ഇസ്ലാമോഫോബിയ ചര്‍ച്ച വീണ്ടും; സിപിഎമ്മിന് തലവേദനയായി എ.കെ.ബാലന്റെ ഡയലോഗ്; ഏറ്റുപിടിച്ച് യുഡിഎഫ്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ഇസ്ലാമോഫഫോബിയ ചര്‍ച്ച സജീവമാകുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സിപിഎമ്മിന് എ.കെ.ബാലന്റെ പ്രസ്താവന തലവേദനയുമാകുന്നു. വീണുകിട്ടിയ അവസരം ആയുധമാക്കി യുഡിഎഫും സജീവം.
ജമാ അത്തെ ഇസ്ലാമിക്കെതിരെയുള്ള ബാലന്റെ പ്രസ്താവനയാണ് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുന്നത്.

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരം ജമാഅത്തെ ഇസ്ലാമി ഭരിക്കുമെന്ന എ.കെ.ബാലന്റെ പ്രസ്താവന എല്‍ഡിഎഫിനുള്ളിലും അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്.
ബാലന്റെ പ്രസ്താവന അനവസരത്തിലായെന്നും തെരഞ്ഞെടുപ്പ് വിളിപ്പാടകലെ നില്‍ക്കുമ്പോള്‍ ഇത് ഒഴിവാക്കാമായിരുന്നുവെന്നും പൊതുവെ ഇടതുപക്ഷത്തിനുള്ളില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
സംഭവം ഗൗരവത്തില്‍ തന്നെ യുഡിഎഫ് ഏറ്റുപിടിക്കുമെന്നും വര്‍ഗീയതയാണ് സിപിഎം പ്രചരിപ്പിക്കുന്നതെന്ന ആരോപണം ശക്തമാകുമെന്നും ഇടതുപക്ഷം ആശങ്കപ്പെടുന്നുണ്ട്.
ബാലന്റേത് വര്‍ഗീയ പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞുകഴിഞ്ഞു. സിപിഐ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും കൂടി ആവശ്യപ്പെട്ട് സതീശന്‍ എല്‍ഡിഎഫിനെ വെട്ടിലാക്കിയിരിക്കുകയാണ്.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ എകെ ബാലന്റെ ജമാഅത്തെ ഇസ്ലാമിക്കെതിരെയുള്ള പ്രസ്താവനയെ സിപിഎം അനുകൂലിക്കുന്നുണ്ടോ എന്നും സതീശന്‍ ചോദിച്ചിട്ടുണ്ട്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ആഭ്യന്തരം ജമാഅത്തെ ഇസ്ലാമി ഭരിക്കും എന്ന പ്രസ്താവന അപകടകരമാണെന്നും ബാലന്റേത് വര്‍ഗീയ പ്രസ്താവനയാണെന്നും സതീശന്‍ പറഞ്ഞു.
അതിനിടെ എ.കെ.ബാലന്റെ വിവാദ പ്രസ്താവനക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള ഘടകം അറിയിച്ചതോടൈ സിപിഎം ശരിക്കും ആപ്പിലായ അവസ്ഥയിലാണ്. യുഡിഎഫ് വീണ്ടും കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ജമാഅത്തെ ഇസ്ലാമിയായിരിക്കും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുകയെന്ന ബാലന്റെ പ്രസ്താവനക്കെതിരെയാണ് നിയമ നടപടിക്ക് ഒരുങ്ങുന്നത്.
ബാലന്റെ ഈ പ്രസ്താവന വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണെന്ന് ജമാഅത്തെ ഇസ്ലാമി അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി സിപിഎം നടത്തുന്ന വര്‍ഗീയ അജണ്ടയുടെ ഭാഗമാണിതെന്നും ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം വലിയ രീതിയില്‍ പ്രചരിപ്പിച്ച ‘അമീര്‍-ഹസന്‍-കുഞ്ഞാലിക്കുട്ടി’ സഖ്യം എന്ന വര്‍ഗീയ തിയറിയുടെ തുടര്‍ച്ചയാണിതെന്നും ജമാഅത്തെ ഇസ്ലാമി വിമര്‍ശിച്ചു.
ഭൂരിപക്ഷ സമുദായത്തിനിടയില്‍ ഇസ്ലാം ഭീതിയും ഇസ്ലാമോഫോബിയയും മുസ്ലിം വെറിയും സൃഷ്ടിച്ച് വോട്ട് തട്ടാനുള്ള അപകടകരമായ തന്ത്രമാണ് സിപിഎം പരീക്ഷിക്കുന്നതെന്നാണ് ജമാ അത്തെ ഇസ്ലാമി വിമര്‍ശിക്കുന്നത്.
സിപിഎമ്മിനെതിരെ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അലയടിക്കാന്‍ പോകുന്ന യുഡിഎഫിന്റെ തുറുപ്പുഗുലാനായി ബാലന്റെ വാക്കുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്.
ബാലന്റെ പ്രസ്താവന വളരെ കൃത്യമായി തന്നെ സിപിഎമ്മിനെതിരെയുള്ള ഗോളാക്കിമാറ്റാന്‍ യുഡിഎഫിന് സാധിക്കുകയും ചെയ്തു.
രാഷ്ട്രീയമായ വിയോജിപ്പുകള്‍ക്ക് പകരം വംശീയമായ അധിക്ഷേപങ്ങളാണ് ഭരണകക്ഷിയില്‍ നിന്നുണ്ടാകുന്നതെന്നും ജമാഅത്തെ ഇസ്ലാമി കുറ്റപ്പെടുത്തുമ്പോള്‍ സര്‍ക്കാരും പ്രതിക്കൂട്ടിലായിരിക്കുകയാണ്. സമൂഹത്തില്‍ മതപരമായ ഭിന്നിപ്പുണ്ടാക്കി അധികാരം നിലനിര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും ഇതിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും ജമാഅത്തെ ഇസ്ലാമി നേതൃത്വം അറിയിച്ചു. സമാധാനാന്തരീക്ഷം തകര്‍ക്കുന്ന ഇത്തരം പ്രസ്താവനകള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബാലന്റെ പ്രസ്താവനയെ തള്ളാനും കൊള്ളാനും കഴിയാതെ പെട്ടുകിടക്കുകയാണ് സിപിഎം. തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെയൊരു അപകടം സിപിഎമ്മിന് അപ്രതീക്ഷിതമായിരുന്നു. എങ്ങിനെയൊക്കെ ന്യായീകരിക്കാനും നിഷേധിക്കാനും തള്ളാനും കൊള്ളാനും ശ്രമിച്ചാലും അത് ബൂമറാങ് പോലെ തിരിച്ചടിക്കുമെന്നതിനാല്‍ കരുതലോടെ മാത്രം മതി ഇതുമായി ബന്ധപ്പെട്ട തുടര്‍പരാമര്‍ശങ്ങളെന്നാണ് സിപിഎം എല്ലാവരോടും നിര്‍ദ്ദേശിച്ചിരിക്കുന്നത്.






