഡൻറ് നിസാർ കുർബാനി പറഞ്ഞു.
”ജോര്‍ജിനെ എടുത്താല്‍ പൂഞ്ഞാർ മാത്രമല്ല, കാഞ്ഞിരപ്പള്ളി, പാലാ ഉള്‍പ്പെടെ മണ്ഡലങ്ങളും നഷ്ടപ്പെടും. എതിര്‍പ്പ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല” -കുര്‍ബാനി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് താല്പര്യമെന്ന് ജോര്‍ജ് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് നേതാക്കള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നേരത്തേയും പൂഞ്ഞാറിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികൾ ജോര്‍ജ് വരുന്നതിനെ എതിർത്തിരുന്നു.